“വെളിച്ചം നഗറിലെ ഓർമ്മകൾ”

351
0

ഇനി അടുത്ത വെള്ളിയാഴ്ച ഒമ്പതാം തീയതി എക്സിബിഷൻ തുടങ്ങുമ്പോൾ മാത്രമേ ഈ നഗരിയിലേക്ക് വരൂ എന്നായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷേ ആ തീരുമാനം ഞാനേ എടുത്തിരുന്നുള്ളൂ. എൻറെ മനസ്സ് എടുത്തിരുന്നില്ല. മൂന്ന് ദിവസത്തോളം വീണ്ടും അവിടേക്ക് പോയി. ഓരോ ദിവസവും ആവേശം പകരുന്ന പ്രതീതി ആയിരുന്നു സമ്മേളന നഗരിയുടേത്.
അങ്ങനെ എക്സിബിഷന്റെ തുടക്ക ദിവസം എത്തി. മെഗാ വളണ്ടിയേഴ്സ് മീറ്റും സമ്മേളന നഗരിയിലെ ആദ്യ ഖുതുബയും നടന്നു. പിന്നീട് എക്സിബിഷൻ നാട്ടുകാർക്ക് വേണ്ടി തുറക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. എന്റെ പന്ത്രണ്ടാമത്തെ എക്സിബിഷൻ ആണ് ഇത്. തുടക്കം പൊന്നാനി ,ചങ്ങരംകുളം.. അങ്ങനെ നീണ്ടുകിടക്കുന്നതായിരുന്നു. 10 വർഷങ്ങൾക്ക് ശേഷം വീണ്ടും “THE MESSAGE EXHIBITION” ൽ നാഥന് സ്തുതി.

പണ്ട് ദി മെസ്സേജ് മെഡിക്കൽ എക്സിബിഷൻ എന്നായിരുന്നു എക്‌സിബിഷന്റെ പേര്‌. നാല്പതിൽ ചുരുങ്ങിയ കൗണ്ടറുകൾ മാത്രമുള്ള ഒന്ന്. ഒരുപാട് ആളുകൾ സംഘടനയിലേക്ക് വരാൻ കാരണമായ ഒന്ന്.

മെസ്സേജ് എക്സിബിഷനെ പറ്റി പറയുമ്പോൾ ഒരിക്കലും മറക്കാനാവാത്ത മുഖമാണ് “ഡോക്ടർ മുബശ്ശിർ”ക്കയുടേത്. അദ്ദേഹത്തിൻറെ എഫർട്ട് പറയാതിരിക്കാൻ വയ്യ ഇതിൻറെ അമരക്കാരൻ തന്നെ അദ്ദേഹമാണ്. ഇസ്ലാമിൻറെ യഥാർത്ഥ വശത്തെ തുറന്നുകാട്ടി ആളുകളുടെ മനസ്സിലേക്ക് ഇസ്ലാമിൻറെ വെളിച്ചം എത്തിച്ചു കൊടുത്തതിൽ എക്സിബിഷന് വളരെ ഏറെ പങ്കുണ്ട്.


എന്നാൽ ഇക്കുറി ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. മെഡിക്കൽ എന്നതിൽ നിന്ന് സയൻസ് എക്സിബിഷനിലേക്ക് മാറി. ഒരുപാട് സംഭവവികാസങ്ങളെക്കുറിച്ച് പഠിക്കാനുള്ള വേദിയായി. ഒൻപതിൽ അധികം ഉൾക്കൊള്ളുന്ന എക്സിബിഷൻ. വലിയ സംവിധാനങ്ങളോട് കൂടിയുള്ള നിർമ്മാണം. ഫുള്ളി എയർകണ്ടീഷൻ. വലിയ സജ്ജീകരണങ്ങൾ. ജനനം മുതൽ മരണം വരെയുള്ള സെക്ഷനുകൾ. അല്ലാഹുവിൻറെ മാത്രം തൃപ്തി ആഗ്രഹിച്ചുകൊണ്ട് ജനങ്ങൾക്ക് മുമ്പിൽ തുറന്നു കൊടുത്തു. ജനം അത് സ്വീകരിച്ചു.

പതിനായിരങ്ങൾ ഒഴുകിയെത്തി. ജനനിബിടമായി. ഡെമോൺസ്ട്രേറ്റ്സിന്റെ ആവേശം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. ഉണ്ടാകില്ല എന്ന് പറഞ്ഞവരും ഒന്നോ രണ്ടോ ദിവസം മാത്രം ഉണ്ടാകൂ എന്ന് പറഞ്ഞവരും ഞാൻ ഇനി ഇത് അവസാനിക്കുന്നത് വരെ നിൽക്കാൻ തയ്യാറാണ് എന്ന് പറഞ്ഞു ആർജ്ജവത്തോടെ പ്രതിജ്ഞയെടുത്തു. അങ്ങനെ നിറസാന്നിധ്യമായി. വളരെ നല്ല അഭിപ്രായങ്ങൾ ഉടലെടുത്തു. ഇൻഫ്ലുവൻസസും ഇതിനെ വാനോളം ഉയർത്തി. സമ്മേളനം നേരത്തെ തന്നെ ആരംഭിച്ചോ എന്ന് ചോദിക്കും വിധം നഗരി നിറഞ്ഞിരുന്നു. പതിനൊന്നാം തീയതി ഞായറാഴ്ചയാണ് നാട്ടിലെ മദ്രസ കുട്ടികളെയും QLS പഠിതാക്കളെയും എക്സിബിഷനും കിഡ്സ്പോട്ടും കാണിക്കാൻ കൊണ്ടുവരുന്നത്.


പത്താം തീയതി കിഡ്സ് പോർട്ടും ഓപ്പൺ ആയി. കരിപ്പൂർ വിമനത്താവളത്തിന്റെ അടുത്ത് ആയതുകൊണ്ട് തന്നെ വിമാനത്തിന്റെ രൂപത്തിലുള്ള പ്രവേശന നിർമ്മാണ രീതിയാണ് അവിടെ ഉദ്ദേശിച്ചിരുന്നത്. ഒരു വിമാനത്തിൽ കയറുമ്പോൾ എയർഹോസ്റ്റസ് എങ്ങനെയാണോ ആളുകളെ സ്വീകരിക്കുന്നത് അതുപോലെ കുട്ടികളെ സ്വീകരിക്കാനുള്ള IGM ന്റെ എയർഹോസ്റ്റസും മാത്രമല്ല വിമാനത്തിൽ കയറാനുള്ള പാസ്പോർട്ടും. അങ്ങനെ ഒരുപാട് സവിശേഷതകൾ കിഡ്സ്പോർട്ടിന് ഉണ്ടായിരുന്നു.

കുട്ടികളും രക്ഷിതാക്കളും അതിനെ ഏറ്റെടുത്തു. കളിയിലൂടെ കാര്യത്തിലേക്ക് എന്നപോലെ കുട്ടികളെ ചിന്തിപ്പിച്ചുകൊണ്ട് KIDSPORT മുന്നേറി. അന്നേദിവസം രാത്രി നാട്ടിലെ കുറച്ച് കുട്ടികളെയും കൂട്ടി രാത്രി തന്നെ നാട്ടിലേക്ക് പോയി. കാരണം നാളെ QLS ലെ പഠിതാക്കളെയും മദ്രസ കുട്ടികളെയും കൊണ്ടുവരേണ്ടതുണ്ട് .അവരെ നിയന്ത്രിക്കാൻ വേണ്ടിയാണ് ഇവരെ കൊണ്ടുപോകുന്നത്. ഞാൻ എല്ലാ ദിവസവും പോയിവരുന്ന രീതിയിൽ ആയിരുന്നു. നാട്ടിൽ മദ്രസ ഉണ്ടായതുകൊണ്ടും അത് ഒഴിച്ചുകൂടാൻ പറ്റാത്തതുകൊണ്ടും വ്യാഴാഴ്ച വരെ പോയി വരുന്ന രീതിയിലാണ് ഉദ്ദേശിച്ചിരുന്നത്.

തൊട്ടടുത്ത ദിവസം ഞായറാഴ്ച 3 ബസുകളും ആയി പൊന്നാനിയിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ടു. അതൊരു യാത്ര തന്നെയായിരുന്നു. 11:30ന് വെളിച്ചം നഗരിയിൽ എത്തി. കിഡ്സ് സ്പോട്ടിലേക്കുള്ള കുട്ടികൾക്കുള്ള രജിസ്ട്രേഷൻ മാത്രമേ എന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് അവരെ സുഖസുന്ദരമായി അതിലേക്ക് കയറ്റി. പക്ഷേ എക്സിബിഷന് സ്പോട്ട് രജിസ്ട്രേഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് ഇട്ട നിമിഷങ്ങൾക്കകം അവസാനിച്ചത് കൊണ്ട് തന്നെ സ്പോട്ട് മാത്രമേ രക്ഷയുള്ളൂ. നിർഭാഗ്യം എന്ന് പറയട്ടെ സ്പോട്ട് രജിസ്ട്രേഷൻ അവസാനിച്ചു എന്ന് അറിയിച്ചു. എന്ത് ചെയ്യും? ഒരു എത്തും പിടുത്തവും കിട്ടുന്നില്ല. ഇത്രയും ദൂരം താണ്ടി വന്ന ഇവരോട് ഞാൻ എന്തു പറയും? രജിസ്ട്രേഷൻ അവസാനിച്ചെന്നോ? എന്നാൽ നല്ല പുകിലായിരിക്കും. സമയം പോയിക്കൊണ്ടേയിരുന്നു. എക്സിബിഷൻ ഡ്യൂട്ടി ഉള്ള എനിക്ക് അതിന് ഉള്ളിൽ കയറാൻ പറ്റാത്ത അവസ്ഥയായി.

മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടു. അതുപോട്ടെ. പക്ഷേ ഇനി എന്ത് ? മറ്റു പല സ്ഥലങ്ങളിൽ നിന്നുള്ള ആളുകളും തിരികെ മടങ്ങി പോകുന്നതും ഞാൻ എന്റെ കണ്ണിലൂടെ കാണുന്നുണ്ടായിരുന്നു. പക്ഷേ എന്നെ വിശ്വസിച്ച് വന്നവർ ആ പന്തലിൽ തന്നെ ഇരിപ്പായിരുന്നു. പതിയെ അവർക്കും കാര്യങ്ങൾ മനസ്സിലായി. ഞാനാണേൽ അങ്ങോട്ടും ഇങ്ങോട്ടും ആയി ഓടുകയായിരുന്നു. അവസാനം എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ജസീo സാജിദിനെ വിളിച്ച് കാര്യം ബോധ്യപ്പെടുത്തി. ഞാൻ ഇപ്പോൾ വിളിക്കാം എന്നും പറഞ്ഞ് ജസീംക്ക കോൾ കട്ട് ചെയ്തു. ഞാൻ ഇടയ്ക്കിടെയായി പന്തലിൽ പോകുകയും ചെയ്തു. അവരുടെ ഇരുത്തം കാണുന്ന ഞാനും എന്റെ നിൽപ്പ് കാണുന്ന അവരും. മുഖങ്ങളിൽ എല്ലാം സഹതാപം. പെട്ടെന്ന് ഫോണിൽ ഒരു റിങ് ജസീംക്ക… ജാസിമേ വേഗം പന്തലിലേക്ക് വരൂ… ഉടൻ ഓടി … ഒരു 100 ടോക്കൺ എടുത്ത് എന്റെ കയ്യിലേക്ക് തന്നു. ഈ ടോക്കൺ എത്ര മണിക്കാണ് കയറുക എന്നൊന്നും പറയാൻ പറ്റില്ല എന്നും കൂട്ടത്തിൽ പറഞ്ഞു. എന്തുതന്നെയായാലും നിങ്ങളെയും കൂടി കയറ്റിയിട്ടേ എക്സിബിഷൻ ക്ലോസ് ചെയ്യൂ എന്ന് ഉറപ്പു നൽകി. സമയം 12:30 കഴിഞ്ഞിരുന്നു.

ഞാൻ വീണ്ടും പന്തലിലേക്ക് ഓടി. ടിക്കറ്റ് കിട്ടി എന്ന് അവരെ ബോധ്യപ്പെടുത്തി. അപ്പോൾ അവരുടെ മുഖത്തെ പ്രസന്നത ഒന്ന് കാണേണ്ടതായിരുന്നു. ഭക്ഷണം കഴിച്ച് നമസ്കാരം കഴിഞ്ഞ് നഗറിലെ കാർഷികമേളയും ബുക്ക്സ്റ്റാൾജിയയും ഒക്കെ കാണാൻ നിർദ്ദേശിച്ചു. unity volunteers ഉള്ളതുകൊണ്ട് തന്നെ അത് അവരുടെ മേൽ ഏൽപ്പിച്ചു. അപ്പോഴാണ് എക്സിബിഷനിൽ നിന്നും വിളി… ഉടനെ അങ്ങോട്ടേക്ക്. ഭക്ഷണം കഴിക്കാത്ത Demonstraters നു വേണ്ടി കൗണ്ടറുകൾ മാറിമാറി നിന്നു. അപ്പോഴേക്കും സമയം 3 : 30 കഴിഞ്ഞിരുന്നു. ശേഷം നാല് മണിയോട് അടുത്ത് ഞാനും ഭക്ഷണം കഴിക്കാൻ പോയി. തിരികെ നാട്ടിൽ നിന്നും വന്ന ആളുകളുടെ അടുത്തേക്ക് 1500 മുതൽ 1600 വരെ ഉള്ളതാണ് ഞങ്ങളുടെ ടോക്കൺ. 5 മണി ആയപ്പോഴേക്കും ടോക്കൺ ആകെ വെറും 700 വരെ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.. ആറുമണി ആയപ്പോൾ മദ്രസ സദറിന്റെ കോൾ. മദ്രസ കുട്ടികളെ വേഗം കയറ്റി അയച്ചുതരണം. ഏഴു മണി ആകുമ്പോഴേക്കും അവരെ ബസ്സിൽ കയറ്റി അയച്ചു.


തിരിച്ച് എട്ടുമണിയോടെ വീണ്ടും ഞാൻ നാട്ടുകാരുടെ അടുത്തേക്ക് പോയി. ടോക്കൺ അപ്പോൾ ആയിരം കഴിഞ്ഞിട്ടള്ളൂ. തിരികെ പോകാം എന്ന് പലരും തീരുമാനമെടുത്തു. എന്നാൽ കുറച്ചു പേര് എന്തുതന്നെ ആയാലും കണ്ടിട്ടേ തിരിച്ചുപോകൂ എന്നും. അവരെ പറഞ്ഞിട്ട് കാര്യമില്ല. വൈകീട്ട് 7 മണി ആകുമ്പോഴേക്കും തിരിച്ച് നാട്ടിലെത്താം എന്നാണ് അവരോട് പറഞ്ഞത്. ഒന്നും ആരുടെയും തെറ്റല്ല. 8:30 കഴിഞ്ഞു. ചില ആളുകൾ പോകാൻ തയ്യാറായി.

നഗരിയിലെ വലിയൊരു അനുഭവം നഷ്‌ടമാകുമെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി. അവസാനം നിൽക്കാമെന്ന ഉറച്ച തീരുമാനത്തിൽ എത്തി. പടച്ചവന്റെ അനുഗ്രഹം എന്ന് പറയട്ടെ അപ്പോഴേക്കും ടോക്കൺ 1350 കടന്നിരുന്നു. ഓരോ പത്ത് മിനിറ്റ് കൂടുമ്പോഴും ഓരോ 100 ടോക്കനുകളെ വിളിച്ചു. അതുകൊണ്ട് ടോക്കൺ വളരെ മുമ്പിലോട്ട് പോയി. കൃത്യം 9 :30ന് എല്ലാവരും അകത്തേക്ക് കയറുകയും തിരിച്ച് 11 :45 എല്ലാവരും പുറത്തേക്കിറങ്ങുകയും ചെയ്തു. അപ്പോഴേക്കും ബസ്സുകാരുടെ നിലയും മാറിയിരുന്നു. കാരണം അവർക്ക് തൊട്ടടുത്ത മണിക്കൂറുകളിൽ തന്നെ ദൂരത്തേക്കുള്ള യാത്ര ഉണ്ടായിരുന്നു. അതുകൊണ്ട് വെയ്റ്റിംഗ് ചാർജും വാങ്ങി. 12 :30ന് എല്ലാവരെയും തിരികെ ബസ്സിൽ കയറ്റിവിട്ടു ബസിലാക്കി തിരിച്ചു നടക്കുമ്പോൾ മനസ്സിന് കിട്ടിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

അങ്ങനെ ദിവസങ്ങൾ പോയിയും വന്നും കടന്നുപോയി വർക്കിംഗ് ഡേയ്സിൽ പോലും നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള തിരക്കായിരുന്നു. വേദവെളിച്ചം കൗണ്ടറിന്റെ ലീഡറാണ് “റഷാദ്” ഈയടുത്ത് ആയിട്ടാണ് ഞാൻ ഈ ചങ്ങായിനെ കൂടുതലായി പരിചയപ്പെടുന്നത്. അപൂർവങ്ങളിൽ അപൂർവ്വം എന്ന് തീർത്തും പറയാൻ പറ്റുന്ന ഒരാൾ. എന്തുപറഞ്ഞാലും അത് ഇങ്ങോട്ടേക്ക് ചെയ്തു തരും എന്നല്ലാതെ ഇല്ല എന്ന ഒരു വാക്ക് മൂപ്പരുടെ ഡിക്ഷണറിയിൽ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. വായയിൽ വിരലിട്ടാൽ പോലും കടിക്കുമോ എന്ന് പോലും സംശയമാണ്. ഞാനടക്കം പലരും മൂപ്പരെ കണ്ടു പഠിക്കേണ്ടതുണ്ട്. എന്ത് എന്നല്ലേ …? ഒരു ലീഡർ എങ്ങനെ ആകണമെന്ന്.

ഡെമോൺസ്ട്രേറ്റേഴ്സിന്റെ ശബ്ദം പോയി തുടങ്ങിയിരുന്നു. വളണ്ടിയേഴ്സ് ഓടി നടക്കുകയായിരുന്നു. എല്ലാവരും ഉറക്കമൊഴിച്ചു കൊണ്ടുള്ള ഓട്ടത്തിൽ. രണ്ടും മൂന്നും മണിക്കൂർ മാത്രമാണ് പലരും ഉറങ്ങിയിരുന്നത്. ഉറക്കില്ലാത്തവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ആരുടെയും പേരെടുത്ത് പറയുന്നില്ല. പറയാൻ തുടങ്ങിയാൽ ആ നിര എവിടെ അവസാനിക്കും എന്ന കാര്യത്തിൽ എനിക്ക് ഒരു പിടുത്തവുമില്ല. പലരും സ്ട്രപ്സിൽസും ചായയും ഒക്കെ കുടിച്ച് ശബ്ദം നന്നാക്കുന്നുണ്ടായിരുന്നു.

വ്യാഴാഴ്ചയാണ് സമ്മേളനം. ബുധനാഴ്ച വീട്ടിൽ പോയി മുഴുവൻ ഡ്രസ്സ് പാക്ക് ചെയ്തു വന്നു. ഇനി കുറച്ചു ദിവസം കരിപ്പൂർ വിമാനത്താവളത്തിനടുത്തുള്ള ഹജ്ജൗസിൽ ആണ് താമസം. വളരെ വിശാലമായ ഡോർമെറ്ററി സൗകര്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. എല്ലാവരും കൂടി ഒരു റൂമിൽ ചുരുട്ടി വെച്ച ബെഡ് എന്നപോലെ നിരന്ന് കിടക്കുന്ന ഒരു സുന്ദര മനോഹര നിമിഷങ്ങൾ.


ഈ വർഷം സമ്മേളനത്തിൽ റീകാസ്റ്റ് മീഡിയക്ക് ഒപ്പമാണ്. വെള്ളിയാഴ്ചയോടു കൂടി എക്സിബിഷൻ അവസാനിച്ചു. എല്ലാവരുടെയും അനുഭവങ്ങൾ പങ്കുവെച്ച് സങ്കടത്തോടെ പിരിഞ്ഞു. പിന്നീട് റീകാസ്റ്റ് മീഡിയ ഹബിൽ സജീവമായി. കണ്ടന്റ് ക്രിയേഷനിൽ ആയിരുന്നു ഡ്യൂട്ടി.

സമ്മേളനത്തിന്റെ 90 ശതമാനവും മീഡിയ ഹബ്ബിൽ തന്നെ ആയിരുന്നു. ഇടക്ക് ചായ കുടിക്കാൻ മാത്രമാണ് പുറത്തേക്ക് പോവുക. ആ സമയത്ത് കാണുന്ന കാഴ്ച ഒക്കെ വല്ലാതെ മനസ്സിനെ തട്ടുന്നതായിരുന്നു. വളണ്ടിയേഴ്സ് പ്രായ വ്യത്യാസം ഇല്ലാതെ സമ്മേളന നഗരിയിൽ ഓടി കഷ്ടപ്പെടുന്നുണ്ടായിരുന്നു. നഗരിയിലെ സായം സന്ധ്യക്ക് എന്തോ പ്രത്യേകമായ ഒരു ഭംഗി അത് ഞാൻ എന്റെ മൊബൈലിൽ പകർത്തുകയും ചെയ്തു.

അപ്പോഴേക്കും മൂത്താപ്പയുടെ വിളി “അബ്ദുൽ അലി മദനി. “ കെ എൻ എമ്മിന്റെ സംസ്ഥാന ഭാരവാഹികളിൽ ഒരാൾ കൂടിയായിരുന്നു മൂത്താപ്പ. മൂത്താപ്പയുടെ കൂടെ കിഡ്സ്പോർട്ടും സന്ദർശിച്ചു. അത്ഭുതപ്പെടുത്തുന്നതായിരുന്നു കിഡ്സ്പോട്ട്. മുന്നേ തന്നെ എക്സിബിഷനിലും മൂത്താപ്പയോടൊപ്പം സന്ദർശിച്ചിരുന്നു. തുടർന്ന് കാർഷികമേളയും ബുക്ക്സ്റ്റാൾജിയയും എബിലിറ്റി കൗണ്ടറും CAREHOME കൗണ്ടറും, ഇസ്ലാം കവാടം തുടങ്ങിയ ഒരുപാട് കൗണ്ടറുകളും മൂത്താപ്പയോടൊപ്പം ആണ് ഞാൻ കണ്ടത്. മൂത്താപ്പ കൂടെ ഉണ്ടായതുകൊണ്ട് തന്നെ ഒരു വിധം സമ്മേളന നഗരിയിലെ പല ഭാഗങ്ങളും കാണാൻ എനിക്ക് സാധിച്ചു. സമ്മേളനത്തോടനുബന്ധിച്ചുള്ള മൂത്താപ്പയുടെ ഒരു പുസ്തകവും ഇറങ്ങിയിരുന്നു ആ പുസ്തകത്തിന്റെ കോപ്പികളും എനിക്ക് കാണിച്ചു തന്നു.

തിരിച്ച് വീണ്ടും മീഡിയ ഹബ്ബിലേക്ക് പോകുമ്പോൾ വഴിയിൽ ഒരുപാട് ആളുകളെ കണ്ടു ബന്ധം പുതുക്കി. ഓൺലൈനിൽ മാത്രം പരിചയമുള്ളവരെയും കാണാൻ സാധിച്ചു. നാട്ടിലുള്ളവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. റീകാസ്റ്റ് മീഡിയ ഹബ്ബ് വലിയ ഒരു കുടുംബം തന്നെ ആയിരുന്നു. ഷെഫീക്ക യാണ് എന്നെ അതിലേക്ക് ക്ഷണിച്ചത്. പിന്നീട് സുലൈമാൻ ഫാറൂഖിയുടെയും മിസ്ബാഹ് ഫാറൂഖിയുടെയും കൂടെയായിരുന്നു. ലാപ്ടോപ്പും പിടിച്ച് പല ഓഡിറ്റോറിയങ്ങളിലേക്ക് ആയുള്ള ഓട്ടം.

സമ്മേളനത്തിന്റെ അവസാന ദിവസമായി. ദിവസങ്ങൾ പിന്നിട്ടത് അറിഞ്ഞതേയില്ല. റീകാസ്റ്റ് മീഡിയയിലൂടെയാണ് വീട്ടിലും വിദേശത്തും ഉള്ളവരൊക്കെ ലൈവ് കണ്ടിരുന്നത്. എൺപതിൽപരം ആളുകൾ ആ ഹബിൽ ഉണ്ടായിരുന്നു. ഒരു മടിയും കൂടാതെ പണിയെടുക്കുന്നുണ്ടായിരുന്നു. സൗഹാർദ്ദവും ചിരിയും തമാശയും എല്ലാം ആ ഹബിൽ ഉണ്ടായിരുന്നു. ഒരു കുടുംബം എന്നപോലെ അല്ല “കുടുംബം”തന്നെ.അങ്ങനെ എല്ലാം അവസാനിച്ചു. മീഡിയ ഹബ്ബിലെ എല്ലാവരും കൂടി സ്റ്റേജിൽ കയറി ഫോട്ടോ എടുത്തു. ഐസ്ക്രീം കഴിച്ച് പിരിഞ്ഞു. ബാഗ് പാക്ക് ചെയ്തു വണ്ടിയുടെ അടുത്തേക്ക് തിരിച്ച് കൂടെ വരാൻ കസിൻ കൂടെ ഉണ്ടായിരുന്നു. അവൻ ആദ്യമായിട്ടാണ് ഈ പ്രസ്ഥാനത്തിൽ വരുന്നത്. എന്നാൽ ഈ സമ്മേളനം അവന്റെ മനസിനെയും മാറ്റിമറിച്ചു. തുടർപ്രയാണത്തിൽ പ്രസ്ഥാനത്തിന് ഒപ്പം ഉണ്ടാകുമെന്നു അവൻ വാക്കു നൽകി. നാഥന് സ്തുതി എന്തോ ഒന്ന് മനസ്സിനെ തട്ടിനിർത്തുന്നത് പോലെ മനസ്സില്ല മനസ്സോടെ ഞാൻ ആ നഗരി വിട്ടു.

ഉറക്കത്തിലും വെളിച്ചം നഗരിയായിരുന്നു. കഴിഞ്ഞ ഓർമ്മകളെ അഴവിറക്കുകയല്ലാതെ ഒന്നുമില്ല. എല്ലാം ഉജ്ജ്വല വിജയമായി. “അല്ലാഹു സംരക്ഷിക്കാൻ തീരുമാനിച്ചാൽ മറ്റൊന്നിനും അതിനെ തടുക്കാൻ സാധ്യമല്ല” എന്ന് സമ്മേളനത്തിലൂടെ തെളിഞ്ഞു. വല്ലാത്ത ഒരു വെളിച്ചം തന്നെയായിരുന്നു പടച്ചവൻ ഈ നഗരിക്ക് നൽകിയത്. ഈ വെളിച്ചത്തെ നാഥാ നീ പൂർണ്ണ അർത്ഥത്തിൽ നിലനിർത്തേണമേ… ഇതിനുവേണ്ടി പ്രയത്നിച്ച എല്ലാവരെയും ഓർക്കുന്നു…പടച്ചവൻ തക്കതായ പ്രതിഫലം നൽകട്ടെ…ആമീൻ
ഇനി ഈ നഗരി ഒരു ഓർമ്മ മാത്രം. വിശ്വമാനവികതക്ക് വേദത്തിന്റെ വെളിച്ചം നൽകിയ വെളിച്ചം നഗർ. ചരിത്രത്താളുകളിൽ എഴുതി തീർത്തുകൊണ്ട് ഒരു അധ്യായം കൂടി…

Leave a Reply

Your email address will not be published. Required fields are marked *