എന്റെ സ്കൂൾ ജീവിതത്തിൽ ഏറ്റവും മനോഹരമായിരുന്നത് എന്റെ ഹൈസ്കൂൾ കാലഘട്ടമായിരുന്നു. ഒരു കാമ്പസ് വിട്ടുപോരുമ്പോൾ ഞാൻ കരഞ്ഞിട്ടുണ്ടെങ്കിൽ അത് പത്താം ക്ലാസിലെ അവസാന പരീക്ഷയും കഴിഞ്ഞ് ഇറങ്ങുമ്പോൾ ആയിരുന്നു എന്റെ പഠനകാലങ്ങളിൽ ഒന്നും അധ്യാപകരുടെ അപ്രീതിക്കോ ശാപ വാക്കുകൾക്കോ ഇരയാകേണ്ടി വന്നിട്ടില്ല. കാരണം പഠന കാര്യങ്ങളിൽ തരക്കേടില്ലാത്ത സ്ഥാനം എല്ലാ ക്ലാസ്സുകളിലും ഉണ്ടായിരുന്നു.
എന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം ഞാൻ പൂർത്തീകരിച്ചത് കൊണ്ടോട്ടി GVHSS ൽ ആയിരുന്നു. 8, 9 ക്ലാസുകൾ വലിയ അല്ലലില്ലാതെ കഴിഞ്ഞുപോയി. അങ്ങനെ ജീവിതയാത്രയുടെ വഴിത്തിരിവാണെന്നൊക്കെ പറയുന്ന പത്താം ക്ലാസിൽ എത്തി. ജഗദമ്മ ടീച്ചർ ആയിരുന്നു ഞങ്ങളുടെ ക്ലാസ് ടീച്ചർ. ഇംഗ്ലീഷ് ആയിരുന്നു ടീച്ചറുടെ വിഷയം. വളരെ സാത്വികയായ ഒരു ടീച്ചർ. ഇവരെല്ലട്ടോ നമ്മുടെ കഥാ നായിക. ടീച്ചറുടെ ഉറ്റ സുഹൃത്തും സന്തതസഹചാരിയും ആയിരുന്ന ഉഷ ടീച്ചറെ പറ്റിയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. ഞങ്ങളുടെ കണക്ക് ടീച്ചറായിരുന്നു ഉഷ ടീച്ചർ. ഞങ്ങൾ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ടീച്ചറെ പറ്റി ഏകദേശം ഒരു ധാരണയുണ്ടായിരുന്നു. നല്ലവണ്ണം അടിക്കും വഴക്കു പറയും മറ്റുള്ളവരുടെ മുമ്പിൽ നാണം കെടുത്തും അങ്ങനെ ഒരുപാട് കഥകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവർക്കും ടീച്ചറെ പേടിയും വെറുപ്പുമൊക്കെയായിരുന്നു. ഞങ്ങൾ ഒമ്പതിൽ പഠിക്കുന്ന സമയം, ഒരു ദിവസം തൊട്ടടുത്തുള്ള പത്താം ക്ലാസിൽ നിന്ന് വലിയ ബഹളം. കാര്യമന്വേഷിച്ചപ്പോഴാണ് അറിയുന്നത് കുട്ടികളിൽ ആരോ ടീച്ചറുടെ കസേരയിലും മേശപ്പുറത്തും നായക്കുരണ പൊടി വിതറിയിരുന്നെന്നും ഇതറിയാതെ അവിടെ ഇരുന്ന ടീച്ചർക്ക് ആകെ ചൊറിച്ചിൽ ആയി എന്നുമൊക്കെ. അപ്പോൾ തന്നെ അറിയാലോ കുട്ടികൾക്ക് ടീച്ചറോട് എത്രമാത്രം ദേഷ്യം ഉണ്ടായിരുന്നെന്ന്. സ്വാഭാവികമായും ടീച്ചറെ കുറിച്ച് കേട്ട കഥകളും കണ്ട കഥകളും ഒക്കെ വെച്ച് നോക്കുമ്പോൾ എന്റെ മനസ്സിലും സ്വല്പം ഒക്കെ അനിഷ്ടം ഉണ്ടായിരുന്നു.

അങ്ങനെ ഉഷ ടീച്ചർ പത്താം ക്ലാസിൽ ഞങ്ങൾക്ക് കണക്ക് പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടു. പ്രതീക്ഷിച്ചതുപോലെ തന്നെ ടീച്ചർ ആകെ ജഗപൊഗ. ഹോം വർക്ക് ചെയ്യാതെ വന്നാൽ അടി, ഉത്തരം തെറ്റിയാൽ അടി, ക്ലാസിൽ വർത്തമാനം പറഞ്ഞാൽ കടുകട്ടി കണക്കുകൾ ബോർഡിൽ ചെയ്യിപ്പിക്കുക, അറിയില്ലെങ്കിൽ വല്ലാതെ കളിയാക്കുക…
ഇങ്ങനെ നീണ്ടുപോകുന്നു കലാപരിപാടികൾ.
അങ്ങനെ ഓണപ്പരീക്ഷ കഴിഞ്ഞു. പേപ്പറെല്ലാം കിട്ടി. തരക്കേടില്ലാത്ത മാർക്കും ഉണ്ടായിരുന്നു. അന്ന് കണക്കിന് രണ്ട് പേപ്പർ ഉണ്ടായിരുന്നു. എനിക്ക് ഫസ്റ്റ് പേപ്പറിൽ 17 മാർക്കും സെക്കൻഡ് പേപ്പറിൽ 38 മാർക്കും ആയിരുന്നു. 18 മാർക്കിൽ താഴെയുള്ളവരോടൊക്കെ എഴുന്നേറ്റു നിൽക്കാൻ പറഞ്ഞു. കൂട്ടത്തിൽ ഞാനും എഴുന്നേറ്റു. എല്ലാവരോടും കൈ കമിഴ്ത്തി പിടിക്കാൻ പറഞ്ഞു….ടീച്ചർ ചൂരൽ കൊണ്ട് എല്ലാവരുടെ വിരലിലും തല്ലി. എനിക്ക് നടുവിരലിന്റെ എല്ലിലായിരുന്നു അടികൊണ്ടത്. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവിടം വീങ്ങിവന്നു. നല്ല വേദനയും. ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു അടി. വെറുതെയല്ല കുട്ടികൾ നായ്ക്കുരണ പൊടി വിതറിയത് എന്ന് ഞാൻ മനസ്സിൽ ഓർത്തു . അതിനുശേഷം ടീച്ചറോട് ഉള്ള ദേഷ്യവും വെറുപ്പും കൂടാൻ തുടങ്ങി. പിന്നീട് ടീച്ചറുടെ പിരീഡ് ആകുമ്പോൾ ഒരു തരം അസ്വസ്ഥതയായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ടീച്ചർ എന്നെ മേശക്ക് അരികിലേക്ക് വിളിപ്പിച്ചു.പടച്ചോനെ! എന്തിനാവും എന്ന് അങ്കലാപ്പോടെ ഞാൻ മടിച്ചുമടിച്ച് ടീച്ചറുടെ അരികിലെത്തി. ടീച്ചർ എന്നോട് ചോദിച്ചു “ഇയാൾക്ക് ബാക്കി വിഷയങ്ങളിൽ ഒക്കെ തരക്കേടില്ലാത്ത മാർക്ക് ഉണ്ടല്ലോ പിന്നെന്താ ഈ വിഷയത്തിൽ ഇങ്ങനെയെന്ന്”…. പേടിയോടെയാണെങ്കിലും എന്റെ പ്രയാസങ്ങൾ എല്ലാം ഞാൻ പറഞ്ഞു. ടീച്ചർ എന്നോട് പോയി ഇരിക്കാൻ പറഞ്ഞു പിന്നീടുള്ള ദിവസങ്ങളിൽ ടീച്ചർ എന്നോട് കുറച്ചുകൂടി നല്ല രീതിയിൽ പെരുമാറാൻ തുടങ്ങി. കുറച്ചു ദിവസങ്ങൾക്കുശേഷമാണ് ഇതിന്റെ പിന്നിലെ ഗുട്ടൻസ് മനസ്സിലായത്. ഞാൻ മുമ്പ് പറഞ്ഞില്ലേ ഞങ്ങളുടെ ക്ലാസ് ടീച്ചർ ജഗദമ്മ ടീച്ചറും ഉഷ ടീച്ചറും ഒരമ്മപെറ്റ ഇരട്ടകളെ പോലെയാണെന്ന്. അപ്പോൾ സ്റ്റാഫ് റൂമിലെ ഇടവേളകളിൽ അവരുടെ സംസാരം ക്ലാസിലെ കുട്ടികളെ കുറിച്ചാവും. അങ്ങനെ എന്റെ പ്രോഗ്രസ് കാർഡ് ചെക്ക് ചെയ്തപ്പോൾ ആണ് മറ്റു വിഷയങ്ങളുടെ മാർക്കൊക്കെ ടീച്ചർ അറിയുന്നത്.പിന്നീടുള്ള ദിവസങ്ങളിൽ ഉഷ ടീച്ചറെയും കണക്കിനെയും ഏറെ ഇഷ്ടപ്പെടാൻ തുടങ്ങി ടീച്ചറും ആയി നല്ല കമ്പനിയായി പുറത്തുവെച്ചൊക്കെ കണ്ടാൽ സംസാരിക്കാനും ചിരിക്കാനും തുടങ്ങി.
അങ്ങനെ ക്രിസ്മസ് പരീക്ഷ കഴിഞ്ഞു. വീണ്ടും കണക്കിന്റെ പേപ്പർ കിട്ടി. അന്ന് 17 മാർക്കുള്ള പേപ്പറിന് ഇന്ന് 42 മാർക്ക്!! എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അന്നാണ് ഞാൻ ഒരു കാര്യം മനസ്സിലാക്കിയത് പഠിപ്പിക്കുന്ന ടീച്ചർ കുട്ടികളുമായൊരു ആത്മബന്ധം പുലർത്തിയാൽ ഏത് കഠിനമായ വിഷയവും എളുപ്പവും രസകരവുമായി ത്തീരുമെന്ന്. പിന്നീട് ഉഷ ടീച്ചർ എന്റെ പ്രിയപ്പെട്ട ടീച്ചർ ആയി മാറി . കണക്കിനോടുള്ള പേടിയും മാറി. ജഗദമ്മ ടീച്ചറെ ഓർക്കുമ്പോൾ ഉഷ ടീച്ചറും ഉഷ ടീച്ചറെ ഓർക്കുമ്പോൾ ജഗദമ്മ ടീച്ചറും ഇന്നും എന്റെ മനസ്സിലേക്ക് ഓടിയെത്തും. പിന്നീട് എന്റെ അനിയനും അനിയത്തിമാരും ഒക്കെ ആ സ്കൂളിൽ പഠിച്ചപ്പോഴും അവരോട് ടീച്ചർ എന്നെ പരാമർശിക്കാറുണ്ടായിരുന്നു.
വർഷങ്ങൾക്കിപ്പുറം പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തിയപ്പോൾ രണ്ട് ടീച്ചർമാരും വന്നിരുന്നു.പക്ഷേ ഞാൻ എത്താൻ വൈകിയതിനാൽ അതിനുമുമ്പ് അവർ പോയിരുന്നു.. തെക്കൻ ജില്ലയിൽ എവിടെയോ ആയിരുന്നു അവരുടെ വീട്.അതുകൊണ്ട് നേരത്തെ പോയതാണെന്ന് അറിഞ്ഞു..
പക്ഷേ സഹപാഠികളോട് അവർ എന്നെ അന്വേഷിച്ചിരുന്നു എന്ന് അറിഞ്ഞപ്പോൾ ഏറെ സന്തോഷമായി. 26 വർഷം കഴിഞ്ഞു പോയിട്ടും അവർ എന്നെ ഓർത്തല്ലോ….എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. ഞാനവരെ ഫോണിൽ വിളിച്ച് ഏറെ നേരം സംസാരിച്ചു…
എന്റെ ജീവിതത്തിൽ ഒരുപാട് ടീച്ചർമാർ കടന്നുപോയിട്ടുണ്ട്. പക്ഷേ ഒരു ടീച്ചറെ കുറിച്ച് പറയാൻ പറഞ്ഞാൽ എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക എന്റെ പ്രിയപ്പെട്ട ഉഷ ടീച്ചറാണ്. അതെ, വെറുത്ത് വെറുത്ത് ഇഷ്ടമായിപ്പോയ എന്റെ പ്രിയപ്പെട്ട ടീച്ചർ.
ഈ അധ്യാപക ദിനത്തിൽ എന്റെ ടീച്ചർക്ക് ഒരുപാട് ആശംസകൾ നേർന്നുകൊണ്ട് നിർത്തുന്നു.