പുരുഷാധിപത്യവും അതിന്റെ മറവിൽ നടന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളും നാൾക്കുനാൾ വർധിച്ചുവരുന്നു. അവയെ തടയാൻ പല നിയമങ്ങളും രാജ്യത്തു നിലനിൽക്കുമ്പോൾതന്നെയും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിചിത്രമായ രൂപത്തിലും ഭാവത്തിലും അത് സമൂഹത്തിൽ തലപൊക്കുന്നു എന്നത് ആശങ്കയോടെയല്ലാതെ കാണാൻ വയ്യ. അത് സ്ത്രീധനം തൊട്ട് ഭർതൃഗൃഹപീഡനത്തിലും ബലാത്സംഗത്തിലും ദുരഭിമാനക്കൊലയിലും വരെ എത്തിനിൽക്കുന്നു. പുരുഷമേൽകോയ്മയുടെ കരാളഹസ്തത്താൽ ജീവിതവും മാനവും നഷ്ടപെട്ട ലക്ഷകണക്കിന് ഇന്ത്യൻ സ്ത്രീകളെ പ്രതിനിധാനം ചെയ്യുകയാണ് ‘Being Reshma’ എന്ന പുസ്തകത്തിലൂടെ രേഷ്മ ഖുറേഷി എന്ന ആസിഡ് ആക്രമണത്തിന്റെ ഇര.
ഒരു പക്ഷേ മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ഒരു വാക്കായിരിക്കും ആസിഡ് ആക്രമണം എന്നത്. എന്നാൽ ഉത്തരേന്ത്യയിൽ ഒരു ദിവസം കുറഞ്ഞത് ഒന്ന് എന്ന നിരക്കിൽ സർവസാധാരണമാണ് ആസിഡ് ആക്രമണം. ആസിഡിന്റെ പ്രഹരശേഷി നമ്മൾ ഊഹിക്കുന്നതിനേക്കാൾ എത്രയോ അധികമാണ്. ആസിഡ് ആക്രമണം നടന്ന് മിനിറ്റുകൾക്കുള്ളിൽ പ്രഥമശുശ്രൂഷ നല്കിയിട്ടില്ലെങ്കിൽ ആസിഡ് തൊലിയെമാത്രമല്ല ശരീരത്തിനുള്ളിലേക്കു പ്രവേശിച്ചു എല്ലുകളെപോലും ഉരുക്കിക്കളയും…!! ഇത്രയും മാരകമായ ആയുധമാണ് ഇന്ന് സ്ത്രീകൾക്ക് നേരെ കൂടുതലായും ഉപയോഗിച്ച് വരുന്നത് എന്നത് സ്ത്രീവിദ്വേഷം നമ്മുടെ സമൂഹത്തിൽ എത്രത്തോളം വേരൂന്നി എന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ്.

ആസിഡ് ആക്രമണം രേഷ്മയുടെ കുടുംബത്തിൽ സംഭവിച്ച ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. പുരുഷമേധാവിത്വത്തിലധിഷ്ഠിതമായിട്ടുള്ള ആക്രമപരമ്പരയിൽ ഒന്ന് മാത്രമായിരുന്നു. രേഷ്മയുടെ മൂത്തസഹോദരി ഗുൽഷൻ അനുഭവിച്ച ഭർതൃഗൃഹപീഡനവും, ഒരു പെൺകുട്ടിക്ക് ജന്മം കൊടുത്തു എന്നതുകൊണ്ടു മാത്രം ഗുൽഷനും ആ പെൺപൈതലും ഏറ്റുവാങ്ങിയ യാതനകളും ആരുടേയും കരളലിയിക്കുന്നതാണ്. രാജ്യം സ്വതന്ത്രമായി 70 വർഷം കഴിഞ്ഞിട്ടും സ്ത്രീകളോടുള്ള മനോഭാവത്തിൽ യാതൊരു മാറ്റവുമില്ലായെന്ന് അടിവരയിടുന്നതാണ് ഈ അനുഭവസാക്ഷ്യം.
ത്വലാഖിനു ഭാര്യ മുൻകൈയെടുക്കുക എന്നത് ഭർത്താവിന്റെ കഴിവുകേടായിട്ടു കാണുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു. മാത്രമല്ല, ഫോണിലൂടെ മുത്വലാഖ് ചൊല്ലുന്ന ഭർത്താവിന്റെ നടപടി ഇസ്ലാമിക നിയമങ്ങൾക്ക് എതിരല്ലേ എന്ന ചോദ്യം പോലും ഉയരുന്നില്ല എന്നത് അത്യന്തം ഖേദകരമാണ്. ആൺമേൽക്കോയ്മയും പൗരോഹിത്യം വളരെ തന്ത്രപരമായി ഇസ്ലാമിലേക്ക് തിരുകികയറ്റിയതിന്റെ പരിണിതഫലം…!
ഇരയെ കുറ്റപ്പെടുത്തുന്ന ഹീനമായ സംസ്കാരത്തിനെതിരെയാണ് താൻ പടവെട്ടുന്നതെന്ന് രേഷ്മയെകൊണ്ട് പറയിപ്പിക്കണമെങ്കിൽ ഒരുപക്ഷെ ആസിഡ് അവരുടെ ശരീരത്തെ വേദനിപ്പിച്ചതിനേക്കാൾ കൂടുതൽ നമ്മളടങ്ങുന്ന പൊതുസമൂഹത്തിന്റെ കുത്തുവാക്കുകൾ അവരുടെ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടാവണം.