വെളിച്ചം നല്ലൊരു വെളിച്ചമാണ്. വെളുവെളുത്ത വെള്ളാരം കല്ലുകൾ പോലും വെട്ടിത്തിളങ്ങുക ഒത്തിരി വെളിച്ചം അതിൽ പതിയുമ്പോൾ മാത്രമാണ്.
ഇടവേളകൾക്കൊടുവിൽ അപ്രതീക്ഷിതമായി ഹൃദയത്തിന്റെ ചില ഭാഗങ്ങളിൽ വെളിച്ചമടിക്കുമ്പോൾ മാത്രമാണ് നമ്മൾ പലപ്പോഴും തിരിച്ചറിയുക, ഈ വെളിച്ചമായിരുന്നു നമുക്ക് വഴിയിലെവിടെയോ നഷ്ടപ്പെട്ട് പോയിരുന്നതെന്ന്!
മുമ്പേപ്പഴോ നിറഞ്ഞു നിന്നിരുന്ന വെളിച്ചം ഏതോ ഒരു കാറ്റിൽ അണഞ്ഞു പോയിരുന്നു എന്നും…
അതങ്ങനെയാണ്, ചില വെളിച്ചങ്ങൾ മിന്നൽപ്പിണറുകൾ പോലെയാണ്. ഒരു നിമിഷം കൊണ്ടത് മിന്നിമറഞ്ഞാലും ഇനി താണ്ടേണ്ട വഴികളെ അത് പകൽ പോലെ കാണിച്ചു തന്നിരിയ്ക്കും. അങ്ങനെ ദൃശ്യമാക്കപ്പെട്ട വഴികളത്രയും നടന്നു കഴിഞ്ഞാലോ? യാത്രയൊടുങ്ങുമോ? ഇല്ല, സൂര്യനസ്തമിക്കുമ്പോൾ ചന്ദ്രനും ചന്ദ്രനസ്തമിക്കുമ്പോൾ സൂര്യനും പ്രത്യക്ഷപ്പെടുന്ന ഈ പ്രപഞ്ചത്തിൽ വെളിച്ചമെങ്ങനെ തീരാനാണ്? സൂര്യ-ചന്ദ്രമാരൊടുങ്ങുന്ന നാൾ വരെ വെളിച്ചമിവിടെത്തന്നെ ബാക്കിയാവും.
ഇടവേളകളിലെ ഇരുട്ടുകളിൽ നമ്മൾ എന്തു ചെയ്യണം ? കാത്തിരിക്കണം! ആകെയുള്ള ഒത്തിരിവെട്ടത്തിൽ അരിച്ചരിച്ച് നീങ്ങണം. ഒരു വഴി തെളിഞ്ഞു വരുന്നത് വരെ അത് തുടർന്ന് കൊണ്ടിരിക്കണം.
എല്ലാ വെളിച്ചങ്ങളും നമ്മെ തേടി ഇങ്ങോട്ട് വരണം എന്നില്ല, സമീപമുള്ള വിളക്കുകളെ തിരിച്ചറിയണം, അൽപം വെളിച്ചത്തെ കടമെടുക്കണം. വെളിച്ചമെത്തുമ്പോൾ കടം വീട്ടണം.
പിന്നെ… ഒന്ന് കണ്ണടയ്ക്കുമ്പോൾ കാണുന്ന ആദ്യത്തെ ഇരുട്ടിനപ്പുറം സ്ഥായിയായ വെളിച്ചത്തിലേക്കുള്ള എത്രയെത്ര വാതിലുകളുണ്ട്? അത് തുറക്കാൻ കഴിയണം.
പക്ഷെ… നമ്മളിപ്പോഴും ഉറങ്ങാൻ വേണ്ടി മാത്രമാണ് കണ്ണടയ്ക്കുന്നത്!