ഗൾഫിലേക്ക് മടങ്ങുന്നില്ല… മക്കൾക്കുവേണ്ടിയാണ് ജീവിച്ചത്; ഇപ്പോൾ അവരില്ലല്ലോ… ചങ്കുപൊട്ടി വിതുമ്പുന്ന ഒരു പിതാവിൻ്റെ മുറിഞ്ഞു പോകുന്ന വാക്കുകളാണിവ. വെഞ്ഞാറംമൂട് സ്വദേശി അബ്ദുറഹീം എന്ന പ്രവാസിയുടെ ജീവിതത്തിൽ പെയ്തിറങ്ങിയ പരീക്ഷണങ്ങളുടെ പേമാരിയിൽ മനസ്സിൽ കാരുണ്യത്തിൻ്റെ കണമുള്ള ഓരോ മലയാളിയും നനഞ്ഞു കുതിർന്നിട്ടുണ്ട്. വർഷങ്ങൾക്കു ശേഷമാണ് നാട്ടിലെത്തുന്നത്. അതും ദുരന്തത്തിൻ്റെ ചാരക്കൂമ്പാരത്തിലേക്ക്. മക്കളില്ലാത്ത വീട്ടിൽ എങ്ങിനെ താമസിക്കുമെന്ന് ഗദ്ഗദസ്വരത്തിൽ അദ്ദേഹം അന്ന് ചോദിച്ചിരുന്നു.

എല്ലാ മക്കളോടുമാണ്
പ്രിയപ്പെട്ട മക്കളേ…
നിങ്ങളുടെ ജീവിതത്തിൽ മാതാപിതാക്കളോളം ആത്മാർത്ഥമായി നിങ്ങളെ സ്നേഹിക്കുന്ന മറ്റാരുമില്ല എന്ന് നിങ്ങൾക്കറിയാമോ. അവരുടെ രക്തമാണ് നിങ്ങളുടെ സിരകളിലൂടെ പായുന്നത്. അവരുടെ വിയർപ്പാണ് നിങ്ങളെ വളർത്തി ഇന്നു കാണുന്ന നിലയിലെത്തിച്ചത്. വിചാരിക്കുന്ന പോലെ ഒന്നു നടക്കാനോ ഇരിക്കാനോ കിടക്കാനോ കഴിയാതെ,
ഇഷ്ടമുള്ളൊരു ഭക്ഷണം പോലും മനം പുരട്ട ലായി തോന്നി പ്രിയ മാതാവ് നമ്മെ ഗർഭം ചുമന്ന് വേച്ചു വേച്ചു നടന്ന കാലമറിയുമോ നിങ്ങൾക്ക്?” ‘ മരണസമാനമായ വേദന സഹിച്ച് ജന്മം നൽകിയതറിയുമോ? പ്രയാസങ്ങൾക്കു മേൽ പ്രയാസം എന്നാണ് ഖുർആൻ (31:14) മാതാവിൻ്റെ ഗർഭകാല വിഷമങ്ങളെ സൂചിപ്പിച്ച് പറഞ്ഞത്.
സമയം പരിഗണിക്കാതെ രാത്രിയുടെ അന്ത്യ യാമങ്ങളിൽ പോലും നാം ഉണർന്നു, നിർത്താതെ വാവിട്ടു കരഞ്ഞു… കണ്ണുകൾ ചവർക്കുമ്പോഴും ഉറക്കം മിഴികളിൽ തൂങ്ങിയാടുമ്പോഴും ഉമ്മ നമുക്കു വേണ്ടി
ഉണർന്നിരുന്നു. തൊട്ടിലിലും വസ്ത്രത്തിലും വിരിപ്പിലും മടിയിലും തറയിലും നമ്മൾ ഛർദ്ദിച്ചു, മൂത്രമൊഴിച്ചു, കാഷ്ടിച്ചു… അതെല്ലാം അറപ്പില്ലാതെ അവർ വൃത്തിയാക്കി. നമ്മെ കഴുകി തുടച്ചു സ്നേഹത്തോടെ മാറോടു ചേർത്തു, അമ്മിഞ്ഞ നൽകി. താരാട്ടുപാടി, ഇമവെട്ടാകെ കാവലിരുന്നു.

വിയർത്തും കിതച്ചും നൊമ്പരങ്ങൾ മറച്ചു പിടിച്ചും പ്രതീക്ഷകൾക്ക് വിത്തിട്ടും മക്കളുടെ വളർച്ചയുടെ ഓരോ പടവിലും അൽപം ദൂരെ നിന്ന് ആഹ്ലാദത്തോടെ വീക്ഷിക്കുന്ന പിതാവിനെ അറിഞ്ഞിട്ടുണ്ടോ?. മരുമണൽ പോലെ അകം പൊള്ളുന്ന പ്രവാസത്തിൻ്റെ കൊടും ചൂടറിയാമോ നിങ്ങൾക്ക്?. ഓരോ ദിർഹമിൻ്റെയും ദീനാറിൻ്റെയും പിറകിലെ അധ്വാനം?. അവർക്ക് നഷ്ടപ്പടുന്ന ജീവിതത്തിൻ്റെ വസന്തകാലം? ഈ മനുഷ്യൻ്റെ കണ്ണീരിൽ അതെല്ലാം അരച്ചു ചേർത്തിട്ടുണ്. പ്രവാസികളുടെ മക്കളേ.. നിങ്ങൾക്ക് പലതുമറിയില്ല!’ കടൽ എന്ന മനോഹരമായ കവിതയിൽ ഇങ്ങിനുണ്ട്:
“കരയാത്തതെന്തമ്മേ അഛനൊരിക്കലു –
മെന്നു ഞാൻ അത്ഭുതപ്പെട്ടിടുമ്പോൾ
പറയാറുണ്ടെന്നമ്മ സർവ്വവും പേറുന്ന
സങ്കടക്കടൽ നിൻ്റെയഛനെന്ന്….
കടപ്പാടുകളുടെ എല്ലാ ചരടുകളും മുറിച്ച് ആരുടെ കൂടെയാണ് നാം ഇറങ്ങിപ്പോകുന്നത്?. ഏതു ചെളിക്കുഴിയിലേക്കാണ് നാം കുതിക്കുന്നത്? എവിടേക്കാണ് നാം വീടു വിട്ടറങ്ങി മറയുന്നത്?” ആരെയാണ് നാം അക്രമിക്കുന്നത്… കൊന്നു തള്ളുന്നത്?!!!. മാതാപിതാക്കളുടെ കണ്ണീരു വീഴാൻ നമ്മുടെ ഒരു പ്രവർത്തനം കാരണമായെങ്കിൽ ജീവിതത്തിൽ അതിനു വലിയ വില കൊടുക്കേണ്ടി വരിക തന്നെ ചെയ്യും. നാളെ നമ്മളും മാതാവോ പിതാവോ ആകും. എല്ലാ കഷ്ടതകളുടെയും ആഴം അപ്പോഴറിയും. അന്ന് തോളിൽ ചാഞ്ഞ് മുഖമമർത്തി ഒന്നു വിതുമ്പാനെങ്കിലും ആ മാതാപിതാക്കൾ ഈ ലോകത്തുണ്ടാകണമെന്നില്ല.