‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’

630

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീകളെ അടിമകളാക്കുന്ന ചരിത്രത്തിന്റെ തുടർച്ച. എട്ടു വർഷത്തോളം ഇന്ത്യയുടെ വിവിധഭാഗങ്ങളിലൂടെ സഞ്ചരിച്ച് ദേവദാസികളെയും ലൈംഗികതൊഴിലാളികളെയും നേരിട്ടുകണ്ട് തയ്യാറാക്കിയ പുസ്‌തകമാണ്‌ അരുൺ എഴുത്തച്ഛൻ എഴുതിയ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ.

ഐതിഹ്യങ്ങളാലും പുരാണങ്ങളാലും അതിസമ്പന്നമായ ഒരു രാജ്യത്ത് ഒരു സമ്പ്രദായം നിലനിന്നു കാണണമെന്ന് സമൂഹത്തിലെ മുന്നാക്കക്കാരും പിന്നാക്കക്കാരും സർക്കാരും ഒരുപോലെ ആഗ്രഹിക്കുമ്പോൾ അവിടെ പിന്നെ നിരോധനങ്ങൾക്കും നിയമത്തിനുമുള്ള പ്രസക്തിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണീ പുസ്തകം.

പുറംലോകം കാണാൻ പറ്റില്ല എന്നതൊക്കെ കൃത്യമായി ഭക്ഷണം കഴിച്ചു ജീവിക്കുന്നവരുടെ മാത്രം പ്രശ്നമാണ്. വിശപ്പ്‌ അറിഞ്ഞവന് വിശപ്പ്‌ മാറ്റാനുള്ള വഴികൾ തന്നെയാണ് മുഖ്യം…”

ഒരു നേരത്തെ ആഹാരത്തിനുവേണ്ടി സ്വന്തം ശരീരം മറ്റുള്ളവർക്ക്മുന്നിൽ വിളമ്പുന്നവർ, വിശ്വാസങ്ങളാലും ആചാരങ്ങളാലും ഹോമിക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങൾ.

ദാരിദ്രവും അതിസമ്പന്നമായ വിശ്വാസവുംകൂടി ചേരുമ്പോൾ പെൺകുട്ടികളെ ദൈവങ്ങൾക്ക് സമർപ്പിക്കുന്നു, പിന്നീട് അമ്പലത്തിന്റെ സ്വത്ത്‌ ആണെന്ന് പ്രഖ്യാപിക്കുന്നു, പകൽ ദൈവത്തിന്റെ ദാസിമാരാണെന്ന് വിളിക്കപ്പെടുന്നവർ രാത്രി പ്രമാണിമാരുടെ ദാസിമാരാകുന്നു, പ്രമാണിക്ക് പുതിയ ദേവദാസിയെ കിട്ടുമ്പോൾ പഴയ ആൾ പുറത്താകുന്നു, ക്രമേണ അവർ സാദാ ലൈംഗികതൊഴിലാളികളുടെ നിലവാരത്തിലേക്കെത്തുന്നു. യഥാർത്ഥത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ഒരുതരം വ്യഭിചാരം തന്നെയാണ് ദേവദാസി സമ്പ്രദായം.

ഗംഗു ഭായ് കത്തിയവാഡി എന്ന സിനിമയിൽ “കുമാരിയായിരിക്കാൻ ആരും സമ്മതിച്ചില്ല, ആരും ശ്രീമതി ആക്കിയതുമില്ല..”എന്ന് അലിയാ ഭട്ടിന്റെ കഥാപാത്രം പറഞ്ഞത് തന്നെയാണ് വാസ്തവം. സമൂഹം തന്നെയാണ് കപട സദാചാരത്തിന്റെ മുഖംമൂടിയണിഞ്ഞു ക്കൊണ്ട് ഈ സ്ത്രീ ജീവിതങ്ങളെ ഒന്നുമല്ലാതാക്കിത്തീർത്തത്.

കർണ്ണാടകയിലെ ദാവൻഗരയും, ആന്ധ്രയിലെ രാജ്മുന്ദ്രിയും, പുരിയും, ബംഗാളിലെ സോനാഗച്ചിയും, കാളിഘട്ടും, യു. പി യിലെ വൃന്ദാവനും, ബോംബെയിലെ കാമാത്തിപുരയുമെല്ലാം എണ്ണിയാലൊടുങ്ങാത്ത, അധികമൊന്നും അറിയപ്പെടാത്ത, അറിഞ്ഞാലും കണ്ടില്ലെന്നു നടിക്കുന്ന ഒരുപാട് സ്ത്രീ ജീവിതങ്ങളുടെ ചരിത്രം പേറുന്നുണ്ട്.

സോനാഗച്ചിയും കാമാത്തിപുരയുമെല്ലാം ഒരു ദിവസംകൊണ്ട് നിരോധിക്കാം. വഴികൾ കൊട്ടിയടച്ചാലും ഇടങ്ങൾ ഇല്ലാതാകുന്നില്ല. നിയമമല്ല, അന്നമാണ് ആവശ്യം.വിശപ്പിന്റെ പേരിൽ വിപ്ലവം മറക്കുന്നവരും അച്ഛനമ്മമാരാൽ വിൽക്കപ്പെടുന്നവരും അപ്പോഴും ഏതെങ്കിലും റോഡരികിൽ ശരീരം വിൽക്കേണ്ടി വരും. അവരെകണ്ടില്ലെന്നു നടിച്ച് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന് നമുക്ക് വീണ്ടും വീണ്ടും പ്രതിജ്ഞ ചൊല്ലാം.