ഇന്ന് വൈബില്ലാത്തൊരു ദിവസമാണ്!
വീട്ടിലാകെ നിലവിളിയും കോലാഹലവും
മൂകമായി ഇരിക്കുന്നുണ്ടമ്മ.
സ്റ്റാറ്റസുകളും സ്റ്റോറികളുമെല്ലാം
അച്ഛന് ആദരാഞ്ജലി നേരുന്നുണ്ട്.
എന്തിനേറെ പറയുന്നു,
ഇന്ന് രാത്രിക്ക് തീരുമാനിച്ച
പാർട്ടി പോലും ഫ്രണ്ട്സ്
മാറ്റി വെച്ചത്രേ…..
അങ്ങനെ ഓരോന്ന് ചിന്തിച്ചിരി-
ക്കുമ്പോഴാ ഓർത്തത്,
ഞാനൊന്നും സ്റ്റാറ്റസ് വെച്ചില്ലല്ലോ എന്ന്,
വേഗം അകത്തേക്കോടി മൃതദേഹത്തിനരികിൽ
നിന്നൊരു സെൽഫിയും എടുത്ത്
‘അച്ഛന് പ്രണാമം’ എന്നൊരു
ക്യാപ്ഷനോടെ സ്റ്റാറ്റസും സ്റ്റോറിയും
അപ്‌ലോഡ് ചെയ്ത നേരം
മനസ്സിൽ നിന്ന് കുറച്ചെല്ലാം
ഭാരം കുറഞ്ഞ പോലെ…
എന്നാലും അച്ഛനെപ്പോലെ
വൈബുള്ളൊരാളെ വേറെ
എവിടുന്ന് കിട്ടാനാ….?