ഗൃഹപാഠം പിഴക്കാത്ത രാഷ്ട്രീയം: വി.ഡി. സതീശന്റെ വിജയഗാഥ

145

മികച്ച വിജയം നേടി യു.ഡി.എഫ്‌ അധികാരത്തിലെത്തിയില്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിന് പോകും. ഈ തെരെഞ്ഞെടുപ്പ് കാലത്ത് വി ഡി സതീശനെന്ന പ്രതിപക്ഷ നേതാവ് ഏറ്റവും ആർജ്ജവത്തോടെ പറഞ്ഞ വാക്കുകൾ. ഒരു കാര്യവും കൂടെ ചേർത്തു പറഞ്ഞു. യു.ഡി.എഫ്‌ 100 ൽ അധികം സീറ്റ്‌ നേടും. വിജയിക്കാൻ കഴിയുമോ എന്ന് കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കന്മാർ പോലും ഒരുവേള സംശയിച്ചിരുന്ന സമയത്താണ് 100 ൽ അധികം സീറ്റ്‌ നേടി യു.ഡി.എഫ്‌ അധികാരത്തിലെത്തും എന്ന് അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പിൽ ആർജ്ജവത്തോടെ വീണ്ടും വീണ്ടും പറഞ്ഞത്. കാര്യങ്ങൾ അത്രയധികം ആഴത്തിൽ പഠിച്ച് നല്ലവണ്ണം ഗൃഹപാഠം നടത്തിയാണ് അദ്ദേഹത്തിന്റെ ഓരോ വാക്കുകളുമെന്ന് തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേരളത്തിന് ബോധ്യമായി.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പൻ പരാജയമേറ്റുവാങ്ങിയ കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ എന്ന് ശങ്കിച്ചു നിന്ന സമയത്താണ് പ്രതിപക്ഷ നേതാവായി വി.ഡി സതീശൻ തെരെഞ്ഞെടുക്കപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനത്തിരുന്നാൽ മാത്രം പോരാ, ഭരണപക്ഷത്തെ വിമർശിക്കുമ്പോൾ അതിന് ബദലായി എന്ത് ചെയ്യാൻ കഴിയുമെന്ന കൃത്യമായ ആശയം മുമ്പോട്ട് വെക്കാൻ കഴിയണം എന്ന ബോധ്യം സതീശനുണ്ടായിരുന്നു. അതിൽ ഏറിയ പങ്കും അദ്ദേഹം വിജയിച്ചു എന്ന് തന്നെ പറയാം. എന്നെ ഞാനാക്കിയത് പ്രതിപക്ഷത്ത് നിന്നുള്ള പ്രവർത്തനങ്ങളാണ് എന്ന് സതീശൻ പറയാറുണ്ട്.

1964 മെയ്‌ 31 ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ കെ ദാമോദര മേനോന്റെയും വിലാസിനി അമ്മയുടെയും മകനായാണ് വടശ്ശേരി ദാമോദരൻ സതീശനെന്ന വി ഡി സതീശൻ ജനിക്കുന്നത്. പനങ്ങാട് ഹൈസ്കൂളിലെ ലീഡറിന് പിന്നീട് KSU രാഷ്ട്രീയ കളരിയായി മാറി. തേവര sacred heart കോളേജിലെ പഠനമാണ് വി ഡി സതീശനെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ നേതൃനിരയിലേക്കെത്തിക്കുന്നത്. എം ജി യൂണിവേഴ്സിറ്റി UUC യും ചെയർമനുമൊക്കെയായ സതീശനെ KSU വിന്റെ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും അവസാന നിമിഷം തഴയപ്പെട്ടു. പിന്നീട് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ്‌ പദവിയിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും മുൻവിധി തന്നെയായിരുന്നു ഫലം. അതിനിടെ തിരുവനന്തപുരം ലോ അക്കാഡമി യിൽ നിന്നും നിയമ ബിരുദം നേടിയ സതീശൻ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചിരുന്നു. സുപ്രീം കോടതിയിൽ കോൺസ്റ്റിറ്റ്യൂഷ്ൻ ലോ യിൽപ്രാക്ടീസ് ചെയ്യാമായിരുന്നു ആഗ്രഹമെങ്കിലും അതിന് മുമ്പ് തന്നെ അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നു.

സതീശൻ NSU ദേശീയ സെക്രട്ടറി ആയിരിക്കുന്ന സമയത്താണ് 1996 ലെ നിയമ സഭ തെരെഞ്ഞെടുപ്പ് നടക്കുന്നത്. Ak ആന്റണി യുടെ പിന്തുണയോടെ ഇടതുപക്ഷത്തിന്റെ വളക്കൂറുള്ള മണ്ണായ പറവൂരിൽ സതീശൻ സ്ഥാനാർഥിയായി. സിറ്റിംഗ് MLA ആയിരുന്ന സിപിഐ യുടെ പി രാജുവായിരുന്നു ldf സ്ഥാനാർഥി. കേരളം മുഴുവൻ ആഞ്ഞടിച്ച ഇടത് തരംഗത്തിലും മണ്ഡലത്തിലെ പുതുമുഖമായ സതീശൻ കരുത്തുകാട്ടി. 1116 വോട്ടുകൾക്കായിരുന്നു സതീശൻ പരാജയപ്പെട്ടത്. തോൽ‌വിയിൽ പിന്നാക്കാം പോകാതെ പറവൂർ തന്റെ പ്രവർത്തന മണ്ഡലമാക്കി. 2001 ലെ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിന് വേണ്ടി ചിലർ അവകാശമുന്നെയിച്ചെങ്കിലും താൻ മണ്ഡലത്തിലുണ്ടാക്കിയ പിൻബലത്തലാൽ സതീശൻ സീറ്റുറപ്പിച്ചു. എതിരാളിയായി വന്ന പി രാജുവിനെ 7434 വോട്ടിന് പരാജയപ്പെടുത്തി സതീശൻ നിയമസഭയിലത്തി. Ak ആന്റണി മുഖ്യമന്ത്രിയായി.

കോൺഗ്രസിലെ ഗ്രൂപ്പ്‌ പോര് അതിന്റെ ഏറ്റവും ഉന്നതിയിലെത്തിയ അഞ്ച് വർഷങ്ങളായിരുന്നു അത്. എന്നാൽ സതീശൻ ഇത്തരം വിഴുപ്പലക്കലിന്റെ ഭാഗമാകാതെ നിയമസഭ നടപടികളിലും മണ്ഡലത്തിലെ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന്റെ ഫലം അടുത്ത തെരഞ്ഞെടുപ്പിൽ കണ്ടു. യു.ഡി.എഫ്‌ തകർന്നടിഞ്ഞ 2006 ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ അടിത്തറയുള്ള പറവൂരിൽ നിന്നും ഭൂരിപക്ഷം വർധിപ്പിച്ച് സതീശൻ വീണ്ടും നിയമസഭയിലെത്തി. അടുത്ത അഞ്ചു വർഷം സഭയിലെ ഏറ്റവും തിളങ്ങുന്ന മെമ്പറായിമാറിയ സതീശൻ സഭയിൽ പ്രതിപക്ഷത്തിന്റെ ആയുധമായി മാറി. അറിവ് കൊണ്ടും കൃത്യതയുള്ള സംസാരം കൊണ്ടും സതീശൻ ഭരണപക്ഷത്തെ നേരിട്ടു. 2011 ൽ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഒരു മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെട്ടു. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ മറ്റൊരു അവസരം കൂടെ. ഉമ്മൻ‌ചാണ്ടി മന്ത്രിസഭയിൽ രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോൾ ഒഴിവ് വന്ന കെ പി സി സി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് സതീശനെ പരിഗണിച്ചെങ്കിലും ജൂനിയർ ആണെന്ന കാരണമുന്നയിച്ച് അവിടെയും മാറ്റി നിർത്തി.

വി എം സുധീരൻ കെ പി സി സി പ്രസിഡന്റായി. 2016 ലെ തെരഞ്ഞെടുപ്പിൽ ഇടത് തരംഗമുണ്ടായപ്പോഴും ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ട് സതീശൻ വീണ്ടും നിയമസഭയിലെത്തി. ചെന്നിത്തല പ്രതിപക്ഷ നേതാവായപ്പോഴും പ്രതിപക്ഷ നിരയിലെ താരം സതീശൻ തന്നെയായിരുന്നു. അടിയന്തര പ്രമേയങ്ങളും പ്രസംഗങ്ങളുമായി സഭയിൽ നിറഞ്ഞ് നിന്നു സതീശൻ. ഏതൊരു വിഷയം അവതരിപ്പിക്കുമ്പോഴും അതിനെ കുറിച്ച് നല്ല രീതിയിൽ ഗൃഹപാഠം ചെയ്ത് അവതരിപ്പിക്കുക എന്നത് സതീശനെ മറ്റ്‌ മെമ്പർമാരിൽ നിന്നും വ്യത്യസ്തനാക്കി.

2021 ലെ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നൽകിക്കൊണ്ട് ജനങ്ങൾ ഇടതു പക്ഷത്തിനെ വീണ്ടും അധികാരത്തിലെത്തിച്ചു. പ്രതിപക്ഷ നേതാവ് ആരാകണമെന്ന ചർച്ചയിൽ ഉമ്മൻ ചാണ്ടിയുടെ നോമിനിയായി രമേശ്‌ ചെന്നിത്തലയുടെ പേര് ഹൈക്കമാൻഡിന്റെ മുന്നിലെത്തി. എന്നാൽ സതീശന്റെ പ്രവർത്തന മികവ് കണ്ടില്ലെന്ന് നടിക്കാൻ ഹൈക്കമാൻഡിന് കഴിയുമായിരുന്നില്ല. അങ്ങനെ ഗ്രൂപ്പ്‌ സമവാക്യങ്ങളെയെല്ലാം ഉഴുത് മറിച്ചുകൊണ്ട് സതീശൻ പ്രതിപക്ഷ നേതാവായി തെരെഞ്ഞെടുക്കപ്പെട്ടു. ആ തീരുമാനത്തെ പൂർണമായും ശരിവെക്കുന്ന തരത്തിലാണ് സതീശൻ അടുത്ത അഞ്ച് വർഷം സഭക്കകത്തും പുറത്തും പ്രവർത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ഏറ്റുമുട്ടുന്ന നേതാവെന്ന പ്രതിച്ചായ അദ്ദേഹം സൃഷ്ടിച്ചു. 2021ന് ശേഷം നടന്ന ഉപ തെരെഞ്ഞെടുപ്പുകളിലും ലോക്സഭ തെരെഞ്ഞെടുപ്പിലും സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ്‌ മികച്ച വിജയം നേടി. താൽക്കാലികമായ തിരിച്ചടികളെ ഭയപ്പെടാതെ തന്റെ തീരുമാനങ്ങളിൽ അദ്ദേഹം ഉറച്ചു നിന്നു.

ജാതി സംഘടനകളെ ആസ്വസ്ഥമാക്കുന്നത് തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് വിശ്വസിക്കുന്ന നേതാക്കൾക്കിടയിലേക്കാണ് ആ ആശയത്തെ വെല്ലുവിളിച്ചുകൊണ്ട് സതീശൻ കടന്നുവരുന്നത്. എൻ എസ് എസിന്റെ സുകുമാരൻ നായരുടെയോ എസ് എൻ ഡി പി യുടെ വെള്ളാപ്പള്ളി നാടേശന്റെയോ പിന്തുണ തേടാൻ അദ്ദേഹം പോയില്ല. ജാതി മത സംഘടനകളോട് അദ്ദേഹം കൃത്യമായ അകലം പാലിച്ചു. കേരളത്തിന്റെ മനസ്സ് മതേതരമാണെന്നും മതം നോക്കിയല്ല ആളുകൾ വോട്ട് ചെയ്യുന്നതൊന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അദ്ദേഹത്തിന്റെ വിശ്വാസം തെറ്റിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേരളം തിരിച്ചറിഞ്ഞു. 2026 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്‌ മത്സരിച്ചത് ടീം യു.ഡി.എഫ്‌ എന്ന ലേബലിലാണ്. കോൺഗ്രസിനകത്തെ ഗ്രൂപ്പ്‌ പോര് മാറ്റി നിർത്തികൊണ്ടും മുന്നണിയിൽ മറ്റ്‌ പാർട്ടികളെ ചേർത്ത് നിർത്തികൊണ്ടും ഒറ്റക്കെട്ടായി ടീം യു.ഡി.എഫ്‌ എന്ന ഒരു ചട്ടക്കൂടിൽ നിന്ന് മത്സരിച്ചപ്പോൾ പ്രതീക്ഷക്കപ്പുറത്തുള്ള വിജയമാണ് ജനങ്ങൾ യു.ഡി.എഫ്‌ ന് നൽകിയത്. ടീം യു.ഡി.എഫ്‌ ന്റെ വിജയത്തിന് മുന്നിൽ നിന്ന് പട നയിച്ചതാകട്ടെ വി ഡി സതീശനും.