പൊള്ളുന്ന ബാല്യങ്ങൾ

359
0

മോനേ… നീ എന്താടാ മുഖം താഴ്ത്തി ഇരിക്കുന്നേ.. വൃദ്ധയായ ആ ഉമ്മയുടെ ചോദ്യം അവൻ ശ്രദ്ധിച്ചില്ല. വീണ്ടും ആ ഉമ്മ വിളിക്കാൻ തുടങ്ങി മോനേ… അവൻ ചെറുതായി തല ഉയര്‍ത്തിയൊന്ന് നോക്കി. പുഞ്ചിരി നിറഞ്ഞ അവരുടെ മുഖം ഒരു നിമിഷം അവന്റെ മനസ്സിലേക്ക് ഒട്ടേറെ ചിന്തകള്‍ക്ക് തിരികൊളുത്തി. കണ്ണുകള്‍ നിറഞ്ഞു…

ഇത് സൈദ്,സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യേണ്ടി വന്നവൻ!. അപ്രതീക്ഷിതമായി മാറി മറിഞ്ഞ അവന്റെ ജീവിതം.അവന്ന് നഷ്ടപെട്ടത് വിലമതിക്കാനാവാത്ത രത്നങ്ങൾ. ഉപ്പയും ഉമ്മയും കൊച്ചനിയത്തിയും. സൈദിന്റെ വീട്ടിലെ ‘ആ’ ദിനം. സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞ ദിനം. പ്രഭാത ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആ കുടുംബം.

കൊച്ചനിയത്തി ‘നൂറ’ : ഉമ്മാ… ഇന്ന് ഉപ്പ വരുമോ?
ഉമ്മ : ഇല്ല മോളെ ഉപ്പാക്ക് കുറെ ജോലികളുണ്ട്.
നൂറ : ഉപ്പ വരുമ്പോൾ എനിക്ക് പുതിയ കളിപ്പാട്ടങ്ങളും, ഉടുപ്പും കൊണ്ട് വരാൻ പറയണം.(സൈദിന്റെ ഉപ്പ മിലിറ്ററിയിലാണ് ജോലി ചെയ്യുന്നത്. ആറു മാസത്തിൽ രണ്ടു തവണ മാത്രമേ വീട്ടിലേക്ക് വരാറുളൂ).

പെട്ടെന്നാണ് വീടിന് തൊട്ടടുത്ത് ഉഗ്ര സ്ഫോടനത്തോടെ എന്തോ വന്നു വീഴുന്നത്. ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടാൻ തുടങ്ങി എങ്ങും പരിഭ്രാന്തി. വീണ ഭാഗത്തു നിന്ന് ആകാശത്തേക്ക് കറുത്ത പുക ഉയർന്നു. എങ്ങും അപായ സൂചന മുഴങ്ങി. ഭക്ഷണം കഴിക്കുന്ന അവർ പെട്ടെന്ന് പുറത്തേക്കിറങ്ങി. അയൽവാസിയായ ഹസീനാത്ത പറഞ്ഞു : അവിടെ വീണത് മിസൈലുകളാണ്!.

എല്ലാവരും പെട്ടെന്ന് ബങ്കറുകളിലേക്ക് നീങ്ങണമെന്ന് പട്ടാളക്കാർ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. കൊച്ചനുജത്തിയെ തോളിൽ കയറ്റി വീട്ടിൽ നിന്ന് ആവശ്യമുള്ള വസ്തുക്കൾ സഞ്ചിയിലാക്കി സൈദും സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങി. ഉമ്മയെയും പ്രായമായ സ്ത്രീകളെയും പട്ടാളക്കാർ വാഹനത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരുന്നു. ബങ്കറിലെ കാഴ്ച തീർത്തും കരളലിയിക്കുന്നതായിരുന്നു. കരയുന്ന കുട്ടികൾ. ബന്ധുക്കളെ തിരയുന്ന ആളുകൾ.സൈദ് ഉമ്മയെ തിരഞ്ഞു കൊണ്ടിരുന്നു. പക്ഷെ ഉമ്മയെ കാണാൻ സാധിച്ചില്ല. പെട്ടന്ന് ആരോ പുറകിൽ നിന്നും വിളിച്ചു.

‘ഡാ മോനെ സൈദ്’ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഉമ്മയുടെ അനിയത്തിയായ ആമിനാത്ത.
സൈദ്: ആ നിങ്ങളായിരുന്നോ?
ആമിനാത്ത: നീ ആരെയാടാ തിരയുന്നത്? ഉമ്മയെയാണോ?
സൈദ് : അതെ ഉമ്മയെത്തന്നെ.
ആമിനാത്ത : മോനെ നിന്റെ ഉമ്മ മിലിറ്ററി ഹോസ്പിറ്റലിൽ ഉണ്ട്. നീ ഒന്ന് വേഗം പോയി നോക്ക് അനിയത്തിയെ ഞാൻ നോക്കിക്കോളാം..

സൈദ് ഉമ്മയെ കാണാൻ ഹോസ്പിറ്റലിലേക്ക് ധൃതിയിൽ നടന്നു. ഹോസ്പിറ്റലിൽ ധാരാളം ആളുകളുണ്ടായിരുന്നു. ആർത്തു വിളിച്ചു കരയുന്ന സ്ത്രീകൾ, മുറിവ് പറ്റിയ നിരവധി ആളുകൾ. സൈദ് ഉമ്മയുടെ പേര് കൗണ്ടറിൽ തിരക്കി. എട്ടാമത്തെ റൂമിലായിരുന്നു ഉമ്മ. അവൻ എത്തിയപ്പോൾ ഉമ്മ ഉറക്കത്തിലാണ്. ദേഹമാകെ വെച്ച് കെട്ടിയിട്ടുണ്ട്. ഡോക്ടർ തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു.

ഡോക്ടർ.. ഉമ്മാക്ക് എങ്ങനെയുണ്ട്? സൈദിന്റെ ചോദ്യം കേട്ട് ഡോക്ടർ പറഞ്ഞു : മോനെ ഉമ്മാക്ക് നന്നായി പരിക്ക് പറ്റിയിട്ടുണ്ട് കുറച്ചധികം ദിവസം ഹോസ്പിറ്റലിൽ നിക്കേണ്ടി വരും. സൈദിന്റെ മുഖം കണ്ണീരിനാൽ മുങ്ങി. ഡോക്ടർ അവനെ ആശ്വസിപ്പിച്ചു.മോനെ പേടിക്കാൻ ഒന്നുമില്ല.

രണ്ട് മൂന്ന് ദിവസം ഇവിടെ അഡ്മിറ്റ് ചെയ്യേണ്ടി വരും. നീ വീട്ടിലൊക്കെ പോയിപോര്. അവൻ ആവശ്യമുള്ള സാധനങ്ങൾ വാങ്ങി ബങ്കറിലേക്ക് തിരിച്ചു. അവിടെ നിന്നും ഉമ്മയുടെ അനിയത്തിയുടെ കൂടെ അവരുടെ വീട്ടിലേക്ക് പോയി. അവരുടെ അടുത്തുള്ള വീടുകളിൽ മിസൈലുകൾ ഒന്നും പതിച്ചിരുന്നില്ല.

നൂറ : ഇക്കാക്ക നമ്മൾ എവിടേക്കാ പോകുന്നെ?
സൈദ് : ആമിനാത്തയുടെ വീട്ടിലേക്ക്.
നൂറ : എനിക്ക് ഉമ്മാന്റെ അടുത്തേക്ക് പോണം..
‘ഉമ്മ വേറെ വീട്ടിലാണ് മോളെ കുറച്ചു കഴിഞ്ഞാൽ വരും’ (സൈദ് പറഞ്ഞു)
നൂറ : ഉമ്മ വേഗം വരുമോ?
സൈദ് : മ്മ്…
അവർ ആമിനാത്തയുടെ വീട്ടിലെത്തി. ആമിനാത്ത അവർക്ക് കിടക്കാനുള്ള ഒരു മുറി കൊടുത്തു. കൊച്ചനിയത്തി നൂറക്ക് ആ വീട് ഇഷ്ടപ്പെട്ടില്ല.

നൂറ : ഇക്കാക്ക.. നമുക്ക് ഉമ്മാന്റെ അടുത്തോട്ടു പോകാം.
സൈദ് : നൂറാ.., ഉമ്മ കുറച്ചു കഴിഞ്ഞാൽ ഇങ്ങോട്ട് വന്നോളും. നമ്മളിനി പുറത്ത് ഇറങ്ങിയാൽ പട്ടാളക്കാർ നമ്മളെ പിടിക്കും. എന്തൊക്കയോ പറഞ്ഞ് സൈദ് നൂറയെ സമാധാനിപ്പിച്ചു..
ആമിനാത്ത : സൈദേ ഭക്ഷണം കഴിക്കുന്നില്ലേ?
സൈദ് : ആ ഇതാ ഇപ്പോൾ വരാം.
നൂറയും സൈദും കൂടി തീൻമേശയിൽ ഇരുന്നു.
നൂറ : എനിക്ക് ഈ ഭക്ഷണം വേണ്ട.എനിക്ക് പത്തിരി വേണം.
അവൾ വാശി പിടിക്കാൻ തുടങ്ങി.
കുഞ്ഞുമ്മ(ആമിനാത്ത) : ഇതേ ഇവിടെയുള്ളൂ ഇത് നിന്റെ വീടല്ല. കിട്ടുന്നത് കഴിക്ക്. (അവർ ദേഷ്യത്തോടെ സംസാരിച്ചു). നൂറ കരയാൻ തുടങ്ങി. സൈദ് നൂറയെ ആശ്വസിപ്പിച്ചു പറഞ്ഞു. നൂറു.. നമ്മക്ക് നാളെ പത്തിരി കഴിക്കാം. ഇതല്ലേ ഇവിടെയുള്ളൂ ഇത് കഴിക്കാം..ഇതാ നിന്റെ ഇഷ്ടപെട്ട മിട്ടായി…സൈദ് തന്റെ അടുത്തുള്ള കുറച്ചു മിട്ടായികൾ അവൾക്ക് നൽകി അവളെ സമാധാനിപ്പിച്ചു. ഭക്ഷണം കഴിച്ച ശേഷം സൈദ് നൂറയെ ഉറക്കി.
കുഞ്ഞുമ്മ : സൈദേ… ഉമ്മാക്ക് എങ്ങനെ ഉണ്ട്?. സൈദിന്റെ മുഖം ദുഃഖത്താൽ മുങ്ങി.

സൈദ് : ഉമ്മ…. ഉമ്മാക്ക് തീരെ വയ്യ. ശരീരത്തിൽ ധാരാളം മുറിവുകൾ ഉണ്ട് ഞാൻ ചെന്നപ്പോൾ ഉമ്മ ഉറക്കമായിരുന്നു. ഡോക്ടർ പറഞ്ഞത് കുറച്ചധികം ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വരുമെന്നാണ്..! ഇനി എനിക്ക് അധികനാൾ ഉമ്മാനെ കാണാൻ കഴിയുമെന്ന് തോന്നുന്നില്ല.. സൈദിന്റെ കണ്ണിൽ നിന്നും കണ്ണുനീർ നിലത്തേക്ക് ഉതിർന്നു വീണു..പിന്നെ… അത്… കരച്ചിലിലേക്ക് നീങ്ങി.കുഞ്ഞുമ്മ അവനെ സമാധാനിപ്പിച്ചു. നിലാവുള്ള രാത്രിയാണെങ്കിലും അന്തരീക്ഷം പുകപടലത്താൽ കറുത്തുരുണ്ടീട്ടുണ്ട്. ചീവീടുകൾ നിശബ്ദതയിലേക്ക് നീങ്ങി. മരങ്ങൾ പച്ചയെ വിട്ട് കറുപ്പിനാൽ പൊതിഞ്ഞു.

കുറെ സമയം വെറുതെ വീടിന്റെ മേൽക്കൂരയിൽ നോക്കി നിന്ന സൈദ്. രാത്രിയുടെ ഏതോ തട്ടിൽ ഉറക്കത്തിലേക്ക് നീങ്ങി. കുഞ്ഞുമ്മയുടെ വിളി കേട്ടിട്ടാണ് അടുത്ത ദിനം സൈദ് ഉണർന്നത്. കുഞ്ഞുനൂറ ഇപ്പോഴും ഉറക്കിലാണ്. നൂറയെ ഉണർത്താതെ അവൻ പുറത്തിറങ്ങി. രണ്ട് മൂന്ന് പട്ടാളക്കാർ അവനെ അന്വേഷിച്ച് വന്നതാണ്. അവർ അവനെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി. ധാരാളം ആളുകൾ അവിടെ ഒത്തു കൂടിയിരുന്നു. ഹോസ്‌പിറ്റലിൽ നിറയെ മൃതശരീരങ്ങൾ ഉണ്ട്. പട്ടാളക്കാർ അവനെ ഒരു പൊതിഞ്ഞ മൃതദേഹത്തിനടുത്ത് എത്തിച്ചു. സൈദ് ആ രംഗം കണ്ട് താഴേക്ക് വീണു. എന്ത് പറയണം എന്ന് പറയാൻ പറ്റാത്ത അവസ്ഥ. വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയതുപോലെ ഒന്നും പുറത്തേക്ക് വരുന്നില്ല. കരയാൻ പോലും മനസ്സിന് തോന്നാത്ത അവസ്ഥ!.

അവന്റെ മുന്നിൽ സ്വന്തം ഉമ്മയുടെ മയ്യിത്ത്. ഒരു ദിനം മുന്നേ അവന്റെ കൂടെയുണ്ടായിരുന്ന പൊന്നുമ്മ. ഉമ്മയുമായുള്ള ധാരാളം അനുഭവങ്ങൾ അവന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു. പെട്ടെന്ന് അവൻ ഉമ്മാന്റെ അടുത്തേക്ക് ചെന്ന് ഉമ്മാനെ വിളിക്കാൻ തുടങ്ങി..

ഉമ്മാ… ഉമ്മാ… എണീക്ക് ഉമ്മാ… ഉറങ്ങിയത് മതി. ഉമ്മാ ഇത് ഞാനാ നിങ്ങളുടെ സൈദ്. ചുറ്റും കൂടി നിന്ന ആളുകളുടെ കണ്ണ് നിറയാൻ തുടങ്ങി. സൈദ് പരിസരബോധമില്ലാതെ എന്തൊക്കയോ വിളിച്ചു പറഞ്ഞു. പിന്നെ ബോധരഹിതനായി. രണ്ടാളുകൾ അവനെ എടുത്ത് തൊട്ടടുത്തുള്ള കട്ടിലിൽ കിടത്തി. ഉമ്മയുടെ മരണം അവന് വിശ്വസിക്കാൻ സാധിച്ചില്ല. അൽപ സമയത്തിന് ശേഷം അവൻ എഴുന്നേറ്റു. കൂടെയുള്ളവർ അവനെ സമാധാനിപ്പിച്ചു. പിന്നീട് ഉമ്മയുടെ ശരീരം ഖബറടക്കി… ഉമ്മയുടെ സഞ്ചിയും ബാഗും ഒക്കെ അവൻ ഹോസ്പിറ്റലിൽ നിന്നും വാങ്ങി കുഞ്ഞുമ്മയുടെ വീട്ടിലേക്ക് നടന്നു. അവനെയും കാത്ത് നൂറ ഉമ്മറത്ത്തന്നെയുണ്ടായിരുന്നു.

നൂറ : ഇക്കാക്കാ ഉമ്മ എവിടെ?. സൈദ് എന്ത് പറയണമെന്ന് അറിയാതെ സ്തംഭിച്ച് നിന്നു. സങ്കടം അടക്കിപിടിച്ചു പറഞ്ഞു. ഉമ്മാക്ക് ചെറിയ പനിയുണ്ട്. അത് കൊണ്ട് ഹോസ്പിറ്റലിൽ കിടക്കുവാണ്.

നൂറ : ഉമ്മ ഇന്ന് വരുവോ?
സൈദ് : ഉമ്മ നാളെ വരും നൂറു…
കുഞ്ഞുമ്മ : എന്ത് പറ്റി മോനെ?
സൈദ് കുഞ്ഞുമ്മ മാത്രം കേൾക്കുന്ന രീതിയിൽ എല്ലാം പറഞ്ഞു. കുഞ്ഞുമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി. സൈദും കരഞ്ഞുപോയി.

ഇത് കണ്ട് കുഞ്ഞു നൂറ : എന്തിനാ ഇക്കാക്ക കരയുന്നെ..?
സൈദ് : നൂറു ഒന്നുമില്ല അത് കണ്ണിൽ കരട് പോയതാണ്.
നൂറ : ഇക്കാക്കാ.. നമ്മക്ക് ഈ മിട്ടായി ഉമ്മാക്ക് കൊടുക്കാം. (തന്റെ ചെറിയ ബാഗിൽ നിന്നും രണ്ട് മിഠായി പുറത്തെടുത്ത് നൂറ പറഞ്ഞു ) ഉമ്മാന്റെ പനി വേഗം മാറിക്കോളും.. നിഷ്കളങ്കയായ നൂറയുടെ ആ വാക്ക് സൈദിനെ കൂടുതൽ വിഷമത്തിലാക്കി.. ആ നൂറു നമ്മക്ക് നാളെ പോകാം. എന്ന് പറഞ്ഞു അവൻ നൂറയെ എടുത്ത് വട്ടം ചുറ്റി. നൂറ സന്തോഷം കൊണ്ട് തുള്ളിച്ചാടി. തന്റെ സങ്കടം നൂറയെ അറിയിക്കാതിരിക്കാൻ അവൻ വളരെ പ്രയാസപ്പെട്ടിരുന്നു. 2 ദിവസം എങ്ങനെയോ തള്ളി നീക്കി. ഭക്ഷണം കിട്ടാത്ത അവസ്ഥ. യുദ്ധം എല്ലാത്തിനെയും നശിപ്പിച്ചു.

അഞ്ചു ദിവസം കൂടി കഴിഞ്ഞതോടെ സൈദ് അനിയത്തിയെയും കൂട്ടി പുറത്തേക്ക് നടക്കാനിറങ്ങി. ആളുകളുടെ തിരക്ക് മാത്രമുണ്ടായിരുന്ന തെരുവിൽ ഇന്ന് എല്ലാം ശൂന്യം. വയലുകളിലെ പച്ച പരവതാനി മഞ്ഞയും കറുത്തതുമായി മാറി. പേമാരി വന്നാലും കുടിക്കാൻ സാധിക്കാത്ത വെള്ളം. എങ്ങും രാസമലിന ജലം. നടന്നു നടന്നു അവർ കടൽ തീരത്തെത്തി. അത് കണ്ടതും കുഞ്ഞു നൂറ മണലിലൂടെ ഓടാൻ തുടങ്ങി. അവൾ സന്തോഷം കൊണ്ട് തുള്ളി ചാടി. പിന്നെയും അവർ കുറച്ചു നേരം അവിടെ ചിലവഴിച്ചു.സന്ധ്യയായതോടെ സൈദ് അവളെയും കൂട്ടി തിരിച്ചു വീട്ടിലേക്ക് നടന്നു.

തിരിച്ചെത്തിയപ്പോൾ അവർ കണ്ടത് കത്തിയമരുന്ന കുഞ്ഞുമ്മയുടെ വീട്. ആളുകൾ ചുറ്റും കൂടി രക്ഷാ പ്രവർത്തനം നടത്തുന്നു. നൂറ കാണാതിരിക്കാൻ അവളുടെ കണ്ണ് പൊത്തിയെങ്കിലും അവളും എല്ലാം കണ്ടിരുന്നു. കുഞ്ഞുമനസ്സ് വാവിട്ട് കരയാൻ തുടങ്ങി. സൈദ് കഴിയുന്ന വിധത്തിൽ അവളെ സമാധാനിപ്പിച്ചു. അതെ സൈദിന്റെ കുഞ്ഞുമ്മയും നാഥന്റെ അടുത്തേക്ക് പോയിരിക്കുന്നു. കുറച്ചു പേർ സൈദിനെയും നൂറെയെയും അടുത്തുള്ള ക്യാമ്പിൽ എത്തിച്ചു. അവർക്ക് കുറച്ചു ഭക്ഷണം കൊടുത്തു. നൂറ അപ്പോഴേക്കും ഉറങ്ങിയിരുന്നു.സൈദ് നൂറയെ ഒരു ഭാഗത്ത് കിടത്തി പുറത്തേക്ക് നടന്നു. 7 ദിവസം കൊണ്ട് അവന്ന് നഷ്ടമായത് 20 വർഷം അവൻ അനുഭവിച്ച സന്തോഷവും സ്നേഹവും എല്ലാം. മരണം ഏത് നിമിഷവും വരുമെന്ന അവസ്ഥ. അടുത്ത ദിനം രാവിലെ, സൈദ് നേരത്തെ എഴുന്നേറ്റിരുന്നു കാരണം ഭക്ഷണം കിട്ടണമെങ്കിൽ വരി നിൽക്കണം. സൈദ് ആദ്യം തന്നെ വരി നിന്ന് നൂറക്കുള്ള ഭക്ഷണം വാങ്ങി.

നൂറ : ഇക്കാക്കാ… കുഞ്ഞുമ്മയും ഉമ്മയും നമ്മളെ കാണാൻ വരോ?ഒന്നും അറിയാത്ത കുഞ്ഞുനൂറയുടെ ചോദ്യം. അവന്റെ കണ്ണ്നിറഞ്ഞു കണ്ണുനീർ താഴേക്ക് പതിച്ചു. ഭക്ഷണം,കഴിക്കാൻ എടുത്തപ്പോൾ അത് രണ്ട് ദിവസം പഴകിയ റൊട്ടിയാണെന്ന് മനസ്സിലായി. ജീവൻ നിലനിർത്താൻ ഇത് മാത്രമേ ബാക്കിയുള്ളൂ. അവൻ നൂറക്ക് അത് നൽകി അവനും കഴിച്ചു. രണ്ട് ദിവസം കൂടി ഇതേ നില തുടർന്നു. അടുത്ത ദിനം നൂറക്ക് ചെറുതായി പനി വന്നു. ഛർദിയും ഉണ്ടായിരുന്നു. ക്യാമ്പിലുള്ള ഡോക്ടറെ കാണിച്ചു. ഭക്ഷണമാണ് പ്രശ്നം എന്ന് മനസ്സിലായി. രാത്രിയായപ്പോൾ അവളുടെ പനി കൂടി.

നൂറ : ഇക്കാക്കാ… എനിക്ക് പേടിയാവുന്നു… ഉമ്മാനെ കാണണം… ഉപ്പ എപ്പോഴാ വരുക?. സൈദ് അവളെ ആശ്വസിപ്പിച്ചുക്കൊണ്ട് പറഞ്ഞു : നൂറു നീ പേടിക്കണ്ട… നീ ഉറങ്ങിയാൽ നിന്റെ പനി വേഗം മാറും. പക്ഷെ നൂറയുടെ പനി മൂര്‍ച്ഛിച്ചു. സൈദ് അവളെയും കൊണ്ട് പെട്ടെന്ന് ഡോക്ടറുടെ അടുത്തെത്തി. പക്ഷെ…. ഒന്നും നൽകാൻ ആ ക്യാമ്പിൽ ഉണ്ടായിരുന്നില്ല. പഴകിയ കുറച്ചു റൊട്ടിയല്ലാതെ. അടുത്ത ദിനം നൂറയെന്ന കൊച്ചനിയത്തിയും സൈദിനെ വിട്ട്പോയി.. ഇനി കരയാൻ അവന്റെ കണ്ണിൽ കണ്ണ് നീരില്ല. നിർജീവമായ ഒരു ശരീരം മാത്രം.ഒരുതരം നിര്‍വികാരത. ആളുകളിലധികവും അവിടെ നിന്ന് പോകുന്നു. ഭക്ഷണം തേടി വെള്ളം തേടി. ഒരു സഞ്ചിയും എടുത്ത് അവനും അവരുടെകൂടെ നടന്നു. നടന്നു നടന്ന് തളർന്നു ഒരിടത്തിരുന്നു. വീണ്ടും നടന്നു എവിടേക്കെന്നറിയാതെ? എന്തിനെന്നറിയാതെ.. ഒരു കൂട്ടം ആളുകൾ അതിർത്തിയിലെ ഏതോ ഒരു ക്യാമ്പിൽ കയറി. അവിടെ ഭക്ഷണം കൊടുക്കുന്നുണ്ടായിരുന്നു. ആർത്തിയോടെ എല്ലാവരും വാങ്ങി കഴിക്കുന്നു. ദുർഗന്ധം വമിക്കുന്ന പഴകിയ ഭക്ഷണങ്ങൾ വിശപ്പ് സഹിക്കാതെ അവനും വാങ്ങി കഴിച്ചു. ക്യാമ്പിന്റെ ഒരു മൂലയിൽ ഇരുന്നു. അവന്റെ അടുത്തുണ്ടായിരുന്ന ഉമ്മ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവരെ വിഷമിപ്പിക്കാതിരിക്കാൻ അവനും പുഞ്ചിരിച്ചു..

” ജീവിതം അത് ഒരു മഴത്തുള്ളിയാണ്. കാർമേഘത്തിൽ നിന്നും മണ്ണിലേക്ക് പതിക്കുന്ന ആ തുള്ളിയുടെ ആയുസ്സേ ആ ജീവിതങ്ങള്‍ക്കുള്ളൂ”.. നാമൊക്കെ എത്രയോ ഭാഗ്യവാന്മാർ..!

Leave a Reply

Your email address will not be published. Required fields are marked *