രാവിലെ ഓഫീസിലേക്കുള്ള നടത്തത്തിനിടയിലാണ് അയാളെ കണ്ടത്. ഓഫീസിന്റെ അടുത്തുള്ള ഒന്നു രണ്ടു കടകളിൽ കയറിയിറങ്ങുന്നുണ്ട്. നിരാശനായിട്ടാണ് പിന്നീടവിടെ നിന്നുള്ള അയാളുടെ മടക്കം. എന്നെ കണ്ടപാടെ അയാൾ ചോദിച്ചു ഇവിടെ ചാർജറുണ്ടോ..?
“ഒരു അഞ്ചുമിനുറ്റ് ചാർജ് ചെയ്യാനാ. നാട്ടിലേക്ക്(പാകിസ്ഥാനിലേക്) എന്റെ ഭാര്യയുടെ പേരിൽ അല്പം പണം അയച്ചിട്ടുണ്ട്. അതിന്റെ പിൻ നമ്പർ അവൾക്ക് കിട്ടിയാലെ പണം അവിടുന്ന് പിൻവലിക്കാൻ കഴിയൂ..”
പണമിടപാട് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാൾ എന്ന നിലയ്ക്ക് അയാൾ പറയാതെ തന്നെ അതിന്റെ ഗൗരവം എത്രമാത്രമാണ് എനിക്കറിയാമായിന്നു. ഉടനെ അവിടെ ഉള്ള ഒരു ചാർജർ അദ്ദേഹത്തിന് എടുത്തു കൊടുത്തു.
തന്റെ കീശയിൽ നിന്നും അയാൾ ഫോണ് എടുത്തു. പൊട്ടിപൊളിഞ്ഞ ഒരു ഫോണ്..
ഞാൻ തമാശ രൂപേണ അദ്ദേഹത്തോട് അവരുടെ ഭാഷയിൽ പറഞ്ഞു.
‘ഭായ്.. ഒരു ഫോണൊക്കെ എടുക്കണ്ടേ…നമുക്ക്..”
അതു കേട്ട് ഒരു ചെറുപുഞ്ചിരിയിൽ…
എന്നോട് മറുപടി പറഞ്ഞു…
“ഭായ്… ഏഴു വർഷമായി ഞാനൊന്ന് നാട്ടിലേക്ക് പോയിട്ട്.
എനിക്കൊരു മകളുണ്ട്.ഇതുവരെ ഞാനവളെ നേരിൽ കണ്ടിട്ടില്ല…
തുച്ഛമായ ശമ്പളമാണ് എനിക്ക്.. .
എല്ലാ മാസവും നാട്ടിലേക്കു പണം അയക്കും…
ഇപ്പോൾ ഞാനവർക്ക് എല്ലാ മാസവും പണമയക്കുന്ന ഒരു യന്ത്രമാണ്…
എനിക് സുഖമാണോ…?കഴിച്ചോ..? എന്നൊന്നും ചോദിക്കാറെയില്ല…അവർ
ആകെ അവർക്ക് വേണ്ടത് പണം..
അത് മാത്രം..
ഒരിക്കൽ ജീവനവസാനിപ്പിക്കാൻ വരെ തുനിഞ്ഞു…
പക്ഷെ മുകളിൽ ഉള്ളവനോടുള്ള എന്നിലെ വിശ്വാസവും, ഭയവും എന്നെ അതിൽ നിന്നും പിന്തിരിയിപ്പിച്ചു.”
കൺ തടങ്ങളിൽ കെട്ടിക്കിടന്ന കണ്ണുനീർ അദ്ദേഹം തുടച്ചു നീക്കി ഇരിപ്പിടത്തിൽ നിന്നു എണീറ്റു.
“എല്ലാം ശരിയാകും.. ഭായ് “
എന്ന് പറഞ്ഞു ഞാനദ്ധേഹത്തെ ആശ്വസിപ്പിച്ചു..
ഒരു ചായ കുടിക്കാനായി ഞാനയാളെ ക്ഷണിച്ചു..
“വേണ്ട ഭായ്”എന്ന് അദ്ദേഹം മറുപടി പറഞ്ഞു. സലാം പറഞ്ഞു കൊണ്ട് അയാൾ നടക്കാൻ തുടങ്ങി…