വീട്ടിലെ പ്രസവം; പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് ഇസ്‌ലാമിനെയല്ല

403
0

ഹിറ ഹരീറ എന്ന പെണ്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെ വീട്ടില്‍ പ്രസവിച്ച അനുഭവം പങ്കുവെച്ചതോടു കൂടി വീട്ടില്‍ നടക്കുന്ന പ്രസവവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വീട്ടില്‍ വെച്ച് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവവും ഇതേ വിഷയത്തില്‍ ധാരാളം ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ഇടക്കിടെ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാവുമ്പോഴെല്ലാം മുഖ്യധാരാ മാധ്യമങ്ങളും യുക്തിവാദ പ്രൊഫൈലുകളുമെല്ലാം ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് കാണാന്‍ കഴിയുന്നത്. ഇത്തരം ചിന്താഗതികള്‍ക്ക് പിന്നിലെ യഥാര്‍ഥ കാരണത്തെ തുറന്നു കാട്ടുന്നതില്‍ കൂടുതല്‍ അവരുടെ താല്‍പര്യം മതത്തെ ആക്ഷേപിക്കുക എന്നത് മാത്രമാണ്.

സത്യത്തില്‍ രോഗവും ചികിത്സയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന വീക്ഷണ വ്യത്യാസങ്ങളും വിവിധ ചികിത്സാ രീതികളുടെ ശാസ്ത്രീയതയുമാണ് ഇവിടെ ചര്‍ച്ച ചെയ്യെപ്പെടേണ്ടത്. ആധുനിക അലോപ്പതി ചികിത്സ തെറ്റാണെന്നും അലോപ്പതി മരുന്നുകള്‍ ദൂഷ്യഫലങ്ങള്‍ മാത്രമാണ് ഉണ്ടാക്കുന്നതെന്നും തുടങ്ങിയ വാദഗതികള്‍ ഉയര്‍ത്തിക്കൊണ്ട് പ്രകൃതിവാദികളാണ് ഇതിനു മുമ്പ് സമൂഹത്തില്‍ വലിയ തോതില്‍ തെറ്റായ ചിന്താഗതികളും ചികിത്സകളെക്കുറിച്ച് അബദ്ധ ധാരണകളും സൃഷ്‌ടിച്ചത്. അലോപ്പതി ചികിത്സ പൂര്‍ണമായും നിഷേധിച്ച അവര്‍, രോഗങ്ങള്‍ക്കുള്ള പരിഹാരം ഭക്ഷണ ക്രമീകരണത്തിലൂടെ മാത്രം സാധ്യമാണെന്ന വാദഗതികളുയര്‍ത്തി. ഇത്തരം ചിന്തകള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. ജേക്കബ് വടക്കഞ്ചേരി, മോഹനന്‍ വൈദ്യര്‍ തുടങ്ങിയ ആളുകള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റ് പണമുണ്ടാക്കാനുള്ള മാര്‍ഗമായി പ്രകൃതിചികിസ്തയെ ഉപയോഗിക്കുന്നതിന്ന് കേരളം സാക്ഷ്യം വഹിക്കുകയും ചെയ്തു.

പ്രകൃതി ചികിത്സയ്ക്ക് ആദ്യഘട്ടത്തില്‍ വലിയ സ്വീകാര്യത ലഭിച്ചെങ്കിലും പിന്നീട് ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെയും ശാസ്ത്രവിരുദ്ധ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ജനങ്ങള്‍ക്ക് തന്നെ ബോധ്യപ്പെടുകയും ചെയ്തതിലൂടെ അവരുടെ സ്വീകാര്യത ഇല്ലാതായിത്തീര്‍ന്നു. പ്രകൃതിചികിത്സാ വാദങ്ങള്‍ കുറഞ്ഞു തുടങ്ങിയതിനു ശേഷമാണ് അക്യൂപംഗ്ചര്‍ ചികിത്സകള്‍ക്ക് വേരോട്ടം ലഭിക്കുന്നത്. നമ്മുടെ നാട്ടില്‍ അക്യപംഗ്ചര്‍ ക്ലിനിക്കുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ട് എട്ടൊന്‍പത് വർഷം ആയിട്ടുണ്ടാവുകയേ ഉള്ളൂ. ആദ്യഘട്ടത്തില്‍ അലര്‍ജി, ആസ്തമ, സന്ധിവേദനകള്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സ മാത്രമായിരുന്നു ഇവര്‍ നല്‍കിയിരുന്നത്. ഇന്ന് ഇത് എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയുള്ള ചികിത്സാ രീതിയായി, ഡബ്ല്യൂ.എച്ച്.ഒ യുടെ അംഗീകാരമുള്ള ചികിത്സാ സമ്പ്രദായമായാണ് പ്രചരിപ്പിക്കപ്പെടുന്നത്.

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരണപ്പെട്ട സംഭവത്തിലും ഹിറ ഹരീറയുടെ പ്രസവത്തിലും അവര്‍ ചികിത്സാ രീതിയായി സ്വീകരിച്ചിരിക്കുന്നത് അക്യൂപംഗ്ചറിനെയാണെന്ന് കാണാന്‍ കഴിയും. ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടത് അക്യൂപംഗ്ചര്‍ ചികിത്സകരില്‍ തന്നെ രണ്ട് വിഭാഗമുണ്ട്. സിംഗിള്‍ നീഡിലിംഗ്, മള്‍ട്ടി നീഡീലിംഗ് വിഭാഗങ്ങള്‍. പ്രത്യക്ഷത്തില്‍ സിംഗിള്‍ നീഡീലിംഗ് വിഭാഗം ചികിത്സയ്ക്ക് വേണ്ടി ഒറ്റ അക്യൂപംഗ്ചര്‍ സൂചിയും മള്‍ട്ടി നീഡിലിംഗ് വിഭാഗം ചികിത്സയ്ക്ക് വേണ്ടി ധാരാളം അക്യൂപംഗ്ചര്‍ സൂചികളും ഉപയോഗിച്ചു വരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ വാദഗതികളില്‍ വലിയ അന്തരമുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

വീട്ടിലാണ്‌ പ്രസവിക്കേണ്ടതെന്ന ചിന്ത പ്രചരിപ്പിക്കുന്നത് സിംഗിള്‍ നീഡിലിംഗ് വിഭാഗമാണ്. ഇവര്‍ പൂര്‍ണമായും ആധുനിക അലോപ്പതി ചികിത്സയെ നിഷേധിക്കുന്ന വാദഗതികളാണ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിലുപരി കൊറോണാ രോഗമില്ലെന്നുള്ള വാദഗതിയിലൂടെയും രോഗാണുക്കള്‍ ഇല്ലെന്നുള്ള പ്രചരണത്തിലൂടെയും കുപ്രസിദ്ധിയാര്‍ജിക്കുകയും ചെയ്തവരാണ് ഇവര്‍. ധാരാളം അനുയായികളെ സമ്പാദിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വിഭാഗം ചികിത്സകരുടെ ഇരകളാണ് തിരുവനന്തപുരത്ത് മരണമടഞ്ഞ അമ്മയും കുഞ്ഞും. അതോടൊപ്പം വീട്ടില്‍ പ്രസവിച്ചതിന്നെ ആഘോഷമാക്കി മാറ്റുന്ന ഹിറ ഹരീറയെപ്പോലുള്ളവരും.

എന്നാല്‍ ഇത്തരം ചിന്താഗതികളെ വിമര്‍ശിക്കുന്നവരാണ് മള്‍ട്ടി നീഡിലിംഗ് വിഭാഗം. പ്രസവമെടുക്കുന്നതിന്ന് അക്യൂപംഗ്ചര്‍ ചികിത്സയില്‍ യാതൊരുവിധ നിര്‍ദേശങ്ങളും ഇല്ലെന്ന് മൾട്ടി നീഡിലിംഗ് പ്രാക്‌ടീസ് ചെയ്യുന്ന, അക്യൂപംഗ്ചര്‍ ചികിത്സയില്‍ പി.എച്ച്.ഡി നേടിയ ഡോ.സെറീന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് പറയുകയും സിംഗിള്‍ നീഡിലിംഗ് വിഭാഗത്തെ തള്ളുകയും ചെയ്‌തിരുന്നു.

എന്തായാലും സമൂഹത്തില്‍ വലിയ തോതിലുള്ള അപകടങ്ങള്‍ സൃഷ്ടിക്കുന്ന ചിന്താഗതികള്‍ മുന്നോട്ടുവെക്കുന്നു എന്നതിനാല്‍ ഈ ചികിത്സാ രീതിയെപ്പറ്റി ഗൗരവതരമായ ചര്‍ച്ചകള്‍ ഉടലെടുക്കേണ്ടതുണ്ട്. മൂന്നോ നാലോ മാസങ്ങള്‍ കൊണ്ട് ചികിത്സ പഠിച്ച് ക്ലിനിക്കും തുറന്ന് വെച്ച് രോഗികളെ ചികിത്സിക്കാന്‍ ആരംഭിക്കുമ്പോള്‍ അത് ആളെകൊല്ലുമെന്നതില്‍ സംശയമില്ല. അതിലുപരി ഇതിന്ന് കേന്ദ്രീകൃതമായ സംവിധാനങ്ങളോ രജിസ്‌ട്രേഷനോ ഒന്നും നമ്മുടെ സംസ്ഥാനത്ത് നിലവിലില്ലാത്തതിനാല്‍ വ്യാജ ചികിത്സകന്മാര്‍ക്ക് നല്ലൊരു അവസരമാണിത്. അതുകൊണ്ട് തന്നെ ഈ ചികിത്സാ രീതിയുടെ ശാസ്‌ത്രീയത, അതിനനുസരിച്ച് ചികിത്സിക്കുവാനുള്ള അനുവാദം, പഠന സൗകര്യങ്ങൾ, ചികിത്സകർക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ തലത്തിലുള്ള ഇടപെടലുകൾ അനിവാര്യമാണ്‌.

ചൈനയില്‍ നിന്ന് ഉത്ഭവിച്ച ഈ ചികിത്സാ സമ്പ്രദായം ഇസ്‌ലാമിക അക്യൂപംഗ്ചര്‍ ചികിത്സയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതെങ്ങനെ എന്നാണ് മനസ്സിലാകാത്തത്. അതോടൊപ്പം ഈ ചികിത്സാ സമ്പ്രദായത്തെ ഇസ്‌ലാമിക അധ്യാപനങ്ങളുമായി ഇടകലര്‍ത്തി വിറ്റ് കാശുണ്ടാക്കാന്‍ ഇത്തരം ചികിത്സകര്‍ ശ്രമം നടത്തുന്നുവെങ്കില്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. അതില്‍ സമുദായത്തിന്ന് നേതൃത്വം നല്കുന്ന പണ്ഡിതന്മാര്‍ ഇടപെടുക തന്നെ വേണം

Leave a Reply

Your email address will not be published. Required fields are marked *