തിരിച്ചറിവിലേക്കുള്ള ദൂരങ്ങൾ

202

ആകുലതകളുടെ
ഹോസ്റ്റൽ വാസ കാലത്താണ്
ഒരു വഴിക്കു തന്നെ
രണ്ടു ദൂരങ്ങളുണ്ടെന്നറിയുന്നത് ,
വീട്ടിൽ നിന്ന് ഹോസ്റ്റലിലേക്കും
ഹോസ്റ്റലിൽ നിന്ന്
വീട്ടിലേക്കും ..

വിരക്തിയുടെ
ദേശാടനക്കാലത്ത്,
ഒരാളിലേക്ക് തന്നെ
അനേകം വഴികളുണ്ടെന്ന് ..

ജിജ്ഞാസയുടെ ദിവസങ്ങളിൽ,
തുറന്നിട്ട വഴികളിലൂടെയും
അകത്തു കയറാനാവാത്ത
ഇടങ്ങളുണ്ടെന്ന് ..

കടം കൊണ്ട ഓർമകളുടെ
കൈമാറ്റക്കാലത്ത്,
ഓരോ മനുഷ്യനും
ഓരോ ചുരമാണെന്ന് ..

നിഗൂഢതകളൊളിപ്പിച്ച
അനേകം തിരിവുകളുമായാണ്
ഓരോരുത്തരും
നിവർന്നു നിൽക്കുന്നതെന്ന് ..

പുറപ്പാടുകൾ അവസാനിച്ച്
പാതിരായ്ക്കു പടനിലത്തിറങ്ങി
പാട്ടുമൂളി നടക്കുമ്പോൾ
പള്ളിക്കാടെത്തുന്ന നേരത്ത്
മീസാൻ കല്ലുകൾ
ഓർമിപ്പിക്കും,
മുറിവുകൾ തൂർന്ന
മടക്ക യാത്രയുടെ
വഴി അവസാനിക്കുന്നത്
ഇവിടെയാണെന്ന്…!