ഇന്ത്യൻ ഭരണഘടന നിര്‍മാണസഭ (Constituent Assembly)

383
1

ഇന്ത്യയുടെ ഭരണഘടന രൂപീകരിക്കാനായി ഒരു ഭരണഘടനാ നിര്‍മാണസഭ/ ഭരണഘടനാ അസംബ്ലി (Constituent Assembly) വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട വ്യക്തി എം.എന്‍.റോയി (M.N.Roy) ആണ് (1934ല്‍). 1935ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇതേ ആവശ്യം ആദ്യമായി ഔദ്യോഗികമായി ഉന്നയിച്ചു. ഇന്ത്യക്കാരുടെ ഈ ആവശ്യത്തെ ബ്രിട്ടീഷുകാര്‍ ആദ്യമായി തത്വത്തില്‍ അംഗീകരിച്ചത് 1940ലെ ആഗസ്റ്റ് ഓഫറിലാണ്. കാബിനറ്റ് മിഷൻ (Cabinet Mission Plan) രൂപീകരിച്ച പദ്ധതി പ്രകാരം 1946 നവംബറിലാണ് ഭരണഘടനാ അസംബ്ലി (Constituent Assembly) രൂപീകരിച്ചത്.

ആദ്യ സെഷന്‍
ഭരണഘടനാ നിര്‍മാണ സമിതിയുടെ ആദ്യ സെഷന്‍ ആരംഭിച്ചത് 1946 ഡിസംബര്‍ 9നാണ്. മുസ്ലിം ലീഗ് പ്രഥമ മീറ്റിംഗ് ബഹിഷ്കരിക്കുകയും പാകിസ്താന്‍ എന്ന പ്രത്യേക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിനാല്‍ തന്നെ പ്രഥമ മീറ്റിംഗില്‍ 211 അംഗങ്ങള്‍ മാത്രമേ പങ്കെടുത്തുള്ളൂ. ആദ്യ സമ്മേളനത്തിന്റെ താത്കാലിക അധ്യക്ഷനായി സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗമായ സച്ചിദാനന്ദ സിൻഹയെ തിരഞ്ഞെടുത്തു.

1946 ഡിസംബർ 11ന് ഭരണഘടനാ നിർമ്മാണസഭയുടെ സ്ഥിരം അധ്യക്ഷനായി (President) ഡോ. രാജേന്ദ്ര പ്രസാദിനെ തെരഞ്ഞെടുത്തു. എച്ച്.സി മുഖർജിയെയും വി.ടി. കൃഷ്ണമാചാരിയെയും സഭയുടെ വൈസ്-പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു.

ലക്ഷ്യപ്രമേയം (Objective Resolutions)
1946 ഡിസംബർ 13ന് ജവഹർലാൽ നെഹ്റു ഭരണഘടനാ നിർമ്മാണസഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചു. ഈ പ്രമേയത്തെ സഭ ഏകകണ്ഠമായി അംഗീകരിച്ചത് 1947 ജനുവരി 22നാണ്. സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം, പരമാധികാരം തുടങ്ങി ഭരണഘടനയിലെ പല അടിസ്ഥാന ആശയങ്ങളും ലക്ഷ്യപ്രമേയത്തിൽ ഉൾക്കൊണ്ടിരുന്നു. ലക്ഷ്യപ്രമേയം രൂപാന്തരം പ്രാപിച്ചാണ് പിന്നീട് ഭരണഘടനയുടെ ആമുഖമാവുന്നത്.

നിർമ്മാണസഭയിലെ അംഗങ്ങൾ
അസംബ്ലിയില്‍ ആകെ 389 അംഗങ്ങളാണുണ്ടായിരുന്നത് (വിഭജനത്തിന് ശേഷം ഇത് 299 ആയി). ഇതില്‍ 296 പേരെ ബ്രിട്ടീഷ് അധീന പ്രദേശങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 93 അംഗങ്ങളെ നാട്ടുരാജ്യങ്ങളില്‍ നിന്ന് നോമിനേറ്റ് ചെയ്യുകയാണുണ്ടായത്. ബ്രിട്ടീഷ് അധീന പ്രവിശ്യകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചത് കോണ്‍ഗ്രസിനായിരുന്നു (208 സീറ്റ്). മുസ്ലിം ലീഗിന് 73 സീറ്റും ലഭിച്ചു.

സഭയിൽ ആകെ 17 വനിതാ അംഗങ്ങളുണ്ടായിരുന്നത് (വിഭജനത്തിന് ശേഷം അംഗസംഖ്യ 15 ആയി). സഭയിലെ മലയാളി അംഗങ്ങളുടെ എണ്ണം 17 ആയിരുന്നു. ഇതിൽ 3 പേർ വനിതകളായിരുന്നു. ആനി മസ്ക്രീൻ, അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ എന്നിവരാണവർ. ജോണ്‍ മത്തായി തെരഞ്ഞെടുക്കപ്പെട്ടത് യുണൈറ്റഡ് പ്രൊവിൻസിൽ നിന്നായിരുന്നു.

വിഭജനത്തിന് ശേഷം
1947ലെ ഇന്ത്യൻ ഇൻഡിപെൻഡെൻസ് ആക്ട് പ്രകാരം ഭരണഘടനാ നിർമാണസമിതിക്ക് മറ്റൊരു ചുമതല കൂടി ലഭിച്ചു. ഇന്ത്യക്ക് വേണ്ടിയുള്ള നിയമനിർമ്മാണം എന്നതായിരുന്നു അത്. വ്യത്യസ്ത ദിവസങ്ങളിൽ യോഗം ചേർന്നായിരുന്നു ഈ രണ്ട് കർത്തവ്യങ്ങളും സമിതി ചെയ്തിരുന്നത്. ഭരണഘടനാ നിർമാണത്തിനായി യോഗം ചേരുമ്പോൾ ഡോ. രാജേന്ദ്രപ്രസാദും നിയമനിർമാണ സഭയായി യോഗം ചേരുമ്പോൾ ജി.വി.മാവ് ലങ്കാറുമായിരുന്നു സഭയുടെ അധ്യക്ഷൻ.

1949 നവംബർ 26നാണ് ഭരണഘടനയെ ഭരണഘടനാ സമിതി അംഗീകരിക്കുന്നത്. ഇതിന്റെ സ്മരണാർത്ഥം നവംബർ 26 ഭരണഘടനാ ദിനം/ ദേശീയ നിയമദിനമായി ആചരിച്ചു വരുന്നു. നിർമ്മാണസഭയുടെ അവസാന സമ്മേളനം നടന്നത് 1950 ജനുവരി 24നാണ്. നിർമാണസഭയിലെ അംഗങ്ങൾ ഭരണഘടനയിൽ ഒപ്പ് വെച്ചതും അന്നേദിനത്തിൽ തന്നെയാണ്. 284 അംഗങ്ങളാണ് ഭരണഘടനയിൽ ഒപ്പുവെച്ചത്. ഇതിൽ ആദ്യമായി ഒപ്പുവെച്ചത് ഡോ.രാജേന്ദ്ര പ്രസാദാണ്.

1950 ജനുവരി 26നാണ് ഭരണഘടന നിലവിൽ വന്നത്. നിലവില്‍ വരുമ്പോള്‍ ഭരണഘടനയില്‍ 395 അനുച്ഛേദങ്ങളും (Article), 8 പട്ടികകളുമാണ് (Schedule) ഉണ്ടായിരുന്നത്.

മറ്റു പ്രധാന വിവരങ്ങൾ:
● ദേശീയ പതാക നിയമനിർമാണ സമിതി അംഗീകരിച്ചത് – 1947 ജൂലൈ 22
● ദേശീയഗാനം നിയമനിർമാണ സമിതി അംഗീകരിച്ചത് – 1950 ജനുവരി 24
● ദേശീയഗീതം നിയമനിർമാണ സമിതി അംഗീകരിച്ചത് – 1950 ജനുവരി 24
● ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി രാജേന്ദ്രപ്രസാദിനെ തെരഞ്ഞെടുത്തത് – 1950 ജനുവരി 24

Leave a Reply

Your email address will not be published. Required fields are marked *

One thought on “ഇന്ത്യൻ ഭരണഘടന നിര്‍മാണസഭ (Constituent Assembly)

  1. Great..