ഭാഗം 1
ഒരുപാട് എഴുത്തുകൾ വന്നിട്ടുണ്ടെന്നറിയാം. എങ്കിലും എൻറെ ഈ ഓർമ്മകളെ താളുകളിൽ പതിപ്പിക്കാതിരിക്കാൻ വയ്യ. മനസ്സിനുള്ളിൽ ഒരുപാട് നല്ല നിമിഷങ്ങളും ഓർമ്മകളും മാത്രമേ ഇതിനെക്കുറിച്ച് ഓർക്കുമ്പോൾ വരുന്നുള്ളൂ…പല കുറി എഴുതണം എന്ന് ആലോചിച്ചില്ലെങ്കിലും അതെന്റെ തൂലികയെ നീക്കാൻ മാത്രം ആവേശം നൽകിയെങ്കിലും എവിടെ നിന്ന് ആരംഭിക്കും എന്ന ചോദ്യം മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. എങ്കിലും മനസ്സ് നിറയെ സമ്മേളനവും സമ്മേളന നഗരിയും മാത്രമാണ്. ഒരുപാട് മുഖവുര ഇല്ലാതെ തുടങ്ങാം എന്നതിൽ അർത്ഥമില്ല…മുകളിൽ കുറിച്ച്തെല്ലാം അതുതന്നെയാണ് എങ്കിലും ഞാൻ എൻറെ ഓർമ്മകളിലേക്ക് നീങ്ങി തുടങ്ങുകയാണ്…ആരംഭിക്കുകയാണ്…

ജനുവരിയിൽ പ്രഖ്യാപിച്ച സമ്മേളന തീയതി മാറ്റിയതിന്റെ നിരാശയിലായിരുന്നു. എന്നാൽ മാറ്റിയതിൽ വലിയ ഒരു നന്മ ഉണ്ടായിരുന്നു എന്ന് വൈകിയാണെങ്കിലും മനസ്സിലായി. ഫെബ്രുവരി 15 മുതൽ 18 വരെ സമ്മേളനം പ്രഖ്യാപിച്ചു. 9 താം തീയതി മുതൽ ദി മെസ്സേജ് സയൻസ് എക്സിബിഷനും പത്താം തീയതി മുതൽ കിഡ്സ്പോട്ടും കാർഷികമേളയും മറ്റും …ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച തീയതിയെ ലക്ഷ്യവിട്ടു വന്ന പല പ്രവാസികളും എന്തുചെയ്യണമെന്നറിയാതെ നിന്നു …എങ്കിലും വന്നവരാരും പോയിട്ടില്ല എന്നതാണ് എൻറെ ഓർമ്മ. ഫെബ്രുവരി എന്നത് പലർക്കും എക്സാമിന് മുമ്പുള്ള സമയം ആയതുകൊണ്ട് തന്നെ വിദ്യാർത്ഥികളെ കിട്ടുമോ…? എന്ന ആശങ്ക മനസ്സിൽ വളരെ വേദനയായി ഉറവിട്ടിരുന്നു. കാരണം എക്സിബിഷനും കിഡ്സ്പോർട്ടിനും വിദ്യാർത്ഥികളെ വളരെയേറെ ആവശ്യമായിരുന്നു. നേരത്തെ പങ്കെടുക്കാം എന്ന് പേര് പറഞ്ഞ പലരും തീയതി മാറ്റിയപ്പോഴേക്കും വരാൻ പറ്റില്ല എന്ന് വിളിച്ചു ഓർമ്മപ്പെടുത്തുകയുണ്ടായി. വീണ്ടും എക്സിബിഷന് വേണ്ടിയുള്ള ഡെമോൺസ്ട്രേറ്റേഴ്സ് മീറ്റ് വിളിച്ചു പക്ഷേ അംഗബലം കുറവായിരുന്നു. നിരാശ… എങ്കിലും പടച്ചവൻ വഴി കാണിക്കും എന്ന ഉറപ്പ് മനസ്സിലും.
മെസ്സേജ് എക്സിബിഷൻ വേണ്ടി ഒരുപാട് പ്രോപ്പർട്ടീസ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു പലരും. മലപ്പുറം വെസ്റ്റ് ജില്ലക്ക് “വേദവെളിച്ചം” എന്ന പ്രൗഢ സെക്ഷന്റെ ചാർജ് ആയിരുന്നു. എക്സിബിഷനിൽ കയറുന്ന ഏതൊരാളും ഇതിലെ കൗണ്ടറുകൾ വഴിയെ തിരിച്ചിറങ്ങു. മാത്രമല്ല സമ്മേളനത്തിന്റെ പ്രമേയവും ഇതുതന്നെയാണല്ലോ. കഅബയും ഈജിപ്ത് പിരമിടും ഫറോവയും തുടങ്ങി ഒരുപാട് മോഡലുകൾ ഉണ്ടാക്കാൻ ഉണ്ടായിരുന്നു. പരപ്പനങ്ങാടിയിലെ നാസർക്കയുടെ ഫാം ഹൗസിൽ വച്ചായിരുന്നു നിർമ്മാണം. തീയതി നീട്ടിയതോടുകൂടി നിർമ്മാണവും നീണ്ടു എന്നിട്ടും ഒരു മുഷിപ്പും ഇല്ലാതെ ഞങ്ങൾക്ക് അദ്ദേഹം ആ ഫാം ഹൗസ് ഞങ്ങൾക്ക് വേണ്ടി വിട്ടു തന്നു. അതിൽ മറക്കാനാവാത്ത രണ്ട് ആളുകളുടെ പ്രയത്നം ഉണ്ട്. ഒന്ന് “അനീസ്ക്ക” മൂപ്പരാണ് ഈ നിർമ്മാണത്തിലെ മാസ്റ്റർ ബ്രെയിൻ മൂപ്പരുടെ പ്ലാനുകൾ എല്ലാം ഞെട്ടിപ്പിക്കുന്നതായിരുന്നു ചിരിയും കളിയും തമാശയും ആയിട്ടാണ് “അനീസ്ക്കാ” ആ നിർമ്മാണത്തെ കൊണ്ടുപോയത്. രണ്ടാമത്തേത് “ഷഹബാസ്” ഒന്നും പറയാനില്ല സുഹൃത്തേ നിന്നെക്കുറിച്ച് അതിൻറെ തുടക്കം മുതൽ അതിനു വേണ്ടി മാറ്റിവെച്ച നിൻറെ വിലപ്പെട്ട സമയം പടച്ചവൻ നിന്നെ കാണാതിരിക്കില്ല. ഏകദേശം പകുതിയോളം ആയപ്പോഴാണ് ഞാൻ അവിടേക്ക് ചെല്ലുന്നത്. ആ ഒരു ദിവസം ഞാൻ അവിടെ ഇനി എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നത് ഷഹബാസ് വിശദീകരിച്ചു. എന്നെക്കൊണ്ട് ഒന്നും കൂട്ടിയാൽ കൂടില്ല എന്ന് മനസ്സിലായി. അംഗബലത്തേക്കാൾ ഉപരി കുറച്ച് കഴിവുള്ളവരെ ഇതിന് അത്യാവശ്യമാണ് എന്ന് മനസ്സിലായി. എങ്കിൽ കുറച്ചൊന്ന് മാറിനിന്ന് കുറച്ച് ബാക്ക് സപ്പോർട്ട് നൽകാം എന്ന് തീരുമാനിച്ചു.

അങ്ങനെ ഞാൻ എന്റെ നാടായ “പൊന്നാനി”യിൽ നിന്നും കുറച്ച് കുട്ടികളെ കൊണ്ടുവന്നു. അങ്ങനെ ഓരോ ദിവസവും ഒഴിവുള്ള കുട്ടികളെ ഞാൻ അങ്ങോട്ടേക്ക് എത്തിച്ചു. സാമ്പത്തികം താങ്ങാൻ ആകുന്നതിലും അപ്പുറമായിരുന്നു. മാത്രമല്ല ഓരോ ദിവസവും തിരിച്ചു പോകുന്നത് 12 മണിക്ക് ശേഷമായതുകൊണ്ടും ബസ്സിനെ പ്രതീക്ഷിക്കാൻ പറ്റില്ലായിരുന്നു ബൈക്കിലും കാറിലും ആയി ഓരോ ദിവസവും വന്നു. സാമ്പത്തികത്തിന് വേണ്ടി പൊന്നാനി QLS (ലേഡീസ്)പഠിതാക്കളെ സമീപിച്ചു. അവരെ കാര്യഗൗരവം ബോധ്യപ്പെടുത്തി കാരണം ഇനി എക്സിബിഷനിലേക്ക് കൊണ്ടുപോകുന്നതും ഒക്കെ ചിലവേറിയതാണല്ലോ… സംഘടന പാരമ്പര്യം കുറവുള്ളവരും നമ്മളിൽ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ അവരിൽ നിന്ന് പണം ഈടാക്കാൻ സാധ്യമല്ലായിരുന്നു. പടച്ചവന്റെ അനുഗ്രഹം സാമ്പത്തികപരമായി QLS വളരെയേറെ സഹായിച്ചു. വാക്കുകളിൽ പറയാവുന്നതിലപ്പുറം…
അങ്ങനെ ദിവസങ്ങൾ കടന്നുപോയി വിദൂരത്തായി നിന്ന സമ്മേളനവും എക്സിബിഷനും ഇനി ഒരു ചാൺ അകലെ എന്നപോലെ എത്തിക്കഴിഞ്ഞിരുന്നു. നീട്ടി വെച്ചിരുന്ന മലപ്പുറം വെസ്റ്റ് ജില്ലയുടെ സമ്മേളന നഗരിയിലേക്കുള്ള ബൈക്ക് റാലിക്ക് വേണ്ടി നാലാം തീയതി ഞായറാഴ്ച തിരൂരിൽ എത്തി. എനിക്ക് MEDIA ചാർജ് ആയിരുന്നു തിരൂർ മുതൽ കരിപ്പൂർ വരെ RECAST മീഡിയയിലേക്കുള്ള ലൈവ് എടുക്കുക എന്നതായിരുന്നു.

എത്തിയപാടെ നിരാശ എന്നെ മുഴുകെ പിടികൂടിയിരുന്നു വളരെ കുറഞ്ഞ ആളുകൾ മാത്രം. ആകെ കൂടെ കൂട്ടിയാൽ 20 ബൈക്ക് ഉണ്ടാകുമോ എന്ന് പോലും സംശയമായിരുന്നു. അന്നുതന്നെയായിരുന്നു സമ്മേളന നഗരിയിൽ ഖുർആൻ പഠന വേദിയും ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ പല ജില്ലക്കാരും അവിടെ എത്തുന്നുണ്ട് പക്ഷേ ഈ റാലിയുടെ തുടക്കം കണ്ടപാടെ മനസ്സിൽ വലിയ ആദിയായിരുന്നു. നഗരിയെ ഓർത്ത്…ഹാരിസ്ക്ക പറഞ്ഞു :- ഓരോ സ്ഥലത്തെത്തുമ്പോഴും ഓരോ മണ്ഡലങ്ങളിലെ ആളുകൾ റാലിയിൽ ജോയിൻ ചെയ്യുമെന്ന്. അതായിരുന്നു ആകെയുള്ള ചെറിയൊരു ആശ്വാസം. ഏറി വന്നാൽ പോലും 50ൽ കൂടുതൽ വണ്ടി അവിടെ ഉണ്ടാകാൻ സാധ്യതയില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ അത്ഭുതമെന്നു പറയട്ടെ എനിക്ക് പുറകിൽ 200 അധികം വണ്ടികൾ ഉണ്ടായിരുന്നു എന്നാണ് പിന്നീട് അറിയാൻ സാധിച്ചത്. അങ്ങനെ സമ്മേളന നഗരി എത്താനായി മരങ്ങൾക്കിടയിലൂടെ കണ്ട കാഴ്ച എന്റെ നയനങ്ങളെ വിശ്വസിപ്പിക്കാൻ പോലും കഴിയുന്നതിൽ അപ്പുറമായിരുന്നു. ഒരു ഉറുമ്പിൻ കൂട്ടം എന്നപോലെ സമ്മേളന നഗരി മുഴുവൻ ജനനിബിഡ്ഡമായിരുന്നു. രോമാഞ്ചം അത് ശരീരത്തെ മാറ്റുലക്കുന്നുണ്ടായിരുന്നു. എന്തുതന്നെയായാലും ഈ നഗരി വിജയിക്കും എന്നതിൽ യാതൊരു സംശയവുമില്ല എന്ന ഒരു ആത്മധൈര്യം മനസ്സിലുളവെടുത്തു. അത്രത്തോളം… ജനമായിരുന്നു. അങ്ങനെ സുന്ദരമായ ഒരു മഗരിബ് നമസ്കാരത്തോട് കൂടി നഗരി വെളിച്ചത്തിന് തിരികൊളുത്തി.
തുടരും..