കാത്തിരിപ്പിന്റെ വിരാമമായിരുന്നു
അന്നലയടിച്ച ആ തീരം.
വഴിദൂരമത്രയും മുഖമണിഞ്ഞ പുഞ്ചിരിയെ
തിരകളിലലിയാൻ ഞാനനുവദിച്ചു. ജീവനിൽ തുടിച്ച നിമിഷങ്ങൾ
തോർന്നു പോവാതിരിക്കാൻ
ഞാനപ്പോഴും കിണഞ്ഞു ശ്രമിച്ചു. മണൽത്തരികളിൽ കോറിയിട്ട
എന്റെ വരികൾക്ക്
ഈണമേകാൻ വരുന്ന അപരിചിതനായ നിന്നെയും കാത്ത്
മിഴികൾ ചിമ്മി ഞാനവിടെയിരുന്നു.
തീരമണയാത്ത സ്വപ്നങ്ങളുമായി ഞാൻ മടങ്ങിയെങ്കിലും
മണൽത്തരികളെ പുൽകിയ തിരയുടെ സൗമ്യത
ഹൃദയത്തിൽ മാറ്റൊലി കൊണ്ടു.
