വിഷാദം

83

ഞാനൊരു കഥ പറയട്ടെ! (ഭാഗം 4)

ലക്ഷക്കണക്കിനാളുകളെ ചിരിപ്പിച്ച സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം വിഖ്യാത നടൻ റോബിൻ വില്യംസ് തനിച്ചിരുന്ന് കരയുമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും സംവിധായകനുമായ റാൾഫ് പറയുന്നുണ്ട്, “റോബിൻ കഠിനമായ വിഷാദരോഗത്തിന്റെ പ്രയാസങ്ങളിലായിരുന്നു. രോഗവുമായുള്ള നീണ്ട പോരാട്ടത്തിനൊടുവിൽ അയാൾ തന്റെ ജീവിതത്തിന് ഒരന്ത്യം കുറിച്ചു. അവസാനമായെന്നോണം ബാക്കിവെച്ച കുറിപ്പിൽ അദ്ദേഹം ഇങ്ങനെ എഴുതി. എന്നോട് ക്ഷമിക്കൂ… എനിക്കീ ജീവിതം സഹിക്കാൻ കഴിയുന്നില്ല.

പലപ്പോഴും നിങ്ങൾ മുന്നിൽ കാണുന്ന രൂപങ്ങൾ, മുഴുവൻ രംഗത്തിലെ ചെറിയൊരു ഭാഗം മാത്രമാണെന്ന് ഉറച്ചു വിശ്വസിക്കുക. എല്ലാ മനുഷ്യരുടെയും ഉള്ളിൽ മറ്റൊരു മനുഷ്യനുണ്ട്. നിങ്ങൾ അവർ ചിരിക്കുന്നത് കാണുന്നുണ്ട്, ആഴത്തിലുള്ള മുറിവുകൾ കാണുന്നില്ല. നിങ്ങൾ ശാന്തത കാണുന്നുണ്ട്. എന്നാൽ ആ ഹൃദയത്തിലെ അഗ്നിപർവ്വതത്തെക്കുറിച്ച് നിങ്ങൾക്കൊന്നുമറിയില്ല. പുറമേ കാണുന്ന പലതരം സന്തോഷങ്ങൾക്ക് പിന്നിലും എന്തൊക്കെയോ ഇല്ലായ്മകളുണ്ട്. എല്ലാ ആഘോഷങ്ങളുടെയും ഏതെങ്കിലുമൊരു കോണിൽ ദുഃഖത്തിന്റെ നേർത്ത ശബ്ദമുണ്ടാവും.
പലപ്പോഴും ജീവിതം മനുഷ്യരെ ബന്ധനസ്ഥരാക്കും. ദയയില്ലാതെ അവരുടെ മേൽ മണ്ണുവാരിയിടും. ഓരോ ജീവനുള്ള മനുഷ്യന്റെയും ഉള്ളിൽ ഒരു കുഴിമാടം ഒളിഞ്ഞിരിപ്പുണ്ട്.

*വിവർത്തകക്കുറിപ്പ്‌ : ഒരാൾക്കും താങ്ങാൻ കഴിയുന്നതിനപ്പുറം ദൈവം ഏൽപ്പിക്കുകയില്ല (വി. ഖു : 2:286).
സകല പ്രയാസങ്ങളെയും തരണം ചെയ്യാനുള്ള കരുത്ത് മനുഷ്യനുണ്ട്. അങ്ങനെയാകുമ്പോഴല്ലേ മനുഷ്യൻ മനുഷ്യനാവുന്നത്.