മതസൗഹാർദ്ദം

167
0

മതിലുകളില്ലാത്ത രണ്ട് അയൽവീടുകൾ
സമാധാനത്തിന്റെ കലവറകളായിരുന്നവ
മന്ദഹസിക്കുന്ന മുഖങ്ങളായിരുന്നതിൽ

രാജുവും മമ്മദും
വൈകീട്ടുള്ള കണ്ടംകളിയിലെ
മികച്ച കോമ്പോയായിരുന്നു
അവരുടെ ഹൃദയങ്ങൾപോലും
തുടിച്ചിരുന്നത് ഒരുമിച്ചായിരുന്നുവത്രെ!

പെരുന്നാളിലെ പായസത്തിനും
ഓണത്തിന്റെ പ്രഥമനും
ഒരേ മധുരമായിരുന്നു
ബിരിയാണിക്കും സദ്യക്കും
ഉപ്പ് പാകമായിരുന്നു

ലൈലക്ക് തുണ ഷീലയായിരുന്നു
രാജന് കൂട്ട് അബുവും
മുണ്ടുമടക്കിക്കുത്തി സുലൈമാനി
നുണയുംനേരത്തവർ
മാർപ്പാപ്പയെക്കുറിച്ച് ചർച്ചചെയ്തിരുന്നുവത്രെ

പതിയേ, ഇരുവീടുകൾക്കും
പേരുവീണു
ബൈത്തുർറഹ്മയും അശ്വതിതിയും
അതോടെ ,അബുവിന്റെ വീട്
മുസ്ലിം വീടായി,
രാജന്റേത് ഹിന്ദുവും

വീടുകൾക്കിടയിൽ
കോൺക്രീറ്റ് മതിലുകൾ മുളച്ചുപൊന്തി
അടുക്കളവാതിൽ അടഞ്ഞുകിടന്നു
കണ്ടംകളിയിലെ കോമ്പോ തകർന്നു
സുലൈമാനിയുടെ മധുരംകുറഞ്ഞു

ഒരുദിനം അങ്ങാടിയിൽ നിന്ന്
രാജുവിനോട് മമ്മദ്
നമസ്കാരം പറഞ്ഞതിന്
ഒരു ന്യൂജെനിട്ട പേരാണ്
“മതസൗഹാർദം”

Leave a Reply

Your email address will not be published. Required fields are marked *