അച്ഛന്റെ തോളത്തിരുന്നു കൊണ്ടാർദ്രമായി
സ്വന്തം പ്രതിരൂപം കണ്ടൊരാ നാൾ മുതൽ
ദർപ്പണം അവളുടെ ദാഹമായി മാറിയോ…?
ആത്മാവിഷ്കാരത്തിൻ ചില്ലുകൊട്ടാരം പോൽ..
ഏതോ കഴുകൻ തൻ കണ്ണടക്കണ്ണുകൾ
മായാവലയത്തിൻ ദർപ്പണങ്ങൾ തീർത്തു…
പതന കോണും പിന്നെ പ്രതിപതന കോണുകൾ..
പ്രതിഫലന തത്ത്വങ്ങൾ പ്രഭ ചൊരിഞ്ഞെത്തിയോ?..
ഹാ…മന്ദമാരുതൻ പോലും നിശ്ചലമായി
പിഞ്ചു ശരീരം പിടഞ്ഞു മണ്ണിൽ വീണു ….
ഞെട്ടറ്റു വീണൊരാ സുന്ദര കുസുമത്തെ
കാനനഛായയിൽ കണ്ടു അനാഥമായി..
സ്നേഹത്തിൻ മാന്ത്രിക വീണയും തകർന്നുവോ?..
ആരോ തട്ടിത്തകർത്തൊരാ പൂമേനി…
ചോദ്യചിഹ്നംപോല ധരണിയിൽ ആണ്ടുപോയി…
അവളുടെ പ്രതിബിംബം പോലും അനാഥമായി…
ഇന്നീമുഗ്ധമാം ശാദ്വല തീരത്ത് സ്നേഹത്തിൻ
ചില്ലുകൊട്ടാരം ഉടഞ്ഞു പോയി…
മോഹങ്ങൾ മണ്ണിൽ പിടഞ്ഞുവീണു…
മനഃസാക്ഷി പോലും മരവിച്ചു പോയി… കാലമേ മാപ്പ്…