വീഴുമ്പോൾ ഞാനെന്റെ ഹൃദയം
ഭൂമിയോട് ചേർത്തു വെച്ചു
ഭൂമി എന്നോട് എന്തോ
സ്നേഹമന്ത്രണം നടത്തുന്നു
ഞാൻ കാതോർത്തു കാത്തിരുന്നു…
നീലഗ്രഹം മെല്ലെ ഒരു
സ്വകാര്യം പറയുന്നു
എനിക്കു വയ്യ !!
ചുണ്ടുകൾ ചേർത്തു വെച്ച്
ഞാൻ ഒന്നുകൂടി കാതോർത്തിരുന്നു…
വസുധേ…വസുന്ധരേ…
നിനക്ക് പനിക്കുന്നോ?
ആഗോള താപനം
നിന്നെ നശിപ്പിച്ചോ?
എൽ നിനോ പ്രതിഭാസം
നിന്നെ കുഴക്കുന്നോ ?
ഭൂമി മാതാവ് മനുജനെ
ഓർമ്മിപ്പിക്കുകയാണ്:
ഇതൊരു ചെറിയ സൂചന മാത്രം
ഞാനല്ല…നീയാണ് മൃത്യു വരിക്കേണ്ടവൻ
നീ ഉടനെ തന്നെ എന്നിലേക്ക് മടങ്ങേണ്ടവനാണ് …
ഇന്നല്ലെങ്കിൽ നാളെ …
നിനക്കുവേണ്ടി എന്റെ ഹൃദയാന്തരാളത്തിൽ
ഒരു മനോഹരസൗധം
ഞാൻ പണിതു വെച്ചിട്ടുണ്ട്.
ഓരോ മനുഷ്യനും എന്നിൽ
ആറടി മണ്ണിന്റെ അവകാശം മാത്രം.
അവസാനം എല്ലാവരും സമന്മാർ..!
ജാഗ്രത…..ജാഗ്രത…
പരിസ്ഥിതിയെ പരിപാലിക്കുക
താരും തളിരും കാത്തു സൂക്ഷിക്ക നാം
ഈ നീലഗ്രഹം നിന്റെ മാത്രം സ്വന്തമല്ല
എല്ലാ ജീവൽ സ്പന്ദനങ്ങൾക്കും
തുല്യ അവകാശം