ദയാഹർജിയും കാത്ത് ഈ വഴിയമ്പലത്തിൽ പാഥേയമില്ലാതെ ഇനിയുമെത്രനാൾ വസിച്ചീടണം
തിരക്കിൽ ഉപേക്ഷിച്ചു കൊളുത്തിയിട്ട ഹൃദയമെടുക്കാൻ മറക്കല്ലേ
ഭാരമെങ്കിൽ കഴുകന് ഭക്ഷണമായി നൽകിടു
കൊത്തി വലിച്ചിടും നേരം കറ പിടിച്ച പാടുകൾ കാണാം
സൂക്ഷിച്ചു വെച്ച ഒത്തിരി സ്വപ്നങ്ങളുടെ അടയാളമാണത്
വിശപ്പടക്കും നേരം സ്വപ്നപ്പാട് ആര് നോക്കാൻ
നിറമണിയും ജീവിതകാലചിത്രങ്ങൾ
ഹൃദയത്തിനറയിൽ നിഴലായ് കൂടുകൂട്ടിയിരിക്കുന്നു
സ്നേഹത്തിൻ പെയ്‌ത്തിനാൽ നീരിറങ്ങി
മജ്ജയിൽ തളം കെട്ടിനിൽക്കുന്നു
ജീവിത കോമരങ്ങളാടിത്തിമിർത്തൊരു
വേലിക്കെട്ടിൽ തങ്ങിനിന്നുലയുന്നു
നെഞ്ചകം പിളർന്നൊരു സ്നേഹവർണ്ണം
പൊള വന്ന് വീർത്തിരിക്കുന്നു
ഇനിയുമൊരു സാന്ത്വനത്തുള്ളി
നനഞ്ഞിടാൻ ഇനിയെത്ര കാതം കാത്തിടേണം