ഒരു ഫലസ്തീനി ആവുകയെന്നാൽ ലോകത്തോട് മുഴുവൻ ക്ഷമിക്കാൻ തക്ക ബലശാലിയാവുക എന്നാണ്. അതേ ഫലസ്തീനി ഒരെഴുത്തുകാരനോ എഴുത്തുകാരിയോ ആവുകയെന്നാൽ ആ ക്ഷമയുടെയും ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെയും വേദനാഭാരത്തെ പേനാ മുനമ്പിലൂടെ വായനാ നേരങ്ങളിലേക്ക് തെല്ലു മായം ചേർക്കേണ്ട ആവശ്യകതയെ കുറിച്ച് ചിന്തിക്കാതെ പേപ്പർ പ്ലെയിനിലൂടെ പറത്തി വിടുകയെന്നുമാണ്. ഈ ദൗത്യം മനോഹരമായി പൂർത്തീകരിച്ച് വായനക്കാരുടെ മനസ്സുകളെ ഏറെ സ്വാധീനിച്ച എഴുത്തുകാരനാണ് ഗസ്സാൻ കനഫാനി. നാല്പത്തിയെട്ടിലെ അധിനിവേശത്തെത്തുടർന്ന് കുടുംബത്തോടൊപ്പം നിർബന്ധിത പലായനത്തിന് വിധേയനായ അദ്ദേഹം മുപ്പത്തിയാറാം വയസ്സിൽ സയണിസ്റ്റ് ഭീകരതയാൽ കൊല്ലപ്പെട്ടു. യുവത്വത്തിന്റെ ചൂടും ചുറുക്കും വഴി മാറുന്നതിനു മുമ്പേ വിട പറഞ്ഞെങ്കിലും ഗസ്സാൻ കനഫാനി ലോകത്തിനു സമർപ്പിച്ച അക്ഷരവിപ്ലവം ഇന്നും സജീവമാണ്. ഒരുവേള അവയിൽ ഏറ്റവും വീര്യമേറിയതു തന്നെയാവാം عائد إلى حيفا (ആഇദുൻ ഇലാ ഹൈഫാ) എന്ന നോവെല്ല. ഒരേ സമയം രേഖീയമായും (Linear) അരേഖീയമായും (non- linear) എഴുതപ്പെട്ട ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപെടുത്തുക എന്ന ഹിമാലയൻ ദൗത്യം വളരെ മനോഹരമായി പൂർത്തീകരിക്കപ്പെട്ടത് ഞാൻ വായിക്കുകയുണ്ടായി. “വീണ്ടും ഹൈഫയിലേക്ക്” എന്നു പേരു നൽകിയ ഈ പുസ്തകം മൊഴിമാറ്റിയത് സുഹൃത്ത് കൂടിയായ റുബ ഹെനാൻ ഒതായിയാണ്.
എഴുത്തുകാരിയുടെ ആദ്യ പുസ്തകമാണെന്ന് ഒരു നിമിഷം പോലും ഓർമ്മിക്കാൻ ഇടവരുത്താതെ മാതൃഭാഷയെ വാരിപ്പുണർന്നുകൊണ്ട് കോർത്തിണക്കിയ ഈ പുസ്തകം വായനക്കാരെ നിരാശപ്പെടുത്തില്ലായെന്ന് തീർച്ചയാണ്. മൂലകൃതിയുടെ ആത്മാവ് റുബയിലൂടെ മലയാളി വായനക്കാരുടെ ഹൃദയങ്ങളിലേക്ക് കൂടുമാറ്റം നടത്തുന്നതിന് സാക്ഷിയാവുന്നതിൽ വളരെ സന്തോഷമുണ്ട്.

പരിചയമുള്ള ഒരാൾ എഴുതി എന്നതുകൊണ്ടു മാത്രം ഈ പുസ്തകം വായിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നതിൽ കാര്യമില്ലല്ലോ.
പിന്നെ എന്തുകൊണ്ട് വായിക്കണം?
ഉത്തരം ലളിതമല്ല. ഫലസ്തീനികളുടെ ദുഃഖത്താൽ ഉള്ളുപൊള്ളുന്ന ഏതൊരാൾക്കും കണ്ണു തുറന്നുകൊണ്ട് ഇതു വായിക്കാം. സഈദിന്റെയും സ്വഫിയയുടേയും ഹൈഫയിലേക്കുള്ള യാത്രയിലൂടെയാണ് കഥ ആരംഭിക്കുന്നത്. ആ യാത്ര ഒരിക്കലും തുടക്കമല്ല. ഇസ്രയേൽ ആക്രമണത്തിൽ കുടിയിറങ്ങേണ്ടി വന്നവരുടെ മടക്കമാണ്. അവസാനമില്ലാതെ കഥ തീരുമ്പോൾ അവരിരുവരും വീണ്ടുമൊരിക്കൽകൂടി ഹൈഫയിൽ നിന്നും ഫലസ്തീനിൽ നിന്നും പുറത്താക്കപ്പെടുകയാണ്. ഒരുപക്ഷെ ആദ്യത്തെക്കാൾ ക്രൂരമായ നിലയിൽ. അതിനിടയിലുള്ള പേജുകളാണ് നിങ്ങൾ വായിക്കേണ്ടത്. ഫലസ്തീനിൽ നീതി പുലരണമെന്ന് ആഗ്രഹിക്കുന്നവർ ഇത് വായിക്കാതെ പോയാൽ അതൊരു വലിയ നഷ്ടമായിരിക്കും. തീരെ പ്രതീക്ഷിക്കാത്ത തിരിവുകളും വളവുകളും ഈ പുസ്തകത്തിന്റെ ഉൾപേജുകളിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. കേവലമൊരു നൊമ്പരക്കഥ എന്ന മുൻവിധി മാറ്റിവെച്ചു ധൈര്യമായി വായിക്കാമെന്നു സാരം.