വിദേശ പഠനം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

456
0

ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലെ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുകയാണ്. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം, ഉയര്‍ന്ന തൊഴില്‍ സാധ്യതകള്‍, പുതിയ കാഴ്ചപ്പാടുകള്‍,പുതിയ ജീവിത രീതികള്‍ പരിചയപ്പെടാനും ഉള്‍ക്കൊള്ളാനുമുള്ള അവസരങ്ങള്‍, വിദേശ ഭാഷകള്‍ പഠിക്കാനും മികച്ച ആശയ വിനിമയ ശേഷി ആര്‍ജിക്കുവാനുമുള്ള അവസരങ്ങള്‍,  വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുമായുള്ള സൗഹൃദങ്ങള്‍,  വിദേശ രാജ്യങ്ങളില്‍ സ്ഥിരതാമസത്തിന് അനുവാദം ലഭിക്കാനുള്ള സാധ്യതകള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ വിദേശ പഠനത്തെ ആകര്‍ഷകമാക്കുന്നു.

വിദേശ പഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ കുറഞ്ഞത് ഒരു വര്‍ഷം മുമ്പെങ്കിലും തയ്യാറെടുപ്പുകള്‍ ആരംഭിക്കേണ്ടതുണ്ട് .

ഇവിടെ ബിരുദ പഠനം ഗ്രാജ്വേഷനും ബിരുദാനന്തര പഠനം പോസ്റ്റ് ഗ്രാജ്വേഷനുമാണെങ്കില്‍, വിദേശത്ത് അത് അണ്ടര്‍ ഗ്രാജ്വേഷനും ഗ്രാജ്വേഷനുമാണ്. പ്ലസ്ടുവിന് ശേഷം അണ്ടര്‍ ഗ്രാജ്വേഷനാണോ, അതോ ഡിഗ്രിക്ക് ശേഷം ഗ്രാജ്വേഷനാണോ വിദേശത്ത് പഠിക്കേണ്ടത് എന്നതില്‍ വ്യക്തമായ ധാരണ നേരത്തെ ഉണ്ടാക്കി വെക്കണം.

പഠനത്തിനായി തെരഞ്ഞെടുക്കുന്ന രാജ്യം, വിഷയം, ഭാഷ, തൊഴില്‍ സാധ്യത, സാമ്പത്തിക ബാധ്യത, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യണം. പഠന മേഖലയ്ക്ക് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളും സര്‍വ്വകലാശാലകളും തെരഞ്ഞെടുക്കാം. പഠിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ ആഗോള റാങ്കിങ് മനസ്സിലാക്കണം. ഇതിനായി QS (Quacquarelli Symonds), THE (Times Higher Education), US News, ARWU (Academic Ranking Of World Universities) തുടങ്ങിയ സ്വതന്ത്ര റാങ്കിങ് ഏജന്‍സികളുടെ സഹായം തേടാം. നിലവാരം കുറഞ്ഞ സര്‍വ്വകലാശാലകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ പ്രാദേശികമായി പോലും തൊഴില്‍ സാധ്യത ഉറപ്പിക്കാനാവില്ല. ചേരാനാഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പാക്കാന്‍ Commonwealth Universities Year Book, International Hand book of Universities എന്നിവ പരിശോധിച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ University Grants Commision (UGC) യുമായി ബന്ധപ്പെടാം.

വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ആശയ വിനിമയം നടത്താന്‍ ശ്രമിക്കണം. വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ , അതത് രാജ്യത്തിന്റെ ഇന്ത്യയിലുള്ള വിദ്യാഭ്യാസ പ്രമോഷന്‍ ഓഫീസുകളില്‍ നിന്ന് ലഭിക്കും. അമേരിക്കയിലെ വിവരങ്ങള്‍ക്ക് USIEF (www.usief.org), ഫ്രാന്‍സിലേക്ക് ക്യാംപസ് ഫ്രാന്‍സ് (www.campusfrance.org), യു.കെയിലേക്ക് താല്‍പര്യപ്പെടുന്നവര്‍ക്ക് ബ്രിട്ടീഷ് കൗണ്‍സില്‍ (www.britishcouncil.org), ജര്‍മനിയിലേക്ക് DAAD (www.daad.in) തുടങ്ങിയ ഓദ്യോഗിക വിദ്യാഭ്യാസ ഏജന്‍സികളുടെ സേവനങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്. ഇന്ത്യന്‍ എംബസികള്‍ എല്ലാ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളും വെബ്‌സൈറ്റുകളും പ്രയോജനപ്പെടുത്തി വിശദമായ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമേ വിദേശ പഠനത്തെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്താവൂ.

വിദേശത്ത് വിദ്യാഭ്യാസത്തിനായി അപേക്ഷിക്കുമ്പോള്‍ വിവിധ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. മികച്ച രീതിയിൽ തയ്യാറാക്കിയ വിശദമായ ബയോ ഡാറ്റ , യോഗ്യതാ പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് (Transcripts), വിദേശ പഠനം ആഗ്രഹിക്കുന്നതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന ഒരു ഉപന്യാസം (Statement of Purpose), വിദ്യാര്‍ത്ഥിയുടെ കഴിവും മികവും നന്നായി അറിയുന്ന അധ്യാപകരില്‍ നിന്നും ലഭിക്കുന്ന ശുപാര്‍ശക്കത്തുകള്‍ (Letter of Recommendation), പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, ഭാഷാ നൈപുണ്യം അളക്കുന്ന IELTS, TOEFL തുടങ്ങിയ പരീക്ഷകളിലെ മികച്ച സ്‌കോര്‍ കാര്‍ഡ് തുടങ്ങിയവ തയ്യാറാക്കണം. കൂടാതെ അഭിരുചി പരീക്ഷകളായ SAT, ACT (അണ്ടര്‍ ഗ്രാജ്വേറ്റ് പഠനത്തിന്), GRE (ഗ്രാജ്വേറ്റ് പഠനം), GMAT (മാനേജ്‌മെന്റ് പഠനം) തുടങ്ങിയ പരീക്ഷാ സ്‌കോറുകളും ആവശ്യപ്പെടാറുണ്ട്. ഇത്തരം പരീക്ഷകളിലെ മികച്ച സ്‌കോറുകള്‍ നമ്മുടെ പ്രവേശനവും സ്‌കോളര്‍ഷിപ്പ് ലഭ്യതയും എളുപ്പമാക്കുമെന്ന് പ്രത്യേകം മനസ്സിലാക്കണം.

വിദേശ പഠനമെന്നത് ചെലവേറിയ കാര്യമാണ്. യാത്രാ ചെലവ്, താമസ ചെലവ്, ഭക്ഷണം, ഇന്‍ഷൂറന്‍സ്, കോഴ്‌സ് ഫീ തുടങ്ങിയവ നമ്മുടെ രാജ്യത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പഠനത്തിനായി തെരഞ്ഞെടുക്കുന്ന രാജ്യം, സര്‍വകലാശാല, കോഴ്‌സ്, കോഴ്‌സ് ദൈര്‍ഘ്യം തുടങ്ങിയവനുസരിച്ച് പഠന ചെലവ് വ്യത്യസ്തമായിരിക്കും. വിവിധ സ്‌കോളര്‍ഷിപ്പുകള്‍, ഫെല്ലോഷിപ്പുകള്‍, അസിസ്റ്റന്‍ഷിപ്പുകള്‍, പാര്‍ട്ട് ടൈം ജോലികള്‍, വിദ്യാഭ്യാസ വായ്പകള്‍ തുടങ്ങിയവ ഒരളവ് വരെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകാറുണ്ട്.

നമ്മുടെ വിദ്യാഭ്യാസ രീതിയില്‍ നിന്ന് വ്യത്യസ്തമായി ഒന്നിലധികം അഡ്മിഷന്‍ സൈക്കിളുകളുണ്ട് (Intakes) വിദേശങ്ങളില്‍. ഭൂരിഭാഗം യൂണിവേഴ്‌സിറ്റികളിലും Fall, Spring എന്നീ രണ്ട് Intakes ആണുള്ളത്. Fall സെപ്തംബറിലും Spring ജനുവരിയിലും ആരംഭിക്കുന്നു. ചില സ്ഥാപനങ്ങളില്‍ ഏപ്രില്‍ ആരംഭിക്കുന്ന ഒരു Summer Intake കൂടെയുണ്ടാകാറുണ്ട്. ഇന്ത്യയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്ന സമയം പരിഗണിക്കുമ്പോള്‍ സെപ്തംബറിലാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദം.

വിദേശപഠനമെന്നത് ഒരു വലിയ നിക്ഷേപവും തീരുമാനവുമായതിനാല്‍ എല്ലാ വശങ്ങളെക്കുറിച്ചും വളരെ ആഴത്തിലുള്ള ഗവേഷണം അത്യാവശ്യമാണ്. വിദ്യാര്‍ത്ഥികളോടൊപ്പം രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. വ്യാജ ഏജന്‍സികളുടെയും വെബ് സൈറ്റുകളുടെയും പ്രലോഭനങ്ങളില്‍ വീഴാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം .

Leave a Reply

Your email address will not be published. Required fields are marked *