വായന എന്നെ വിശ്വാസിയാക്കി

322
2

മഹാരാജാസിലെ മൂന്നു വർഷത്തെ ജീവിതത്തിൽ എനിക്ക് ഏറ്റവും പ്രയോജനമായി തോന്നിയത് വായന എന്ന ശീലത്തെ ഒരല്പം എങ്കിലും കൂടെ കൂട്ടി എന്നതാണ്. ഞാൻ വലിയ വായനക്കാരൻ ഒന്നുമല്ല , ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുമില്ല. ആദ്യമായി ഒരു പുസ്തകം മുഴുവനായി വായിച്ചുതീർത്തത് എൻ്റെ ഓർമ്മയിൽ മഹാരാജാസിൽ വന്നതിനു ശേഷം മാത്രമായിരിക്കും. അതിനു പിന്നിലെ കഥ പറയാം.

ഒരു സമയം ഹോസ്റ്റലിൽ മൂട്ട ശല്യം വല്ലാതെ കൂടി. ഒപ്പം കൊതുകിന്റെ കടിയും. അത് പിന്നെ പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം കൊച്ചിയിലെ കൊതുക് കേരളം മൊത്തം പ്രശസ്തമാണല്ലോ. ഈ അവസ്ഥയിൽ രാത്രിയിലെ സമാധാനമായിട്ട് സ്വപ്നം കണ്ടുകൊണ്ടുള്ള ഉറക്കം സ്വപ്നം മാത്രമായി മാറി … അങ്ങനെ രാത്രിയിലെ മിച്ചം വന്ന ഉറക്കമെല്ലാം ക്ലാസിൽ വന്ന് ഉറങ്ങിത്തീർക്കൽ പതിവായി. അങ്ങനെ ഒരിക്കൽ കോളേജ് ലൈബ്രറിയിൽ യാദൃശ്ചികമായി കയറി… മഹാരാജാസ് കോളേജിൻ്റെ പഴയ ലൈബ്രറിയിൽ. മഹാരാജാസിൽ വന്നതിന് കുറച്ചു മാസങ്ങൾക്ക് ശേഷമായിരുന്നു ഈ സംഭവം. ലൈബ്രറിക്കുള്ളിൽ അസാധാരണമായ നിശബ്ദത. ഉറങ്ങാൻ ഒരു അവസരം നോക്കി നിൽക്കുന്ന എനിക്ക് ഇതിലും നല്ല ഒരു അവസരം ഇല്ലായിരുന്നു. ലൈബ്രേറിയന്റെ കണ്ണിൽ പൊടിയിടാൻ ഒരു പുസ്തകവും പേരിനായി എടുത്തു… നല്ല കട്ടിയുള്ള ഒരു പുസ്തകം “ആയിരത്തൊന്ന് രാത്രികൾ”. ഒന്നോ രണ്ടോ പേജുകൾ വെറുതെ മറിച്ചു നോക്കി അത് അടച്ചുവെച്ച് ലൈബ്രേറിയന്റെ കണ്ണ് വെട്ടിച്ച് സുഖമായി ഉറങ്ങി. ജീവിതത്തിൽ അത്രയും സംതൃപ്തിയോട് കൂടി ഞാൻ അതിനുമുമ്പ് ഉറങ്ങിയിട്ടില്ലായിരുന്നു. നട്ടുച്ചയ്ക്ക് ആ അരമണിക്കൂർ ഉള്ള ഉറക്കം എൻ്റെ രാത്രിയിലുള്ള മുഴുവൻ ഉറക്കത്തേക്കാൾ എനിക്ക് വിശ്രമം തന്നു. അങ്ങനെ ആ ഉച്ചമയക്കം എനിക്കൊരു ശീലമായി. ഏതെങ്കിലും ഒരു പുസ്തകം എടുക്കും വെറുതെ കുറച്ചു വായിക്കും അതേപോലെതന്നെ മടക്കി വെക്കും ഉറങ്ങും…

ഒരിക്കൽ പ്രിയ സുഹൃത്ത് അമീൻ ചാലിശ്ശേരിയോടൊപ്പം ലൈബ്രറിയിൽ കയറി അവൻ അന്ന് അവനു വായിക്കാൻ വേണ്ടി ഒരു പുസ്തകം എടുത്തു. . അഫ്ഗാനിസ്ഥാനിലെ ജീവിതം പറയുന്ന. . അമീറിന്റെയും ഹസ്സന്റെയും കഥ പറയുന്ന… ഖാലിദ് ഹുസൈനിയുടെ “kite runner” എന്ന പുസ്തകത്തിൻ്റെ മലയാളം പതിപ്പായ “പട്ടം പറത്തുന്നവൻ” എന്ന പുസ്തകമായിരുന്നു അത്… അവനോട് ആ പുസ്തകം തട്ടിപ്പറിച്ചു വാങ്ങി… ഒരു മുൻവിധികളും ഒരു പ്രതീക്ഷ ഇല്ലാതെ വായിക്കാൻ തുടങ്ങി. പുസ്തകത്തിൻ്റെ ഒന്നോ രണ്ടോ ഭാഗങ്ങൾ വായിച്ചപ്പോൾ തന്നെ വല്ലാത്ത ഒരു ജിജ്ഞാസ എൻ്റെ ഉള്ളിൽ വന്നു. അങ്ങനെ ആ പുസ്തകം കുറച്ചു ദിവസങ്ങൾ കൊണ്ട് വായിച്ചു തീർത്തു. അതെ, ഞാനെൻ്റെ ജീവിതത്തിൽ ആദ്യമായി ഒരു നോവൽ വായിച്ചു കഴിഞ്ഞിരിക്കുന്നു… വായന പൂർത്തീകരിച്ചപ്പോൾ വല്ലാത്തൊരു സന്തോഷവും ഇത്രയും കാലം വായിക്കാൻ തുടങ്ങാത്തതിന്റെ കുറ്റബോധവും മനസ്സിൽ വന്നു. ഒരുപാട് ഇഷ്ടമായ ഒരു പുസ്തകം… എല്ലാവരോടും ഞാൻ വായിക്കാൻ നിർദ്ദേശിക്കുന്ന ഒരു പുസ്തകമാണ് ഖാലിദ് ഹുസൈനിയുടെ “പട്ടം പറത്തുന്നവൻ”. ഇതായിരുന്നു എൻ്റെ വായനയുടെ തുടക്കം.

വായനയെ ജീവിതത്തിൻ്റെ ഭാഗമാക്കുന്നതിന് മുമ്പ് തന്നെ വായിക്കാൻ വളരെയധികം ആഗ്രഹിച്ച ഗ്രന്ഥമായിരുന്നു വിശുദ്ധ ഖുർആൻ… ജീവിതത്തിൽ ഒരിക്കലെങ്കിലും ഖുർആനിന്റെ പരിഭാഷ മുഴുവനും വായിക്കണമെന്ന് ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു.

പല ബുദ്ധിജീവികളും തങ്ങൾ വായിച്ചതിൽ ഏറ്റവും മികച്ച ഗ്രന്ഥമായി ഖുർആനിനെ എണ്ണി. എന്തുകൊണ്ട് ഇത്രയും അധികം ആളുകൾ ഖുർആനിനെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഗ്രന്ഥമായി എണ്ണി എന്ന ചോദ്യമായിരിക്കും ഖുർആൻ ഒരു തവണയെങ്കിലും അർത്ഥം അറിഞ്ഞു വായിക്കണമെന്ന ആഗ്രഹം എൻ്റെ മനസ്സിൽ ഉദിച്ചതിന് പിന്നിലും. അതിനുള്ള ഉത്തരം എനിക്ക് ഖുർആൻ ഒരു തവണ മുഴുവൻ വായിച്ചപ്പോൾ തന്നെ കിട്ടി. ഉത്തരം ലളിതമാണ്.., നിസംശയം പറയാം ഖുർആനിന്റെ ആധികാരികത തന്നെ… 1400 വർഷങ്ങൾക്കു മുമ്പ് അവതരിക്കപ്പെട്ടിട്ടും ഒരു മനുഷ്യ കൈകടത്തിലും കൂടാത്ത ദൈവീക ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ.

ഖുർആൻ അർത്ഥം അറിഞ്ഞു വായിക്കണമെന്ന് തീരുമാനിച്ചപ്പോൾ തന്നെ ഒരു കാര്യം കൂടി മനസ്സിൽ ഉറപ്പിച്ചതാണ്… ഖുർആനിന്റെ പരിഭാഷ മാത്രമായി വായിച്ചു തീർക്കുന്നതിൽ ഒതുക്കാതെ ഖുർആനിന്റെ അറബിയിലുള്ള ആയത്തുകളും പാരായണം ചെയ്യുമെന്ന്… കാരണം ഖുർആൻ അവതരിക്കപ്പെട്ടത് അറബിയിലാണ് ഖുർആനിൻ്റെ മനോഹാര്യതയും കാവ്യാത്മകതയും മനസ്സിലാകണമെങ്കിൽ അത് അറബിയിൽ തന്നെ പാരായണം ചെയ്യണമെന്ന ഉത്തമ ബോധ്യം എനിക്കുണ്ടായിരുന്നു…

ഖുർആനിലെ ഓരോ ആയത്തുകളിലൂടെയും കടന്നു പോകുമ്പോൾ ” هذا كلام الله ” ( ഇത് ദൈവവചനമാണ് ) എന്ന് എൻ്റെ മനസ്സിൽ പറഞ്ഞുകൊണ്ടേയിരുന്നു. . ഖുർആൻ പൂർണമായും വായിച്ചുതീർത്തപ്പോൾ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും ഇത് ഏകനായ ദൈവത്തിൻ്റെ വചനങ്ങൾ തന്നെ .., തീർച്ച. എൻ്റെ പല ചോദ്യങ്ങൾക്കുള്ള ഉത്തരവും , പല സംശയങ്ങൾക്കുള്ള മറുപടിയും എൻ്റെ സൃഷ്ടാവ് എനിക്ക് ഖുർആനിലൂടെ തന്നെ കാണിച്ചു തന്നു , ചിലപ്പോഴൊക്കെ അത്ഭുതപ്പെട്ടു കൊണ്ടും , ചിലപ്പോൾ കണ്ണ് കലങ്ങിക്കൊണ്ടും ഞാൻ എന്റെ റബ്ബിന് മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു…, അല്ലാഹു അക്ബർ .

ഖുർആനിൽ നാട്ടുകാർക്ക് കൊള്ളാവുന്ന ഏതെങ്കിലും ഒരു വരി പറയാൻ പറഞ്ഞ സ്വയപ്രഖ്യാപിത ആധുനിക പുരോഗമനവാദി’കൾക്കുള്ള മറുപടിയും അല്ലാഹു ഖുർആനിലൂടെ തന്നെ നമുക്ക് കാണിച്ചുതരുന്നു ; ” അവരുടെ കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത് , ഹൃദയങ്ങളെയാണ്…

പ്രിയപ്പെട്ട ആധുനിക മനുഷ്യാ. .,
തീർച്ചയായിട്ടും നിങ്ങളുടെ ഹൃദയത്തിന് തന്നെയാകുന്നു അന്ധത… ഖുർആനിലുള്ളതൊക്കെയും മുഴുവൻ മനുഷ്യനും പ്രയോജനമാകുന്നത് തന്നെ…, ഖുർആൻ ഉയർത്തിപ്പിടിക്കുന്ന മാനവികത നിങ്ങൾ കാണുന്നില്ലേ…?!
തീർച്ചയായിട്ടും നിങ്ങളുടെ ഹൃദയത്തിന് തന്നെയാണ് അന്ധത. നിരക്ഷരനായ പ്രവാചകന് അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥത്തിൻ്റെ കാവ്യാത്മകതയും മനോഹാര്യതയും നിങ്ങൾ കാണുന്നില്ലേ…?!!
തീർച്ചയായിട്ടും നിങ്ങളുടെ ഹൃദയത്തിന് അന്ധത ബാധിച്ചിരിക്കുന്നു.
ഈ അടുത്ത കാലത്ത് ആധുനികശാസ്ത്രം കണ്ടുപിടിച്ച പല കാര്യങ്ങളും ആറാം നൂറ്റാണ്ടിൽ അവതരിപ്പിക്കപ്പെട്ട ഖുർആനിൽ നിങ്ങൾ കാണുന്നില്ലേ…?!!!
ഇല്ലെങ്കിൽ നിങ്ങളുടെ അന്ധത ഹൃദയത്തിന് തന്നെ, തീർച്ച.

പ്രിയപ്പെട്ട ആധുനിക മനുഷ്യാ. . ,
നിങ്ങൾ നിങ്ങളുടെ അന്ധതയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കു. ഇൻഷാ അല്ലാഹ്. നിങ്ങൾക്ക് കാഴ്ച ലഭിച്ചേക്കാം…

പ്രിയപ്പെട്ട ആധുനിക മനുഷ്യാ. ..,
നിങ്ങൾ നിങ്ങളുടെ മുൻവിധികളെ മാറ്റിവെച്ചുകൊണ്ട് നിഷ്പക്ഷമായി സത്യം അന്വേഷിക്കൂ. ഖുർആൻ ആത്മാർത്ഥമായി വായിക്കൂ… ഇൻഷാ അല്ലാഹ്. നിങ്ങൾക്ക് സത്യം മനസ്സിലാകും… ഖുർആനിന്റെ മാനവികത നിങ്ങൾക്ക് മനസ്സിലാകും.. ഖുർആനിന്റെ കാവ്യാത്മകതയും മനോഹാര്യതായും നിങ്ങൾക്ക് മനസ്സിലാകും..,ഖുർആനിന്റെ ആധികാരികതയും മാഹാത്മ്യവും നിങ്ങൾക്കു മനസ്സിലാകും. ഇൻഷാ അല്ലാഹ്.

എൻ്റെ ഇരുപതാമത്തെ വയസ്സുവരെ ഞാനൊരു ദൈവവിശ്വാസിയായത്, ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു എന്നത് കൊണ്ട് മാത്രമാണ്…പക്ഷേ എന്നാൽ ഇന്ന് ഞാൻ ഒരു ദൈവവിശ്വാസിയായി തുടരുന്നത് ദൈവത്തെ അല്പമെങ്കിലും അറിയാൻ ശ്രമിച്ചത് കൊണ്ടാണ് എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും… അൽഹംദുലില്ലാ.
ഖുർആനിലെ ഓരോ ആയത്തുകളിലൂടെയും കടന്നുപോകുമ്പോഴും ദേഹേച്ഛകളെ പിൻപറ്റിയ എൻ്റെ ‘ജാഹിലിയ’ കാലഘട്ടത്തിൽ നിന്നുള്ള മോചനം കൂടിയായിരുന്നു എനിക്ക് ലഭിച്ചത്. അതിനുമുമ്പ് അനുഭവിക്കാത്ത വിധം മനസ്സമാധാനവും എനിക്ക് ലഭിച്ചു…അൽഹംദുലില്ലാ , ഏകനായ ദൈവത്തെ എനിക്ക് അടുത്തറിയാൻ സാധിച്ചു… ലാ ഇലാഹ ഇല്ലല്ലാഹ്.
ഒരുപാട് തെറ്റുകൾ ചെയ്തു കൂട്ടിയിട്ടുണ്ട്, പക്ഷേ റഹ്മാനും റഹീമും ആയ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പ്രതീക്ഷയുണ്ട്…,ഇൻഷാ അല്ലാഹ്.

പ്രിയപ്പെട്ട സഹോദരങ്ങളെ. ,
നിങ്ങളെ ഉപദേശിക്കാൻ ഞാൻ ആരുമല്ല… പക്ഷേ നിങ്ങൾ നിങ്ങളുടെ സൃഷ്ടാവിനെ അല്പമെങ്കിലും മനസ്സിലാക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ലെങ്കിൽ , അല്പമെങ്കിലും നിങ്ങൾ അല്ലാഹുവിനെ അടുത്തറിയാൻ ശ്രമിക്കൂ… നിങ്ങൾക്ക് അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങൾ കാണാൻ സാധിക്കും… നിങ്ങൾ ഒരല്പമെങ്കിലും നിങ്ങളുടെ റബ്ബിനെ കുറിച്ച് ചിന്തിക്കൂ… ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. അല്ലാഹു നമുക്ക് എല്ലാവർക്കും ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു , നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *

2 thoughts on “വായന എന്നെ വിശ്വാസിയാക്കി

  1. Thanks for sharing. I read many of your blog posts, cool, your blog is very good.