ഇനിയെന്തു പഠിക്കണം എന്ന ചിന്തയിലാണോ?

710

എസ്.എസ്.എൽ.സി & പ്ലസ്‌ടുവിന്ന് ശേഷം പല കുട്ടികളും രക്ഷിതാക്കളും അടുത്തതായി എന്ത് ചെയ്യണം എന്ന ടെൻഷനിൽ സീറ്റിനു വേണ്ടി നെട്ടോട്ടമോടുന്ന സമയമാണല്ലോ ഇത്. ഒപ്പം മോട്ടീവേഷണൽ ക്ലാസുകളുടെയും സ്പീക്കർമാരുടെയും മെയിൻ സീസൺ. സ്വന്തം അറിവും അനുഭവങ്ങളും എല്ലാം അവരുടേതായ രീതികളിൽ ഒന്നോ രണ്ടോ മണിക്കൂറിൽ കുട്ടികൾക്കായി അവതരിപ്പിക്കുന്ന പരിപാടി.

ഓരോ പ്രൊഫഷണൽ ജോലികളെ പറ്റിയും അതിൻ്റെ സ്കോപ്, സാലറി, കോഴ്സ് സ്‌ട്രക്ച്ചർ, വർക്ക് കൾച്ചർ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളുമായി ഇവർ കുട്ടികളുടെ മുന്നിലേക്ക് എത്തുന്നു. ഭാവിയെ തന്നെ നിർണയിക്കുന്ന വളരെ നിർണായകമായ തീരുമാനം എടുക്കാൻ ബുദ്ധിമുട്ടുന്ന കുട്ടികളെ സംബന്ധിച്ച് ഇത്തരം അറിവുകൾ വളരെ വലിയ തോതിൽ അവരെ സ്വാധീനിക്കും. കുടുംബത്തിലും സുഹൃത്ത് വലയങ്ങളിലുമുള്ള ചർച്ചകൾ കൂട്ടുക കൂടി ചെയ്യുമ്പോൾ വിദ്യാർഥികൾ കൗതുകമുണർത്തിയ ഏതെങ്കിലും കോഴ്‌സുകൾ തിരഞ്ഞെടുക്കും.

ഇതേ സമയം, ചില രക്ഷിതാക്കൾ അവരുടെ മുൻ അനുഭവങ്ങളിൽ നിന്നും പഠിച്ചത് വെച്ച് പ്ലാൻ ഒരുക്കി അതനുസരിച്ച് കുട്ടികളിൽ സമ്മർദമോ താൽപര്യമോ ഉണ്ടാക്കി ലക്ഷ്യത്തിലേക്കുള്ള വഴി ഒരുക്കും.

ഇതിലൊന്നും എത്തിപെടാതെ പിന്നോക്കം നിൽക്കുന്ന കുട്ടികൾ അവർക്ക് കിട്ടിയത് പഠിച്ചും പണിയെടുത്തും കുടുംബം പോറ്റി ജീവിക്കുന്നു.

ഇവിടെയാണ് ബാക്കി വരുന്ന ഒട്ടുമിക്ക കുട്ടികളും കുടുങ്ങി നിൽക്കുന്നത്. പ്രത്യേകിച്ചും മിഡിൽ ക്ലാസ് ഫാമിലി. എന്തെങ്കിലും ജോലിക്ക് പോകണോ അതോ ഇനിയും പഠിക്കണോ എന്ന അവസ്ഥയിൽ പലതും ആദ്യമായി കേൾക്കുന്ന അമ്പരപ്പിൽ കൺഫ്യൂഷനായി നിൽക്കുന്നവർ. കോഴ്സ് പരസ്യങ്ങളിൽ പെട്ടെന്ന് ആകൃഷ്‌ടരാവുന്നവർ. ചിന്തിച്ച് സ്വയം തീരുമാനം എടുക്കാൻ സമയമെടുക്കുന്നവർ. കിട്ടുന്ന കോഴ്സിന് ധൃതിയിൽ അഡ്മിഷൻ എടുത്ത് കുടുങ്ങുന്നവർ. എന്തെങ്കിലും ചെയ്ത് പെട്ടെന്ന് കര കയറണം എന്ന് ചിന്തിക്കുന്നവർ. ചുരുക്കി പറഞ്ഞാൽ റൂട്ട് ക്ലിയർ അല്ലാത്തവർ. അതൊരിക്കലും തെറ്റല്ല. പക്ഷെ, ബോധ്യം ഉണ്ടാകേണ്ടതുണ്ട്.

എന്ത് ചെയ്യാൻ പറ്റും?

എടുത്ത് ചാടി ഒരു തീരുമാനവും എടുക്കാതിരിക്കുക. കിട്ടുന്ന സമയത്തിനുള്ളിൽ ഏത് സാഹചര്യത്തിലും സന്തോഷത്തോടെ പഠിക്കാനും ജോലി എടുക്കാനും താൽപര്യമുള്ള ഒരു മേഖല കണ്ടെത്തുക. അതിൽ അറിവും അനുഭവവുമുള്ള വ്യക്തികളെ ബന്ധം സ്ഥാപിച്ച് പരമാവധി കാര്യങ്ങള് പഠിക്കാൻ ശ്രമിക്കുക. അതിനായുള്ള യാത്രകൾ ചെയ്യുക. കഴിയുമെങ്കിൽ അഭിരുചി പരീക്ഷകൾ ചെയ്യുക. പ്രതീക്ഷയോടെ മുന്നോട്ട് പോകുക. പഠിക്കാൻ എവിടെയും അവസരം കിട്ടിയില്ലെങ്കിൽ ഒരു ഇയർ ഗ്യാപ്പ് എടുക്കുക.

രക്ഷിതാക്കളോട്

മക്കൾക്ക് അവധിക്കാലത്ത് ഉത്തരവാദിത്തമുള്ള ജോലികൾ ഏൽപ്പിക്കുക. കൃത്യമായ കണ്ടീഷൻസ് വെച്ച് അവർക്ക് ഇഷ്ടമുള്ള ജോലി പ്രതിഫലം വാങ്ങി ചെയ്യാൻ അനുവദിക്കുക. കഴിയുമെങ്കിൽ ഓരോ യാത്രകളിലും പട്ടിണിയുടെയും ആഡംബര ജീവിതങ്ങളുടെയും നേർക്കാഴ്ചകൾ കാണിച്ച് കൊടുക്കുക. അടുത്തതായി എന്ത് ചെയ്യണമെന്നത് മുൻ അനുഭവങ്ങളിൽ നിന്നും പഠിച്ച് പരമാവധി എല്ലാവശങ്ങളും ചിന്തിച്ച് തീരുമാനം എടുക്കാൻ ഈ സമയം ഉപയോഗിക്കാൻ സഹായിക്കുക. അവരുടെ വ്യക്തി താൽപര്യങ്ങളും കഴിവുകളും അറിയുക. കുഴക്കുന്ന ചോദ്യങ്ങളിലൂടെ ഉള്ളിലെ വ്യക്തത അളക്കുക. അത് വികസിപ്പിക്കാൻ സഹായിക്കുക. ആദ്യം തോന്നുന്ന മതിപ്പ് മാത്രമാണെങ്കിൽ പരമാവധി വ്യക്തത വരുത്തിക്കുക.

ഇത്തരം സന്ദർഭം ഒഴിവാക്കാൻ ചെറിയ പ്രായത്തിൽ തന്നെ മക്കൾക്ക് കൊടുക്കാൻ പറ്റുന്ന പ്രധാനമായുള്ള അഞ്ച് കാര്യങ്ങൾ.

ആത്മീയ കരുത്ത്

ചെറുപ്പത്തിൽ തന്നെ മക്കളിൽ ഭയഭക്തിയും ഇസ്ലാമിക ദൈവവിശ്വാസവും ഉറപ്പിക്കുക. പ്രശ്നങ്ങളും, സംശയങ്ങളും, നേട്ടങ്ങളും എന്ത് വന്നാലും പടച്ചവനിൽ അഭയം തേടി മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുക. മനസ്സിനും ശരീരത്തിനും ബുദ്ധിക്കും അച്ചടക്കം നൽകുന്നതിൽ വിശ്വാസത്തിന് വലിയ പങ്കുണ്ട്.

ശരീരിക ക്ഷമത
എപ്പോഴും എല്ലാ തരത്തിലും ശരീരം ഫിറ്റായി നിൽക്കാനുള്ള കലയോ വൈദഗ്ധ്യമോ പഠിക്കുന്നതിന് സപ്പോർട്ട് കൊടുക്കുക. അതിൻ്റെ സ്ഥിരത പിന്തുടരുക. ഇതുവഴി മൈൻഡും ബന്ധങ്ങളും ഷാർപ്പ് ആക്കാനും നല്ല ഭക്ഷണരീതിയും വർക്കുകളും സ്റ്റഡി & ഫ്രീ ടൈമും ക്രമപ്പെടുത്താനും കഴിയും.

വൈകാരികവും ബൗദ്ധികവുമായ പക്വത

പക്വത എത്തുന്ന പ്രായം വരെ കളിക്കും കാര്യത്തിനും മക്കളെ കൂടെ കൂട്ടി ഇടപഴകുക. അത് കഴിഞ്ഞാൽ അവരെ വ്യക്തികളായി തന്നെ അംഗീകരിക്കുക. മറ്റുള്ളവരെയും അതുപോലെ കാണാനും വ്യക്തിത്വത്തോടെ ഇടപെടാനും പരിശീലിപ്പിക്കുക. ചെറുപ്പം മുതൽ മക്കളെ കൂടെ ഇരുന്ന് വായനാശീലം വളർത്തുക. സ്നേഹവും ഗൗരവവും അതുപോലെ കാണിക്കുക. Yes & No പറയേണ്ട സന്ദർഭങ്ങളിൽ മടിയില്ലാതെ പറയാൻ പ്രേരിപ്പിക്കുക. ജീവിതത്തിൽ വരുന്ന ഒരു പരിധിവരെയുള്ള പ്രശ്നങ്ങളെയും നേട്ടങ്ങളെയും ഇടപെടുന്ന രീതി കാണിച്ച് കൊടുക്കുക.

സാമൂഹിക ബന്ധങ്ങൾ
അക്കാദമികവും സാമൂഹികവുമായ എല്ലാ പരിപാടികൾക്കും പങ്കെടുക്കാനും താൽപര്യം വരുന്ന മേഖലയിൽ നിബന്ധനകളോടെ കൂടുതൽ ആസ്വദിച്ച് പഠിച്ച് ഇടപെടാനും അനുവദിക്കുക. യാത്രകളിലൂടെയും സന്നദ്ധ പരിപാടികളിലൂടെയും സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ള വ്യക്തികളുമായി സൗഹൃദ ബന്ധം സ്ഥാപിക്കാനും അതിൻ്റെ ഗുണവും ബോധ്യപ്പെടുത്തുക.

സാമ്പത്തിക അച്ചടക്കം
എപ്പോൾ മുതൽ എന്തിന് വേണ്ടി എങ്ങനെയൊക്കെ പണം സമ്പാദിക്കണം എന്നും അത് കുടുംബം, സൗഹൃദം, ഭക്ഷണം, വീട്, യാത്ര, സംഭാവന എന്നിവയിലൊക്കെ എത്ര വെച്ച് എങ്ങനെ ചിലവാക്കണമെന്നും നിർദേശിക്കുക. കഴിയുമെങ്കിൽ കാണിച്ച് കൊടുക്കുക. ഇടപാടുകളിലെ കണക്കുകൾ എപ്പോഴും പലിശരഹിതമായി കൃത്യമാക്കാൻ പ്രേരിപ്പിക്കുക.

തീർച്ചയായും, കൃത്യവും വ്യക്തവുമായ പ്ലാനിങ്ങും ഒബ്‌സർവേഷനും ഇല്ലാതെ ഇതൊന്നും പെട്ടെന്ന് ചെയ്യാൻ കഴിയുന്ന ഒന്നല്ല. അതുപോലെ, ഇവയൊന്നും കിട്ടിയില്ലെങ്കിലും സ്വന്തം സാഹചര്യങ്ങൾ അനുസരിച്ച് മക്കള് വളരും. എന്നിരുന്നാലും, ഓരോന്നും എത്രത്തോളം നന്നായി നടക്കുന്നോ, അത്രത്തോളം അനുഭവങ്ങളിലൂടെ കാര്യങ്ങള് അറിഞ്ഞു പഠിക്കാൻ മക്കൾക്ക് കഴിയും. ബാക്കി അവർ സ്വയം നോക്കിക്കോളും. ഇഷ്ട്ടപ്പെട്ട ജോലി സ്വന്തമായി കണ്ടെത്താനും അതിലൂടെ സന്തോഷത്തോടെ ഹലാലായി സമ്പാദിക്കാനും ചിലവുകളും സേവിംഗ്സും മാനേജ് ചെയ്യാനും അത് വഴി കുടുംബം മുന്നോട്ട് കൊണ്ട് പോകാനും തീർച്ചയായും കഴിയും.

ചുരുക്കി പറഞാൽ, മക്കളെ നോക്കുക എന്നത് കുട്ടിക്കളി അല്ല. കാരണം, നമ്മൾ എത്രത്തോളം അവരെ ശ്രദ്ധിക്കുന്നുണ്ടോ! അതിൻ്റെ എത്രയോ ഇരട്ടി അവർ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്. അതിനാൽ മാതൃകാ ജീവിതം നയിക്കാൻ പരിശ്രമിക്കുക. നാഥനിൽ ഭരമേല്പ്പിക്കുക.