വിജയത്തിലേക്കുള്ള മൂന്ന് പടവുകൾ

182
0

“തീർച്ചയായും പരിശുദ്ധി നേടുകയും നിൻ്റെ രക്ഷിതാവിൻ്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും ചെയ്തവൻ വിജയം പ്രാപിച്ചു.” വിശുദ്ധ ഖുർആനിലെ 87 ആം അധ്യായം സൂറത്തുൽ അഅലയിലെ 14,15 ആയത്തുകളുടെ പരിഭാഷയാണിത്. യഥാർഥ വിജയത്തിലേക്കുള്ള മൂന്ന് പടവുകളാണ് ഈ ആയത്തുകളിൽ ഊന്നിപ്പറയുന്നത്.

1) പരിശുദ്ധി നേടുക.
ആത്മാവിൻ്റെ പരിശുദ്ധി തന്നെയാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. ‘ആത്മാവിനെ പരിശുദ്ധപ്പെടുത്തിയവൻ വിജയിച്ചു. അതിനെ മലിനപ്പെടുത്തിയവൻ പരാചയപ്പെട്ടു’ എന്ന് സൂറത്തുശ്ശംസിൽ അല്ലാഹു വിവരിച്ചിട്ടുണ്ട്.

2) ദൈവസ്മരണ നിലനിർത്തുക.
സൃഷ്ടാവും അനുഗ്രഹ ദാദാവുമായ അല്ലാഹുവിനെ മറന്ന് ജീവിക്കുന്നവർക്ക് ഇഹലോകത്ത് ഒരു തരം ‘ഇടുങ്ങിയ ജീവിതമായിരിക്കും ഉണ്ടാവുക എന്ന് സൂറത്തു ത്വാഹയിൽ 124 ആം ആയത്തിൽ കാണാവുന്നതാണ്‌.

3) നമസ്കാരം നിലനിർത്തുക
ആഴ്ചയിലോ വർഷത്തിൽ ഒരു മാസം റമദാനിലോ മാത്രം നമസ്കരിക്കുന്നവരെ പറ്റിയല്ല ഇപ്പറഞ്ഞത്. പിന്നെയോ?
“നമസ്കാരം സത്യവിശ്വാസിക്ക് സമയ ബന്ധിത നിർബന്ധ ബാധ്യതയാകുന്നു” എന്ന ഖുർആനിക നിർദേശം പാലിച്ച് കൃത്യനിഷ്ഠതയോടെ നമസ്കരിക്കുന്നവരെ പറ്റിയാണ് ഇപ്പറഞ്ഞത്.

ജീവിതത്തിൽ ഈ മൂന്ന് ആദർശ തത്വങ്ങൾ പാലിക്കുന്നവർക്ക് വിജയം ഉറപ്പാണ് എന്നാണ് ഖുർആൻ അൽ അഅലാ 14, 15 ആയത്തുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാൽ പലർക്കും വിജയത്തിൻ്റെ ഈ മൂന്ന് പടവുകൾ തിരിച്ചറിയാനോ അതിലൂടെ സഞ്ചരിക്കാനോ സാധിക്കാത്തതിൻ്റെ കാരണവും തൊട്ടടുത്ത 16 ആം ആയത്തിൽ ഇപ്രകാരം കാണാം: “പക്ഷെ ഐഹിക ജീവിതത്തിനാണ് നിങ്ങൾ മുൻഗണന നൽകുന്നത്!”. തുടർന്ന് അല്ലാഹുവിൻ്റെ മുന്നറിയിപ്പ് ഇപ്രകാരം: “പരലോകമാണ് ഉത്തമവും നിലനിൽക്കുന്നതും”.

വെളിച്ചം:
ഭൗതിക ജീവിതത്തിൽ മാത്രം വിജയിച്ചവരായി കാണുന്ന പലരും യഥാർഥ വിജയത്തെ കണ്ടറിഞ്ഞവരോ തൊട്ടറിഞ്ഞവരോ അല്ല. യഥാർഥ വിജയത്തിൻ്റെ ചാലക ശക്തി അനുഗ്രഹദാതാവിനെ തിരിച്ചറിഞ്ഞ് അവനെ സ്മരിച്ച് ധർമപാതയിൽ ഐഹിക ജീവിതത്തെ ചിട്ടപ്പെടുത്തുക എന്നതാണ്. അതാണ് വേദ വെളിച്ചം പകർന്നു തരുന്ന യഥാർഥ വിജയവഴി..

Leave a Reply

Your email address will not be published. Required fields are marked *