തെറ്റായ രണ്ട് ധാരണകൾ

153
0

അനുഗ്രഹീത ജീവിതം നയിക്കുമ്പോൾ ഇപ്പോൾ അല്ലാഹു എൻ്റെ കൂടെയാണെന്നു പറഞ്ഞ് സന്തോഷിക്കുകയും പ്രയാസങ്ങൾ അനുഭവിക്കുമ്പോൾ ഇപ്പോൾ അല്ലാഹു പോലും എന്നെ കൈ വിട്ടു എന്ന് പരിതപിക്കുകയും ചെയ്യുന്നവരെ കാണാം!

എന്നാൽ ഈ രണ്ട് ധാരണയും ശരിയായ ധാരണയല്ല എന്നാണ് ഖുർആൻ 89 ആം അധ്യായം സൂറത്തുൽ ഫജ്ർ15, 16 ആയത്ത് വ്യക്തമാക്കുന്നത്.

” എന്നാൽ മനുഷ്യനെ അവൻ്റെ റബ്ബ് പരീക്ഷിക്കുകയും അവന് ഉദാരത നൽകി അനുഗ്രഹിക്കുകയും ചെയ്താൽ, അപ്പോൾ അവൻ പറയും എൻ്റെ റബ്ബ് എന്നെ ആദരിച്ചു എന്ന് !


എന്നാൽ ആ മനുഷ്യനെ അവൻ്റെ റബ്ബ് പരീക്ഷിക്കുന്നതിൻ്റെ ഭാഗമായി അവൻ്റെ ഉപജീവനം പരിമിതപ്പെടുത്തിയാൽ, അപ്പോൾ അവൻ പറയും എൻ്റെ റബ്ബ് എന്നെ അവഗണിച്ചു എന്ന്!” (അൽ ഫജ്ർ:15,16).


നമുക്ക് ലഭിക്കുന്ന വർധിതമായ അനുഗ്രഹങ്ങളും സന്തോഷ സാഹചര്യങ്ങളും അല്ലാഹു നമ്മെ ഇഷ്ടപ്പെട്ടു എന്നതിൻ്റെയോ നമുക്കുണ്ടാകുന്ന പ്രയാസങ്ങളും കഷ്ട നഷ്ടങ്ങളും അല്ലാഹു നമ്മെ കൈവിട്ടു എന്നതിൻ്റെയോ അടയാളമായി വിധിയെഴുതാൻ പാടില്ല. നല്ല അനുഭവങ്ങളാണെങ്കിലും മോശമായ അനുഭവങ്ങളാണെങ്കിലും അത് രണ്ടും അല്ലാഹുവിൻ്റെ പരീക്ഷണമാണ് എന്ന് കരുതുകയാണ് യഥാർഥ വിശ്വാസി ചെയ്യേണ്ടത്. സന്തോഷ വേളയിൽ അല്ലാഹുവിന് നന്ദി ചെയ്യുകയും പ്രയാസവേളയിൽ ക്ഷമയവലംബിക്കുകയുമാണ് നാം വേണ്ടത് എന്നാണ് ഈ ആയത്തുകളുടെ ഉൾസാര സന്ദേശം.

30 ആയത്തുകളുള്ള സൂറത്തുൽ ഫജ്റിൽ 4 വിഷയങ്ങളാണ് പ്രതിപാദിക്കുന്നത്.


1-14 ആയത്തുകളിൽ ആദ്, സ്മൂദ്, ഫിർഔൻ എന്നീ മൂന്ന് ഗതകാല നാഗരികതകളുടെ ധിക്കാരത്തെയും അവരുടെ ദയനീയ പതനത്തെയുമാണ് സൂചിപ്പിക്കുന്നത്.

15- 20 ആയത്തുകളിൽ അനുഗ്രഹങ്ങളുടെയും പ്രയാസങ്ങളുടെയും നേരെ ചിലർ വെച്ചുപുലർത്തുന്ന തെറ്റായ ധാരണകളെയും അതിൻ്റെ കാര്യകാരണങ്ങളും വിശകലനം ചെയ്യുന്നു.

21- 26 ആയത്തുകളിൽ ലോകാവസാനത്തെ പറ്റിയും പരലോകത്തെ അവസ്ഥകളുമാണ് വിവരിക്കുന്നത്.

27-30 ആയത്തുകളിൽ സത്യവിശ്വാസികൾ സമാധാനത്തോടെ, മലക്കുകളുടെ സ്നേഹ സാന്ത്വനത്തോടെ ഈ ലോകത്ത് നിന്ന് യാത്ര പറയുന്ന, മരണപ്പെടുന്ന രംഗവിവരണമാണ്.


വെളിച്ചം :
മരണം യഥാർഥ വിശ്വാസിക്ക് ജീവിതത്തിൻ്റെ നഷ്ടമോ അവസാനമോ അല്ല. സുഖസുന്ദര സ്വർഗീയ പരലോക ജീവിതത്തിലേക്കുള്ള ഒരു യാത്രയാകുന്നു എന്ന സന്ദേശമാണ് ഈ സൂറത്ത് പകർന്ന് തരുന്ന വേദവെളിച്ചം.

Leave a Reply

Your email address will not be published. Required fields are marked *