സ്ത്രീധനത്തിന്റെയും ഓള്‍ ഇന്‍ ഓള്‍ പ്രോപ്പര്‍ട്ടിയുടെയും മാത്രം അളവുകോലില്‍ പ്രബുദ്ധതയെ നോക്കി കണ്ട കാലത്തുനിന്നും ഒരല്പമെങ്കിലും നമുക്ക് മാറ്റമുണ്ടായിട്ടുണ്ട്. പുതിയ പെണ്‍കുട്ടികള്‍ വിവാഹത്തിന് സ്വര്‍ണആഭരങ്ങളോട് ടാറ്റാ പറഞ്ഞത് മാതൃകാപരമായ കാര്യം തന്നെയാണ്.
വിവാഹഭക്ഷണം കഴിക്കുന്നവരുടെ ചര്‍ച്ചകളില്‍ നിറയെ മണവാട്ടിയുടെ ആഭരണമില്ലായ്മയോടുള്ള സഹതാപമാണെങ്കിലും യുവതലമുറയുടെ പുതിയ കാഴ്ച പാടുകള്‍ സ്വാഗതാര്‍ഹമാണ്. പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുക എന്നതൊരു ഭാരമായി കണക്കാക്കുകയും അതിന് കാരണമാകുന്ന നാട്ടുനടപ്പുകളെ അഭിമാനത്തിന്റെ ഘടകങ്ങളായി കൊണ്ടുനടക്കുകയും ചെയ്യുന്നവര്‍ ഇന്നുമുണ്ട്.
ഇത്തരത്തില്‍ നടപ്പുകളൊക്കെ നടത്തിവരുന്ന ഒരു സാധാരണ കുടുംബം വിവാഹ ശേഷം കടക്കെണിയിലാവാറാണ് പതിവ്. സമൂഹത്തിന് ഭീഷണിയാകുന്ന, അതേസമയം അലങ്കാര, അഹംഭാവ ഗുണങ്ങള്‍ മാത്രമുള്ള ജീര്‍ണിച്ച സിസ്റ്റങ്ങളെ തുടച്ചു നീക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

കല്യാണ കമ്പോളത്തില്‍ വിദ്യാഭ്യാസത്തിനു പ്രാധാന്യം കൂടിയെങ്കിലും വില പേശൽ പരോക്ഷമായും നടക്കുന്നുണ്ട്. തന്റെ മകന് അല്ലെങ്കില്‍ മകള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ധനം, മത മൂല്യങ്ങള്‍ മുറുകെപിടിക്കുന്ന പങ്കാളി ആണെന്നുള്ള തിരിച്ചറിവിലേക്ക് സമൂഹം ഇനിയും വളരാനുണ്ട്. പുതിയ നിരീശ്വര വാദ ചിന്തകള്‍ മതത്തെയും വിവാഹത്തെയും വിലകുറച്ചുമാത്രം കാണുമ്പോള്‍, യഥാര്‍ത്ഥത്തില്‍ നന്മ പ്രസരിക്കുന്ന ഇടങ്ങളാണ് ചവിട്ടി താഴ്ത്തപ്പെടുന്നത്. ‘കുടുംബം ‘ എന്ന പ്രധാന ഘടകത്തെ തച്ചുടച്ചുണ്ടാക്കുന്ന നവചിന്തകളെ അക്ഷരാര്‍ത്ഥത്തില്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവ എന്ന് തന്നെ വിളിക്കാം.
ഒരു വ്യക്തിയെ വിവാഹം ചെയ്യുന്നതിലൂടെ പുതിയൊരു കുടുംബം കൂടി ഉരുത്തിരിഞ്ഞു വരുന്നു എന്ന ബോധം പണവും ആസ്തിയും ലക്ഷ്യം വെക്കുന്ന ബന്ധങ്ങളില്‍ നിന്നും പിന്തിരിയാന്‍ മാതാപിതാക്കളെയും യുവതീ യുവാക്കളെയും പ്രേരിപ്പിക്കണം.
വിദ്യാഭ്യാസവും മഹിമകളും ഏറെ നിറഞ്ഞു നിന്നിട്ടും ഒരു കുടുംബത്തെ മുഴുവന്‍ ദുരന്തത്തിലാക്കിയ ആത്മഹത്യകള്‍ നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്റെ യാഥാര്‍ഥ്യങ്ങളാണ്.
ഉള്ളതില്‍ പെരുമ നടിക്കലും ഇല്ലാത്തത്തില്‍ കുത്തിനോവിക്കലും എന്തിന് ഇടതുകൈകൊണ്ട് ചെയ്തത് വലതുകൈകൊണ്ട് വ്‌ലോഗ് ചെയ്ത് അറിയിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക തരം സംസ്‌കാരം പുതുതായി ആരംഭിച്ചിട്ടുണ്ട്.
ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത നിയമവിദ്യാര്ഥിനിയുടെ വാര്‍ത്ത കണ്ടപ്പോള്‍ എനിക്ക് തോന്നിയത് അവള്‍ക്കൊന്ന് തര്‍ക്കിച്ചെങ്കിലും നില്‍ക്കാമായിരുന്നില്ലേ എന്നാണ്. പക്ഷെ ആത്മഹത്യ കുറിപ്പില്‍ അവള്‍ കുറിച്ചൊരു വാക്യമുണ്ട്.ഈ ലോകത്ത് മറ്റെന്തിനേക്കാള്‍ സ്‌നേഹിച്ച ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് കണ്ട് സഹിക്കാന്‍ കഴിയുന്നില്ലെന്ന്..
ആ മാനസികാവസ്ഥയെ വെറുതെയൊന്ന് ഓര്‍ത്തു നോക്കൂ. കൃത്യമായ അവബോധം യുവതീ യുവാക്കള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഉണ്ടാകാതെ നിയമങ്ങളെ പഴിചാരി നിന്നിട്ട് ഒരു കാര്യവുമില്ല.
എന്നിരുന്നാലും ഓരോ പെണ്ണും ആണും താനൊരു ആര്‍ഭാട കല്യാണത്തിനോ സ്ത്രീധന വിവാഹത്തിനോ മുതിരില്ല എന്ന ഉറച്ച തീരുമാനം എടുത്താല്‍ കുറെയൊക്കെ മാറിതുടങ്ങും. ഒരായുസ്സിന് ജീവിക്കാന്‍ ഉള്ള ആസ്തികള്‍ക്ക് പകരം,വറ്റാത്ത സ്‌നേഹം ഉണ്ടോയെന്നു തിരക്കിയാല്‍ മതി.
വിവാഹത്തിന്റെ യഥാര്‍ത്ഥ കാതല്‍ മറന്നുകൊണ്ടുള്ള ഒരു വിലപേശലുകള്‍ക്കും മാതാപിതാക്കളും മുതിരരുത്. ഇണ ചേര്‍ന്ന് ജീവിക്കുന്നത് വ്യക്തി ജീവിതത്തിന്റെ പ്രധാന ഘടകമാണെന്നും അത് ഇന്നേക്ക് മാത്രമുള്ളതല്ല എന്നും യുവതീ യുവാക്കള്‍ തിരിച്ചറിയട്ടെ.
അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹ ഫോട്ടോ ഷൂട്ട്ടിലെ കൃത്രിമ ഫോട്ടോ പോലെയൊന്നും റൊമാന്‍സ് ആയിരിക്കണമെന്നില്ല ജീവിതം.. എല്ലായ്‌പോളും ആര്‍ദ്ര നോട്ടങ്ങള്‍ പങ്കാളിയുടെ ഭാഗത്തു നിന്ന് കിട്ടണമെന്നില്ല..പലപ്പോളും പരസ്പരം ഒത്തു പൊന്നേക്കില്ല.. മനസ്സിലാക്കിയേക്കില്ല..
രണ്ട് ഹൃദയങ്ങളാണ്. രണ്ട് തരം പ്രദേശത്തെ രണ്ട് നിറമുള്ള പൂക്കള്‍ പോലെ. പക്ഷെ എല്ലാത്തിനുമൊടുക്കം സമയമെടുത്ത് പഴക്കവും തഴക്കവും വന്ന് ഹൃദയങ്ങള്‍ യോജിക്കുമ്പോള്‍ പരസ്പരം എന്റേതാണെന്ന് പറഞ്ഞുപോകുന്നൊരു ബന്ധം. എത്ര വെറുത്താലും അറിയാതെ വീണ്ടും സ്‌നേഹിച്ചു പോകുന്ന ബന്ധം. ഒറ്റവാക്കില്‍ സൃഷ്ടാവിന്റെ കയ്യൊപ്പുള്ള ബന്ധം!.. വിവാഹജീവിതത്തെ കുറച്ചുകൂടെ ആഴത്തില്‍ വായിക്കട്ടെ നവലോകം.