മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം; എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം

1207

OBC വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍വീസിലും പൊതു മേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന പദ്ധതിയാണ് എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം.

മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിംഗ് സർവീസ്, GATE, NET, MAT തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്ക് പരിശീലനം നേടാനായി വിവിധ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. വർഷംതോറും ഇ-ഗ്രാന്റ്സ് വെബ്സൈറ്റിൽ പുറപ്പെടുവിക്കുന്ന ഈ പദ്ധതിയുടെ വിജ്ഞാപനത്തിന്റെ അനുബന്ധത്തിൽ നൽകിയ പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.

അപേക്ഷകർ സംസ്ഥാനത്തെ പിന്നാക്ക സമുദായാംഗം (OBC/OEC/OBC-H/SEBC) ആയിരിക്കണം. ഓണ്ലൈൻ/സണ്‍ഡേ/ഹോളിഡേ/ഈവനിംഗ്/6 മാസത്തിൽ കുറഞ്ഞ ദൈർഘ്യമുള്ള കോഴ്സ് എന്നിവയിൽ പരിശീലനം നടത്തുന്നവർ അപേക്ഷിക്കേണ്ടതില്ല. ആഴ്ചയിൽ കുറഞ്ഞത് 3 ദിവസമെങ്കിലും പരിശീലനം ഉണ്ടായിരിക്കണം. ഓരോ മത്സര പരീക്ഷക്കുമുള്ള വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും ഈ പദ്ധതിക്കും ബാധകമായിരിക്കും.

കുടുംബ വാർഷിക വരുമാന പരിധി ചുവടെ ചേർക്കുന്നു:

മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, ബാങ്കിംഗ് സർവീസ്2 ലക്ഷം രൂപ
സിവിൽ സർവീസ്4.5 ലക്ഷം രൂപ
GATE/MAT, UGC-NET/JRF2.5 ലക്ഷം രൂപ

ജാതി തെളിയിക്കുന്ന രേഖ (നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്/ SSLC/തത്തുല്യ സാക്ഷ്യപത്രം), വരുമാന സർട്ടിഫിക്കറ്റ്, ഓൺലൈനിൽ രേഖപ്പെടുത്തിയിരിക്കുന്ന മാർക്ക് ശതമാനം തെളിയിക്കുന്ന Mark List/Consolidated Mark List, ബാങ്ക് പാസ് ബുക്കിൻ്റെ ആദ്യ പേജിൻ്റെ പകർപ്പ്, ആധാർ എന്നിവയും വിധവകളുടെ മക്കൾ/മാതാപിതാക്കൾ നഷ്ടപ്പെട്ടവർ/ മാരക രോഗം ബാധിച്ച രക്ഷിതാക്കളുടെ മക്കൾ/ ഭിന്നശേഷിക്കാർ എന്നീ വിഭാഗത്തിൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ ആയത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രവും ഇ-ഗ്രാന്റ്സിൽ upload ചെയ്യേണ്ടതാണ്. അപേക്ഷാ ഫാറത്തിൻ്റെ പ്രിൻ്റ് ഔട്ട്, അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ലഭ്യമാക്കേണ്ടതില്ല.

ധനസഹായത്തിന്റെ നിരക്ക്:

പരിശീലന ഇനംആകെ അനുവദിക്കുന്ന പരമാവധി തുക
മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്30,000
സിവിൽ സർവീസ്25,000
ബാങ്കിംഗ് സർവീസ്20,000
GATE/MAT, UGC-NET/JRF25,000

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://www.egrantz.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.