നാളെതൻ സ്വപ്നം പുൽകിടുകിൽ
നാളിതായ് കാത്തിടുന്നു
നിദ്രയിൽ അഭയം തേടിയൊരു പൈതലിൻ പാദസ്വരം കിലുങ്ങുന്നു
ഉറക്കമല്ലിത് വെള്ളം കലിതുള്ളിയ ഉരുൾ പൊട്ടൽ
നിലവിളിയിൽ നാടുണർന്നു പേടിച്ചമർന്നു
ഹരിതം നിറഞ്ഞൊരു താഴ്‌വരയാണത്
സംഹാര താണ്ഡവമാടി മൃതഭൂമിയായ്
അമ്മിഞ്ഞ നുകർന്നൊരു ചുണ്ടിൽ
ചെളിനിറഞ്ഞു പുതഞ്ഞുകിടക്കുന്നു
എൻ വീടെവിടെ? നാടെവിടെ ? കലിതുള്ളയത്തിൻ അവശേഷിപ്പുകൾ
മൊഴിഞ്ഞു
ഇവിടെയായിരുന്നു എല്ലാം പാർത്തിരുന്നത്
സൗഹൃദം ചാലിട്ടൊഴുകിയ സ്നേഹതാഴ്‌വരയാണീ അനാഥമായത്
സ്വപ്ന ചിറകുകളാണ് അരിഞ്ഞു വീഴ്ത്തിയത്
ഉറങ്ങിയ നാട് പിന്നെ ഉണർന്നതേയില്ല
കണ്ണീർ മഴയിൽ ഒഴുകിയ പ്രാണന്റെ നിലവിളിയും
കാലൊച്ചയില്ലാ നിലച്ചൊരു കുരുന്നു പൂക്കളും
കണ്ണീർ വാർത്തൊരാ ഗുരുക്കളും
തെളിനീരൊഴുകും തീരത്തൊരാ വിദ്യാലയം
മണ്ണുപറ്റി വർണ്ണമുടഞ്ഞിരിക്കുന്നു
കണ്ണുനീർ ബലി നൽകാം ഇനിയും നെഞ്ചകം പറിച്ചൊരാ ജീവൻ നൽകിടുകിൽ
പുൽമേട്ടിൽ കാലു നനച്ചുരസിച്ചൊരങ്കണം
തിരിച്ചറിയാവിധം വികൃതമായിരിക്കുന്നു
ഇനിയില്ലയീ സുന്ദര ഭൂമിക
ഇനി കാണില്ലയീ വസന്ത പൂവനം