NTA യുടെ വിശ്വാസ്യത തകരുന്നുവോ?

83
0

മെഡിക്കല്‍ പ്രവേശന പരീക്ഷയായ NEET പരീക്ഷാഫലവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പേ ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണം യു.ജി.സി നെറ്റ് പരീക്ഷ കൂടി റദ്ദാക്കിയതോടെ രാജ്യത്തെ ഉന്നത പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ഈ രണ്ട് പരീക്ഷകളുടെയും നടത്തിപ്പിന് നേതൃത്വം വഹിച്ച നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (NTA) സുതാര്യതയും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

NEET, NET, JEE, CUET, CMAT, NCHMJEE തുടങ്ങി രാജ്യത്തെ സുപ്രധാനമായ പ്രവേശന പരീക്ഷകളുടെ നടത്തിപ്പെല്ലാം ഒരൊറ്റ ഏജന്‍സിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ പരീക്ഷകളുടെ നിലവാരവും സുതാര്യതയും ഉറപ്പാക്കാം എന്ന അവകാശവാദത്തോടെയാണ് 2017ല്‍ അന്നത്തെ ബിജെപി സര്‍ക്കാര്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) സ്ഥാപിക്കുന്നത്. എന്നാല്‍ അടിക്കടിയുണ്ടാകുന്ന പരീക്ഷാ ക്രമക്കേടുകളും, അമിത ഫീസ് ഈടാക്കിയിട്ടും നിലവാരം കുറഞ്ഞ രീതിയിലുള്ള പരീക്ഷാ നടത്തിപ്പുമെല്ലാം ഏജന്‍സിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

നെറ്റ് പരീക്ഷ റദ്ദാക്കി
ഈ മാസം 18ന് രാജ്യത്തെ 1,205 കേന്ദ്രങ്ങളിലായി കൊണ്ട് 11 ലക്ഷം പേര്‍ എഴുതിയ യുജിസി നെറ്റ് പരീക്ഷ പിറ്റേദിവസം തന്നെ റദ്ദാക്കുകയുണ്ടായി. പരീക്ഷയ്ക്ക് മുമ്പ് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പരീക്ഷാ പേപ്പര്‍ ഉത്തരസൂചികയടക്കം പ്രത്യക്ഷപ്പെട്ടത് കണ്ടെത്തിയതോടെയാണ് നെറ്റ് പരീക്ഷ റദ്ദാക്കുകയും അന്വേഷണം സിബിഐയെ ഏല്‍പിക്കുകയും ചെയ്തത്.

നീറ്റ് പരീക്ഷാ ക്രമക്കേട്
2024 മെയ് അഞ്ചിനായിരുന്നു 4750 കേന്ദ്രങ്ങളിലായി 24 ലക്ഷം പേര്‍ എഴുതിയ നീറ്റ് പരീക്ഷ നടന്നത്. അതിന് പിന്നാലെ ചോദ്യ പേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണം ഉയരുകയും 13 പേരെ ബീഹാറില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതൊരു തുടക്കം മാത്രമായിരുന്നു. നീറ്റ് പരീക്ഷ വിവാദത്തിന്റെ പടുകുഴിയിലേക്ക് വീഴുന്നത് ജൂണ്‍ നാലിന് ഫലം പ്രസിദ്ധീകരിച്ചപ്പോഴാണ്. ചരിത്രത്തിലാദ്യമായി 67 പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും (720 മാര്‍ക്ക്) ലഭിക്കുകയുണ്ടായി. 2023ല്‍ രണ്ട് പേര്‍ക്കും 2022ല്‍ ഒരാള്‍ക്കും മുഴുവന്‍ മാര്‍ക്ക് ലഭിച്ച സ്ഥാനത്താണ് ഈ വര്‍ഷം ഇത്രയും പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചതെന്നോര്‍ക്കണം…!!!

മാത്രമല്ല, നിരവധി പേര്‍ക്ക് 719ഉം 718ഉം മാര്‍ക്കൊക്കെ ലഭിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയുടെ മാര്‍ക്ക് സിസ്റ്റം അനുസരിച്ചാണെങ്കില്‍ ഈ മാര്‍ക്കുകള്‍ ലഭിക്കുക അസാധ്യമാണ്. മുന്‍വര്‍ഷങ്ങളില്‍ 650 മാര്‍ക്ക് ലഭിച്ച പരീക്ഷാര്‍ത്ഥികള്‍ക്ക് 2,000-3,000 റേഞ്ചില്‍ അഖിലേന്ത്യാ റാങ്ക് മാര്‍ക്ക് ലഭിച്ച സ്ഥാനത്ത് ഈ വര്‍ഷം അത് 25,000 റാങ്ക് വരെയെത്തിയിട്ടുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ നീറ്റ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്.

വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനം കൈമുതലാക്കിയാണ് ഓരോ പരീക്ഷാര്‍ത്ഥിയും നീറ്റ് പോലെയുള്ള പ്രവേശന പരീക്ഷകളെ അഭിമുഖീകരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഓരോ രക്ഷിതാവും വലിയ ഇന്‍വെസ്റ്റ്മെന്റ് നടത്തുന്നത്. ഇവരുടെയൊക്കെ പ്രയത്നത്തെ കൊഞ്ഞനം കുത്തുന്ന സമീപനമാണ് NTAയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. സകല അന്യായങ്ങള്‍ക്കും അനീതികള്‍ക്കും കൂട്ട് നില്‍ക്കുന്ന സിസ്റ്റത്തിനകത്തെ ഇത്തിള്‍ക്കണ്ണികളെ വലിച്ചു പുറത്തിടാനുള്ള ധീരമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. സുതാര്യവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതുമായ പരീക്ഷാ സമ്പ്രദായം ഉറപ്പുവരുത്താനും പരീക്ഷാ നടത്തിപ്പ് ഏജന്‍സികള്‍ ബദ്ധശ്രദ്ധ പുലര്‍ത്തണം.

Leave a Reply

Your email address will not be published. Required fields are marked *