പരീക്ഷാപ്പേടിയുണ്ടോ?

169
0

ജനുവരി മുതൽ കേരളത്തിൽ പരീക്ഷകളുടെ ചൂടുകാലമാണ് എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പിജി, വിവിധ യൂണിവേഴ്സിറ്റികൾക്കുള്ള എൻട്രൻസ്, മെഡിക്കൽ-എൻജിനീയറിങ് എൻട്രൻസ് എന്നിങ്ങനെ പലതരം പരീക്ഷകൾ നടന്നുകൊണ്ടിരിക്കുന്നു. പരീക്ഷകൾക്കനുസരിച്ച് അതിനെ നേരിടുന്ന വിദ്യാർത്ഥികളുടെ പരീക്ഷ പേടിയും അധികരിച്ചു എന്നതാണ് യാഥാർത്ഥ്യം.

അതിനെ യാഥാർത്ഥ്യവൽക്കരിക്കുന്നതാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ ഒരു അനുഭവം. ഒരു ടീച്ചർ പറഞ്ഞു മാഷേ ഈ കുട്ടിക്ക് ഭയങ്കര ടെൻഷൻ ആണ് എന്താ ചെയ്യാ? പത്താംതരത്തിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിയെ കാണിച്ച് പറയുകയാണ്. ഞാനും വിദ്യാർത്ഥിയോട് ചോദിച്ചു: എന്താണ് നിൻറെ പ്രോബ്ലം? വിദ്യാർത്ഥി പറഞ്ഞു സാർ എല്ലാം പഠിക്കുന്നുണ്ട് മറക്കുമോ എന്ന പേടിയാണ്.
ശരിയാണ് ഒട്ടുമിക്ക വിദ്യാർത്ഥികളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം ആണ് സൂചിപ്പിച്ചത്. പരീക്ഷ പേടി എനിക്ക് ഉത്തരം കിട്ടുമോ? ഞാൻ മറന്നു പോകുമോ? ചോദ്യങ്ങൾ എളുപ്പമാകുമോ? എന്ന പലതരം കാര്യങ്ങൾ വിദ്യാർഥികളുടെ മുന്നിൽ അലട്ടുകയാണ്.

ചേർത്ത് പറയട്ടെ ഈ പരീക്ഷാ പേടിയെ ചൂഷണം ചെയ്യുന്നവരും ആ ചൂഷണത്തിന് അടിമപ്പെടുന്നവരും പണം നഷ്ടപ്പെട്ടു പോകുന്നവരും ഏറെയുണ്ട്. ഈ ഏലസ്സ് കെട്ടിയാൽ പരീക്ഷ പേടി മാറും, ഈ വെള്ളം കുടിച്ചാൽ ഓർമ്മ വർദ്ധിക്കും എന്നൊക്കെ പറഞ്ഞു ജനങ്ങളുടെ പണം പിണുങ്ങുന്നവരും സമൂഹത്തിൽ ഒരുപാടുണ്ട്. പരീക്ഷ പേടി മാറാൻ നാം ഒന്നാമത് ചെയ്യേണ്ടത് പാഠഭാഗങ്ങൾ നന്നായി പഠിക്കുക എന്നതാണ് ‘താൻ പാതി ദൈവം പാതി’ എന്നാണല്ലോ ചൊല്ല്. തന്റെ പകുതി താൻ കൃത്യമായി തന്നെ ചെയ്യണം എന്നതാണ് അല്ലാഹു നമ്മോട് പറഞ്ഞിട്ടുള്ളത്.

രണ്ടാമത്തെ കാര്യം വ്യവസ്ഥാപിതമായ പഠനമാണ് പഠിനിക്കാനിരിക്കുന്ന സമയത്ത് നമ്മുടെ അടുത്ത് കുറച്ച് വെള്ള പേപ്പറുകൾ ഉണ്ടായിരിക്കേണ്ടതാണ്. പഠിക്കുന്ന കാര്യങ്ങളിൽ നിന്നും പ്രധാനപ്പെട്ടവയെ വേർതിരിച്ച് എടുത്ത് പട്ടികപ്പെടുത്തി പഠിക്കുന്നത് കൂടുതൽ എളുപ്പമാക്കും.

അതുപോലെ തന്നെ സ്റ്റഡി മാപ്പിംഗ് നടത്താം. എന്താണ് സ്റ്റഡി മാപ്പിംഗ്? അത് പലതരം ഉണ്ട്. ഒന്ന് ചിലന്തി വല പോലെ മാപ്പിംഗ് ചെയ്യുക എന്നതാണ്. പ്രധാനപ്പെട്ട പോയിൻറ് മദ്യഭാഗത്ത് എഴുതി ചുറ്റിനും അതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പോയിന്റുകൾ എഴുതിവെക്കുക. ഉദാഹരണത്തിന് പത്താം ക്ലാസിലെ ഹിസ്റ്ററി പഠിക്കുന്ന ഒരു വിദ്യാർത്ഥി ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് പഠിക്കുമ്പോൾ ഒന്നാം ലോകമഹായുദ്ധം എന്ന് മധ്യഭാഗത്ത് എഴുതി അതുമായി ബന്ധപ്പെട്ട പ്രധാന പോയിന്റുകൾ അതിന് ചുറ്റും വരച്ച് വ്യത്യസ്ത കളർ ഉള്ള പേനകൊണ്ട് എഴുതുകൂ. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ പഠിക്കാനും ഓർമിക്കാനും എളുപ്പമായിരിക്കും എന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്.

വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ടീച്ചേഴ്സ് ബിഎഡും പി എച്ച് ഡി യും ഒക്കെ കഴിഞ്ഞ് ഒരുപാട് വിദ്യാഭ്യാസ യോഗ്യതകളും ആയി വന്നവരാകാം. അവരവരുടെ വിഷയങ്ങൾ തൻറെ വിദ്യാർഥികൾക്ക് ഇതുപോലെയുള്ള ടെക്നിക്കുകളിലൂടെയും ട്രെയിനിങ് കൊടുത്തുകഴിഞ്ഞാൽ എളുപ്പത്തിൽ പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാനും മനപ്പാഠമാക്കാനും ഓർമിച്ചെടുക്കാനും കഴിയുന്നതാണ്. മൾട്ടിപ്പിൾ ഇൻറലിജൻസ് എന്ന തിയറി പഠിച്ച് അത് പ്രയോഗവൽക്കരിക്കുകയാണ് അധ്യാപകരുടെ കടമ.

അവസാനമായി വിദ്യാർഥികളോട് പറയാനുള്ളത് ഏത് പരീക്ഷയ്ക്ക് പോകുമ്പോഴും മനസ്സിൽ നാം കരുതേണ്ടത് വരുന്ന ചോദ്യങ്ങൾ എല്ലാം എനിക്ക് അറിയാവുന്നവ ആയിരിക്കും. ഉത്തരങ്ങൾ എനിക്ക് എഴുതാൻ കഴിയുന്ന വരെയായിരിക്കും. പരീക്ഷ വളരെ എളുപ്പമായിരിക്കും. എന്നെക്കൊണ്ട് ആവുംവിധം ഞാൻ പഠിച്ചിട്ടുണ്ട്. ബാക്കി എല്ലാം കഴിവുള്ളവനായ അല്ലാഹുവിൽ ഭരമേല്പിച്ചിരിക്കുന്നു. അവൻ തീയിൽ നിന്ന് ഇബ്രാഹിം നബിയെ രക്ഷിച്ചവനാണ്, മത്സ്യത്തിന്റെ വയറ്റിൽ നിന്ന് യൂനുസ് നബിയെ കരക്ക് എത്തിച്ചവനാണ്, മാറാരോഗം വ്യാപിച്ച അയ്യൂബ് നബിക്ക് ശമനം നൽകിയവനാണ്, സഹോദരങ്ങളാൽ പൊട്ടക്കിണറയിൽ എറിയപ്പെട്ട യൂസഫ് നബിക്ക് അഭയം നൽകിയവനാണ്, മുന്നിൽ ഇരമ്പുന്ന സമുദ്രവും പിന്നിൽ ഫറോവയും അവൻറെ കിങ്കരന്മാരും വന്നപ്പോൾ മൂസാ നബിക്ക് പതറാതെ നിൽക്കുവാൻ സ്ഥൈര്യം നൽകിയവനും വഴികാട്ടിയവനും ആണ് അവനിൽ ഞാൻ ഭരമേല്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *