വെറുതെയിരിക്കരുത്; അധ്വാന നിരതരാകണം

145
0

മനുഷ്യ ജീവിതം സുഖ-ദുഃഖസമ്മിശ്രമായ അനുഭവങ്ങളും അനുഭൂതികളുമാണ്. പ്രയാസങ്ങളുണ്ടാകുമ്പോൾ ജീവിതാവബോധമുള്ള വ്യക്തികൾ വല്ലാതെയൊന്നും തളരാത്തത് ഈ തിരിച്ചറിവുള്ളത് കൊണ്ടാണ്. കാരണം അവർക്കറിയാം പ്രയാസങ്ങളുടെ മറുവശം എളുപ്പമാണെന്ന്.

വിശുദ്ധ ഖുർആനിൽ ഈ ആശയം ഊന്നിപ്പറയുന്ന ഒരു അധ്യായമാണ് സൂറത്തുശ്ശറഹ്. 8 ആയത്തുകൾ മാത്രമുള്ള ഈ സൂറത്ത് ഖുർആനിലെ 94 ആമത്തെ അധ്യായമാണ്. ഇതിലെ 5,6,7 ,8 ആയത്തുകൾ ഇപ്രകാരമാണ്:

” എന്നാൽ പ്രയാസത്തോടൊപ്പമാണ് എളുപ്പമുണ്ടാവുക. തീർച്ചയായും പ്രയാസത്തോടൊപ്പം തന്നെയാണ് എളുപ്പമുണ്ടാവുക.
ആകയാൽ നീ ഒരു കാര്യത്തിൽ നിന്നൊഴിവായാൽ അടുത്തതിൽ ശ്രദ്ധവെക്കുക. നിൻ്റെ നാഥനിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുക.” (സൂറത്തുശ്ശറഹ് 5-8)

നാല് കാര്യങ്ങളാണ് അഥവാ ജീവിത സത്യവും ജീവിതത്തോടുള്ള സമീപനവുമായി ബന്ധപ്പെട്ടതുമായ നാല് ആദർശതത്വങ്ങളാണ് ഈ ആയത്തുകളിൽ വ്യക്തമാക്കുന്നത്.

1) പ്രയാസങ്ങളിൽ തളരരുത്. നെഗറ്റീവ്ചിന്തകൾ മനസ്സിൽ നിറയാനിടവരരുത്.

2) ഏതൊരെളുപ്പവും കടന്നു വരുന്നത് പ്രയാസത്തോടൊപ്പമാണ്. അതിനാൽ പ്രയാസവേളയിൽ ചിന്തിക്കേണ്ടത് ഒരെളുപ്പം വരാനുണ്ട് എന്ന് തന്നെയാണ്.

3) ഒരിക്കലും അലസമായിരിക്കരുത്. ഒരു ജോലി കഴിയുമ്പോൾ അടുത്തതിൽ വ്യാപൃതനാവണം. വിശ്രമവേള എന്നത് വെറുതെ സമയം കളയാനുള്ളതല്ല.

4) എല്ലായ്പോഴും റബ്ബിൽ പ്രതീക്ഷവെച്ചുപുലർത്തുക. കർമങ്ങൾ ചെയ്യുമ്പോഴും റബ്ബിനെ മറന്ന കർമമാവരുത്.

പ്രവാചകനെ അഭിമുഖീകരിച്ചു കൊണ്ടാണ് അല്ലാഹു ഈ ആദർശ തത്വങ്ങൾ വിശദീകരിക്കുന്നതെങ്കിലും ഈ സൂറത്തും ഈ ആയത്തുകളും വായിക്കുന്ന നാമേവരോടു മാണീ ദൈവിക മാർഗദർശനം.

പ്രവാചകന് അല്ലാഹു സവിശേഷമായി പകർന്ന് നൽകിയ അനുഗ്രഹങ്ങൾ എടുത്തു പറഞ്ഞു നബിയെ ആശ്വസിപ്പിക്കുകയും പ്രബോധന ദൗത്യത്തിൽ അല്ലാഹു താങ്കളുടെ കൂടെയുണ്ട് എന്ന സന്ദേശം നൽകിക്കൊണ്ടുമാണ് ഈ സൂറത്തിൻ്റെ തുടക്കം എന്നതും ശ്രദ്ധേയം.

വെളിച്ചം :

നാം ഒരു പ്രയാസത്തെ ഓർത്ത് പ്രയാസപ്പെട്ടിരിക്കുമ്പോൾ ഓർക്കണം; എത്രയോ നന്മകളും അനുഗ്രഹങ്ങളും അല്ലാഹു നമുക്ക് നൽകിയിട്ടുണ്ടെന്ന്. അത് കാണാതെയാണ് പലപ്പോഴും പ്രയാസങ്ങളിൽ പരിതപിച്ച് പ്രയാസത്തിൻ്റെ കൂടെയുള്ള എളുപ്പം കാണാനാവാതെ പലരും നിരാശരും നിഷ്ക്രിയരുമാകുന്നത്. ഈ അവസ്ഥ വരാതെ സൂക്ഷിക്കണം. ഇതാണ് ഈ സൂറത്ത് പകർന്നുതരുന്ന ജീവിത വെളിച്ചം.

Leave a Reply

Your email address will not be published. Required fields are marked *