മുഖത്ത് കളിയാടുന്ന പ്രസന്നതയും സന്തോഷഭാവവും സന്തോഷ ജീവിതം അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥാവിശേഷമാണ്. ദുനിയാവിലെ ജീവിതദൗത്യം പൂർത്തിയാക്കി, അഥവാ ദുനിയാവിൽ സൽകർമനിരതമായ ജീവിതം നയിച്ച് പരലോകത്തെത്തുമ്പോൾ സ്വർഗവാസികൾക്ക് ലഭിക്കുന്ന സുഖ സമൃദ്ധ ജീവിതത്തിൽ സംതൃപ്തരായി മുഖം പ്രസന്നമായ സത്യവിശ്വാസികളെ പറ്റി പറയുന്ന മനോഹരമായ ഒരു ഭാഗം ഖുർആർ 88 ആം അധ്യായമായ അൽ ഗാശിയയിൽ 8-16 ആയത്തുകളിൽ വിവരിക്കുന്നുണ്ട്. ആ ഭാഗം ഇപ്രകാരം :
“ചില മുഖങ്ങൾ അന്ന് തുടുത്തു മിനുത്തതായിരിക്കും.അവയുടെ പ്രവർത്തനത്തെ പറ്റി തൃപ്തിയടഞ്ഞവയായിരിക്കും.അഥവാ, ഉന്നതമായ സ്വർഗത്തിലാണവർ. അവിടെ അനാവശ്യമായ ഒരു വാക്കും അവർ കേൾക്കുകയില്ല. അതിൽ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവിയുണ്ട്. അതിൽ ഉയർത്തി വെക്കപ്പെട്ട കട്ടിലുകളുണ്ട്. സമൃദ്ധമായ കോപ്പകളും അണിയായി വെക്കപ്പെട്ട തലയണകളും വിരിച്ചു വെക്കപ്പെട്ട പരവതാനികളുമുണ്ട്” (അൽ ഗാശിയ 8-16).
മറ്റുള്ള വിഷയങ്ങൾ ഇപ്രകാരമാണ്:
1-7 ആയത്തുകൾ:
സത്യനിഷേധികളുടെ പരലോകത്തെ ദയനീയ അവസ്ഥകൾ വിവരിക്കുന്നു.
8-16 ആയത്തുകൾ :
സ്വർഗക്കാരുടെ സന്തോഷവും സ്വർഗീയ വിശേഷങ്ങളും വിവരിക്കുന്നു.
17-20 ആയത്തുകൾ:
ഒട്ടകം, ആകാശം, പർവതങ്ങൾ, ഭൂമി എന്നിവയിലെ സൃഷ്ടി – സ്ഥിതി സംവിധാനത്തെയും അതിലെ അത്ഭുതങ്ങളെയും പറ്റി ചിന്തിക്കാനും അതിന് പിന്നിലെ സൃഷ്ടാവിനെ കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന, ചിന്തയെ തട്ടിയുണർത്തുന്ന ആയത്തുകളാണ്.
21-26 ആയത്തുകൾ :
ദൈവിക ഉൽബോധനം പ്രബോധനം ചെയ്യേണ്ടതിൻ്റെയും അതിന് ചെവി കൊടുക്കേണ്ടതിൻ്റെയും ആവശ്യകതയും പിന്തിരിയുകയും നിഷേധിക്കുകയും ചെയ്താൽ പരലോകത്ത് വിചാരണയും ശിക്ഷയുമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ഈ സൂറത്ത് അവസാനിക്കുന്നത്.
വെളിച്ചം:
പ്രപഞ്ച വിസ്മയങ്ങളിലേക്ക് ചൂണ്ടി ചിന്തയെയും ബുദ്ധിയെയും തട്ടിയുണർത്തി സൃഷ്ടാവിൻ്റെ അസ്ഥിത്വവും ഏകത്വവും ബോധ്യപ്പെടുത്തിത്തരുകയും ജീവിത ലക്ഷ്യം ഓർമപ്പെടുത്തി സ്വർഗ-നരകത്തെ പരിചയപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് 26 ആയത്തുകളുള്ള 88 ആം അധ്യായം അൽ ഗാശിയയുടെ ഉള്ളടക്ക സംക്ഷേപം.