യാസീടെ ഹൂറുലീങ്ങൾ

229

എന്തിനായിരുന്നു അവൻ ഹൂറുലീങ്ങളേക്കുറിച്ച് ഓർമ്മപ്പെടുത്തിയത്… ദുനിയാവെന്ന പരീക്ഷണശാലയിൽ ജീവിതവിജയം നേടിയവർക്കല്ലയോ അവൻ, മുകളിലുള്ളവൻ അവരെ സമ്മാനിക്കുമെന്നുറപ്പു നൽകിയത്. ‘ഹൂറുലീങ്ങൾ’.. സ്വപ്ന സങ്കല്പങ്ങളിൽ പോലും വരച്ചെടുക്കാൻ സാധിക്കാത്തത്രയും വല്ല്യ സുന്ദരിമാർ… പക്ഷേ യുദ്ധം ജയിക്കണം, വലിയ യുദ്ധം…അവനവനോട് തന്നെയുള്ള യുദ്ധം.. വീട്ടിലിരിക്കുന്ന പ്രിയപ്പെട്ടവൾക്ക് തന്നെ താൻ അർഹനല്ലെന്ന യാഥാർത്ഥ്യത്താൽ ഹൂറിലീങ്ങളുടെ ചിന്തകൾ പരിസരത്തുപോലും വരാറില്ലെന്നതാണ് സത്യം…

സാധാരണത്തെ പോലെ അന്നും ആ യാത്ര മദ്ധ്യേയാണ് ബഹളം ആരംഭിച്ചത്… ബഹളം എന്ന് വെച്ചാ കേൾക്കുന്ന ഞങ്ങൾക്കു മാത്രമേ അതൊരു പ്രശ്നമാകാറുള്ളൂ.. യാസിക്കും മുബിക്കും അതൊരാനന്ദമാണ്… ഓരോ ദിനത്തിന്റെയും പൂർണ്ണതയിൽ ആ കുഞ്ഞനടികൾക്കുള്ള പ്രാധാന്യം വളരെയേറെയാണവർക്ക്.” ഈ തന്ത മുഴുവൻ നെഗറ്റീവ് ആണ്. ഒരു കാര്യബോധവുമില്ല” മുബിയുടെ തുടക്കം ഇങ്ങനെയാകാറാണ് പതിവ്.. മുറിവേറ്റ സിംഹത്തിന് പകരം വീട്ടാതിരിക്കാനാകില്ലല്ലോ…….”തള്ള” എന്ന അഭിസംബോധനയാൽ തന്റെ സ്വതസിദ്ധമായ നീട്ടിപ്പരത്തൽ ഭാഷയിൽ വിശദീകരണം ആരംഭിക്കും യാസി… ചിലപ്പോൾ ‘ന്റെ പൊന്നാര മുബിയെ അനക്ക് എന്തിന്റെ കേടായിരുന്നെന്ന്’ പറയാൻ തോന്നിപ്പോകും വിധം യാസി നിർത്താതെ പറഞ്ഞു കൊണ്ടേയിരിക്കും…

എന്നാലും എന്തിനായിരുന്നു അവനന്ന് ഹൂറിലീങ്ങളെ കൂട്ടുപിടിച്ചത്…ഓർമ്മ കിട്ടുന്നില്ല..’ന്റെ മുബ്യേ… ആ സിറാത്ത് പാലത്തിന്റെ വക്കത്ത് വച്ചൊന്നും ഇയ്യിന്നെ വിളിക്കല്ലേട്ടാ..

ഈ ദുനിയാവിലെന്നെയ്യിനെക്ക് സമാധാനം നൽകിയില്ല.. അവിടെയെങ്കിലും ഇത്തിരി സമാധാനം തായോ… നമ്മൾ ഹൂറൂലീങ്ങളൊക്കെയായിട്ട് ഒന്ന് അടിച്ചു പൊളിക്കട്ടെന്ന്…’

‘യാസിക്കാ.. ഇഞ് എന്തു വാങ്ങിക്കാനാ ഇങ്ങക്ക് ആഗ്രഹം’ എന്ന ചോദ്യത്തിന് യാസി പറഞ്ഞ ‘ ആപ്പിളിന്റെ വാച്ച്’ എന്ന മറുപടി ഹൃദയത്തിൽ കൊണ്ട് നടന്ന് പ്രിയതമന്റെ ജന്മദിനത്തിന് ആ വാച്ചെന്ന സ്വപ്നം തന്റെ ട്യൂഷൻ സമ്പാദ്യം മുടക്കി അപ്രതീക്ഷിത സമ്മാനമായി നൽകിയ മുബിക്ക് യാസീടെ ഹൂറുലീങ്ങളുടെ തമാശ മുറിവേൽപ്പിക്കുന്നതായിരുന്നു…’അയ്നു യാസിക്ക സ്വർഗ്ഗത്തിൽ ആണെക്കിലല്ലേ… ഞാൻ നരകത്തിലാണെങ്കിൽ യാസിക്ക അതിന്റേം താഴേള്ള നരകത്തിൽ ആയിരിക്കും,അതിക്ക് ഉറപ്പാ.. പിന്നെങ്ങനാ ഇങ്ങക്ക് ഹൂറൂലീങ്ങളെ കിട്ടാ… അതിക്കൊന്ന് കാണണല്ലോ..”
അപ്പറഞ്ഞത് ന്യായമാണെന്നെനിക്കും തോന്നി. ഒരു ചായ കുടിക്കാൻ പോലും കാറിന്റെ മുൻ സീറ്റിൽ മുബി ഇല്ലെങ്കി പറ്റാത്ത യാസിക്ക് സ്വർഗ്ഗത്തിലേക്കങ്ങനെ ഒറ്റയ്ക്ക് പ്രവേശന ടിക്കറ്റ് കിട്ടില്ലാന്ന് ഓൾക്കുറപ്പുണ്ടായിരുന്നു…

അത്രക്കഗാധമായിരുന്നു ഇരുവർക്കുമിടയിലുള്ള പ്രണയം… പരസ്പരം എത്രമേൽ പ്രണയിക്കുന്നുണ്ടെന്നു പോലും ബോദ്ധ്യമില്ലാത്തത്രയും ഒന്നായിച്ചേർന്ന പ്രിയപ്പെട്ടവർ..ഖലീൽ ജിബ്രാന്റെ വരികളിലെന്ന പോലെ
‘വേർപിരിയലിന്റെ സമയം വരെ പ്രണയത്തിനതിന്റെ ആഴം അറിയില്ലായിരുന്നു’, ആഴമറിയാതെ പ്രണയിച്ചവർ…ചുറ്റിലും കൂടിയവരിലേക്കൊക്കെയും സ്നേഹത്തിന്റെ വിത്തുപാകിയവർ..അതിനെ നിത്യേന വെള്ളവും വളവും നൽകി പരിപാലിച്ചവർ… യാസിയും മുബിയും…

ആ രാത്രി യാസി എന്തായിരിക്കും സ്വപ്നം കണ്ടിട്ടുണ്ടാകുക.. സിറാത്ത് പാലം ഓടിക്കിടന്ന് സ്വർഗ്ഗ കവാടത്തിലേക്ക് എത്തിച്ചേർന്നു അവൻ… പ്രവേശന ടിക്കറ്റ് പരിശോധിച്ച ശേഷം മാലാഖമാർ സ്വർഗ്ഗത്തിന്റെ മനോഹരമായ കവാടം അവനുവേണ്ടി തുറന്നു കൊടുത്തു… മുകളിലുള്ളവൻ ഭൂമിയിൽ നന്മ ചെയ്തവർക്കുറപ്പു നൽകിയ മനോഹരമായ ഭൂമിക… അവന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല… നടപ്പാതയിലെ മണൽത്തരികൾക്കു പോലും വല്ലാത്തൊരു തിളക്കം.. മനസ്സിൽ മുഴുവൻ ഹൂറിലീങ്ങളാ യിരുന്നു… അവന്റെ പടപ്പുകളിൽ ഏറ്റവും ഭംഗിയുള്ളവർ… ഒരു മാലാഖ വന്ന് അവനെ ഹൂറിലീങ്ങളുടെ അടുത്തേക്ക് കൂട്ടി കൊണ്ടുപോയി… വർണ്ണിക്കാൻ കഴിയാതെ അവൻ അത്ഭുതപ്പെട്ടു..

മുഖം അർദ്ധ സുതാര്യമായ തിളങ്ങുന്ന എന്തോ ഒന്നിനാൽ മറച്ചിട്ടുണ്ട്..പെട്ടെന്ന് രണ്ട് കണ്ണുകൾ അവന്റെ കണ്ണുകളുമായുടക്കി… എന്തോ അവക്ക് വല്ലാത്തൊരു പ്രകാശം..

‘ഇതാണെന്റെ ഹൂറി’ എന്നവന്റെ മനസ്സ് മന്ത്രിച്ചു.. അവൻ ആ ഹൂറിയുടെ അടുത്തേക്ക് നടന്നു.. അവൾ ചെറുതായൊന്ന് പുഞ്ചിരിച്ചു..

തിളങ്ങുന്ന ആ തുണിക്കഷ്ണം അവൻ അവളുടെ മുഖത്തുനിന്നും മെല്ലെ ഉയർത്തി.. ഇപ്പോൾ ആ മുഖം വളരെ വ്യക്തമായി കാണാമവന്… ഓർമ്മകളുടെ കഴിഞ്ഞുപോയ അധ്യായങ്ങളിലെവിടെയോ ഹൃദിസ്ഥമായ ആ പേര് അവൻ അറിയാതെ ചെറു ശബ്ദത്തിൽ വീണ്ടും വിളിച്ചു.
‘മുബിയേ…..’