പോസ്റ്റ് കോവിഡ് പ്രതിസന്ധികളിൽ ഏറ്റവും അപകടകരവും പ്രധാനവുമായ ഒന്നാണ് വർധിച്ചു വരുന്ന വാക്‌സിൻ വിരുദ്ധത. സമീപ കാലത്തായി വാക്‌സിനേഷനിൽ വിശ്വാസം നഷ്ടപ്പെട്ടവരുടെ എണ്ണം നാൾക്കുനാൾ ഏറി വരുന്നതായി നമുക്ക് കാണാം.
അതിനു പ്രധാനപ്പെട്ട ഒരു കാരണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി യുവാക്കളുടെ അപ്രതീക്ഷിതമായ മരണങ്ങളിലുള്ള വർധനവാണ്. കോവിഡ് വാക്‌സിന്റെ ഉപയോഗമാണ് ഇതിന്റെ കാരണമെന്നും അതിനാൽ വാക്‌സിനുകൾ ഒന്നും തന്നെ വിശ്വാസ യോഗ്യമല്ലായെന്നും മരുന്ന് കമ്പനികളുടെ ചൂഷണ മാർഗമാണിതെന്നുമാണ് പ്രചരിപ്പിക്കുന്നത്. ചില കോവിഡ് വാക്‌സിനുകൾക്ക് പാർശ്വഫലങ്ങളുണ്ടെന്ന് നിർമാതാക്കൾ തന്നെ സമ്മതിച്ചിട്ടുണ്ടെങ്കിലും അവ യുവാക്കളുടെ മരണത്തിന് കാരണമാകുന്നതായി പഠനങ്ങളിൽ നിന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ ഭക്ഷണശൈലിയിലുള്ള മാറ്റം, ജീവിതക്രമത്തിലുള്ള താളപ്പിഴ, അമിത വ്യായാമം തുടങ്ങിയ പല കാരണങ്ങളാണ് യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിനു നിദാനമാകുന്നത് എന്ന് വ്യക്തമാക്കുന്ന പഠനങ്ങൾ ഉണ്ട് താനും.

ഇനി വാദത്തിനു വേണ്ടി അത് സമ്മതിച്ചാൽ പോലും വാക്‌സിനേഷൻ എന്ന ആരോഗ്യ മേഖലയിലെ ഏറ്റവും മികച്ച രോഗ പ്രതിരോധ പ്രവർത്തനത്തെ പൂർണമായും അവിശ്വാസത്തിലെടുക്കേണ്ട കാര്യമില്ല. കാരണം വാക്‌സിനേഷൻ ലോകത്തുണ്ടാക്കിയ മാറ്റം അത്രമേൽ പ്രകടവും തെളിയിക്കപ്പെട്ടതുമാണ്. പോളിയോ, വസൂരി തുടങ്ങി ഒരുകാലത്ത് ലോകത്തെ തന്നെ വിറപ്പിച്ച മഹാമാരികളെ ഈ ലോകത്ത് നിന്ന് തുടച്ചു നീക്കുന്നതിൽ വാക്‌സിനേഷൻ വഹിച്ച പങ്ക് അനിഷേധ്യമായ വസ്തുതയാണ്.
ഒരു വാക്‌സിന്റെ ഫലത്തിലോ, പാർശ്വഫലത്തിലോ സംശയം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ അതിനെ ജനറലൈസ് ചെയ്തു കൊണ്ട് വാക്‌സിനേഷൻ എന്ന രോഗപ്രതിരോധ പ്രവർത്തനത്തെ തന്നെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത് അത്യന്തം അപകടകരവും വിപരീത ഫലം ചെയ്യുന്നതുമാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം.