2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസം സമഗ്രമായ അഴിച്ചുപണിക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊണ്ട് നിലവിലുള്ള മൂന്നു വർഷ ബിരുദ കോഴ്സുകൾ നിർത്തലാക്കുകയും പകരം നാലുവർഷ ഓണേഴ്സ് ബിരുദ കോഴ്സ് ആരംഭിക്കാനുമാണ് കേന്ദ്രം ആലോചിക്കുന്നത്. കേരളത്തിൽ 2024-25 അധ്യയന വർഷത്തിൽ ആരംഭിച്ചാൽ മതിയെന്ന തീരുമാനത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാലുവർഷ ഓണേഴ്സ് ബിരുദ കോഴ്സ് 2023-24 അധ്യയന വർഷത്തിൽ നടപ്പിലാക്കുന്നതിന് വേണ്ടി പാഠ്യപദ്ധതി ചട്ടക്കൂട് (Curriculum and Credit Framework for Undergraduate Programmes) 2022 ഡിസംബറിൽ യു.ജി.സി പുറത്തിറക്കിയിരുന്നു. രാജ്യത്തെ പല കേന്ദ്ര സർവകലാശാലകളും, സംസ്ഥാന, സ്വാശ്രയ സ്ഥാപനങ്ങളും ഈ അധ്യയന വർഷം മുതൽ തന്നെ നാല് വർഷ ബിരുദ കോഴ്സ് ആരംഭിക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്.
നിലവിലെ ബിരുദ കോഴ്സിൽ നിന്ന് നാലുവർഷ ബിരുദ കോഴ്സിനെ വിഭിന്നമാക്കുന്ന പ്രധാനപ്പെട്ട ഘടകം ബിരുദ കോഴ്സിലേക്ക് മൾട്ടിപ്പിൾ എൻട്രി, എക്സിറ്റ്, റീഎൻട്രി സൗകര്യങ്ങള്‍ ലഭ്യമാണെന്നതാണ്. കോഴ്സിന്റെ ഏത് ഘട്ടത്തിലും സർട്ടിഫിക്കറ്റോടു കൂടി പിരിഞ്ഞുപോകാം (എക്സിറ്റ് ഓപ്ഷൻ). ഒരു വർഷം പൂർത്തിയാക്കുന്നവർക്ക് കോഴ്സ് സർട്ടിഫിക്കറ്റും, രണ്ട് വർഷം പൂർത്തിയാക്കുന്നവർക്ക് ഡിപ്ലോമ ബിരുദവും, മൂന്നാം വർഷം എക്സിററ് ചെയ്യുന്നവർക്ക് ബാച്ചിലർ ബിരുദവും, നാല് വർഷം പൂർത്തീകരിക്കുന്നവർക്ക് ബാച്ചിലർ (ഓണേഴ്സ്) ബിരുദവുമാണ് ലഭിക്കുക.
സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബാച്ചിലർ ബിരുദം തുടങ്ങിയ ഘട്ടങ്ങളിൽ പഠനം അവസാനിപ്പിക്കുന്നവർക്ക് മൂന്ന് വർഷത്തിനുള്ളിൽ വീണ്ടും കോഴ്സിന് ചേർന്ന് നാല് വർഷം പൂർത്തിയാക്കി ഓണേഴ്സ് ബാച്ചിലർ ബിരുദം നേടാനുള്ളതാണ് റീഎൻട്രി ഓപ്ഷൻ. നാല് വർഷ ബിരുദ കോഴ്സ് പൂർത്തിയാക്കാനുള്ള പരമാവധി കാലാവധി ഏഴ് വർഷമായിരിക്കും.
നിലവിലെ പഠനരീതിപ്രകാരം ഏതെങ്കിലും ഒരു കോര്‍ വിഷയവും അനുബന്ധ വിഷയങ്ങളും മാത്രം പഠിച്ച് മൂന്ന് വര്‍ഷം കൊണ്ട് ബിരുദം നേടുകയെന്നതിൽ നിന്ന് മാറി പുതിയ പാഠ്യപദ്ധതി പ്രകാരം ഒരു മേജര്‍ വിഷയത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് മറ്റു ഡിപ്പാര്‍ട്ടുമെന്റുകളിലെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കോഴ്സുകള്‍ പഠിക്കാനും അവസരം ലഭിക്കുന്നു.
മറ്റു സവിശേഷതകൾ:
- ഓഫ് ലൈൻ, ഓണ്‍ലൈൻ, ഡിസ്റ്റന്റ്, ഓപണ്‍, ഹൈബ്രിഡ് തുടങ്ങിയ ഏത് സംവിധാനവും ഉപയോഗപ്പെടുത്തി കോഴ്സ് പൂര്‍ത്തിയാക്കാവുന്നതാണ്.
- റെഗുലര്‍ പഠനത്തോടൊപ്പം മറ്റ് യൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകള്‍ ഓണ്‍ലൈനായി ചെയ്യാം. അവിടെനിന്ന് കിട്ടുന്ന ക്രെഡിറ്റ്, ദേശീയതലത്തില്‍, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റില്‍ (പഠനകാലയളവില്‍ ഒരു വിദ്യാര്‍ഥി നേടുന്ന ക്രെഡിറ്റുകള്‍ വെര്‍ച്വലായി ഡെപ്പോസിറ്റ് ചെയ്യപ്പെടുന്ന അക്കൗണ്ട്) ഡെപ്പോസിറ്റ് ചെയ്യപ്പെടും. ഉദാഹരണത്തിന്, കേരളത്തിലെ ഏതെങ്കിലും കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് ഐ.ഐ.ടി, ഐ.ഐ.എം പോലെയുള്ള കേന്ദ്ര സ്ഥാപനങ്ങള്‍ നടത്തുന്ന ഓണ്‍ലൈന്‍ കോഴ്‌സുകള്‍ എടുക്കാൻ സാധിക്കും. ആ കോഴ്സുകളുടെ ക്രെഡിറ്റുകള്‍ തന്റെ റെഗുലര്‍ കോഴ്സിന് പ്രയോജനപ്പെടുത്താനും സാധിക്കും.
- ഒരു കോഴ്സിൽ നിന്ന് മറ്റൊരു കോഴ്സിലേക്കും ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്കും മാറാനുള്ള അവസരമുണ്ട്. വിദ്യാര്‍ഥി നേടുന്ന ക്രെഡിറ്റുകളുടെ എണ്ണവും സ്വഭാവവും പരിഗണിച്ചു കൊണ്ടായിരിക്കും ഇത്.
- നാല് വര്‍ഷത്തെ ഓണേഴ്സ് ബിരുദത്തിന് ശേഷം ഒരു വര്‍ഷം കൂടി പഠിച്ചാൽ പി.ജി നേടാം.
- പഠനമാരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം തെരഞ്ഞെടുത്ത മേജര്‍ വിഷയം തുടരാൻ താല്പര്യമില്ലെങ്കിൽ മറ്റൊരു വിഷയം മേജറായി തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. നിലവിലെ രീതിപ്രകാരം ഒരു വര്‍ഷം നഷ്ടമാകുമെന്ന പ്രശ്നം ഇതോടെ ഇല്ലാതാകും.
- വിദ്യാര്‍ഥികൾക്ക് മൂന്നു വര്‍ഷം മേജര്‍ വിഷയത്തില്‍ പഠനം പൂര്‍ത്തിയാക്കി, നാലാം വര്‍ഷം ഒരു ഗവേഷണ മേഖല തിരഞ്ഞെടുത്ത് ഒരു അധ്യാപകനു കീഴില്‍ ഒരു വര്‍ഷത്തെ ഗവേഷണം ചെയ്യാവുന്നതാണ്. ഇവര്‍ക്ക് Degree (Honors with Research) എന്ന ബിരുദമാണ് ലഭിക്കുക.
- ഡിഗ്രി (ഓണേഴ്സ് വിത്ത് റിസര്‍ച്ച്) പൂര്‍ത്തീകരിച്ചവര്‍ക്ക് പി.ജി ഇല്ലാതെ തന്നെ പി.എച്ച്.ഡിക്ക് ചേരാം (എന്നാല്‍ ശ്യാം ബി. മേനോൻ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ഇത് പറ്റില്ല. ഒരു വര്‍ഷത്തെ പി.ജിക്ക് ശേഷം മാത്രമേ പി.എച്ച്.ഡിക്ക് ചേരാൻ പറ്റൂ)

ആശങ്കകൾ
- വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്നതിനാൽ പുതിയ വിദ്യാഭ്യാസ നയത്തിലെ പരിഷ്കാരങ്ങൾ ശ്ലാഘനീയമാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങള്‍ എത്രത്തോളം പ്രായോഗികവും ഫലപ്രദവുമാണെന്ന കാര്യം ആശങ്കയും സന്ദേഹവും വര്‍ധിപ്പിക്കുന്നു. നാലുവര്‍ഷ ബിരുദമെന്ന പരിഷ്കാരം കൊണ്ടു പരിഹരിക്കാനാവുന്നതാണോ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ എന്നതും വിമര്‍ശനബുദ്ധിയോടെ കാണേണ്ടതുണ്ട്.
- അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്: നാലുവര്‍ഷ ബിരുദ കോഴ്സുകൾ ആരംഭിക്കാൻ രാജ്യത്തെ ഭൂരിഭാഗം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സജ്ജമല്ല എന്നതൊരു വസ്തുതയാണ്. കാരണം പുതിയ രീതിയിലുള്ള ബിരുദ കോഴ്സുകൾ ആരംഭിക്കാൻ ഒരു സ്ഥാപനത്തിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ എന്തൊക്കെയെന്ന് യു.ജി.സി പുറത്തിറക്കിയ കരിക്കുലത്തിൽ നിഷ്കര്‍ഷിക്കുന്നുണ്ട്. ഗവേഷണത്തിനനുയോജ്യമായ ലാബുകൾ, രണ്ട് സ്ഥിരം റിസര്‍ച്ച് ഗൈഡുകള്‍, അന്താരാഷ്ട്ര ജേണലുകളുടെ ലഭ്യത, കമ്പ്യൂട്ടര്‍ ലാബുകളും സോഫ്റ്റ് വെയറുകളും തുടങ്ങിയ സൗകര്യങ്ങൾ വേണ്ടതുണ്ട്. നമ്മുടെ രാജ്യത്തെ എത്ര കോളേജുകളിൽ ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാണ്?
- യോഗ്യരായ അധ്യാപകരുടെ അഭാവം: പുതിയ വിദ്യാഭ്യാസ പദ്ധതി ആവശ്യപ്പെടുന്ന രീതിയിലുള്ള അധ്യാപനവും റിസര്‍ച്ച് സൂപ്പര്‍വൈസിങ്ങും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാൻ വേണ്ട പ്രാപ്തിയും ശേഷിയുമുള്ള അധ്യാപകരുടെ അഭാവം പരിഷ്കാരങ്ങളുടെ ഫലപ്രാപ്തിയെ ബാധിച്ചേക്കും.
- രാജ്യത്തെ ഉന്നതവിദ്യാഭ്യാസം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇന്ത്യൻ വിദ്യാര്‍ഥികളുടെ വിദേശ രാജ്യത്തേക്കുള്ള കുടിയേറ്റമാണ്. ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളുടെ കുറവ്, കാലാനുസൃതമായി പരിഷ്കരിക്കാത്ത കരിക്കുലം, രൂക്ഷമായ തൊഴിലില്ലായ്മ തുടങ്ങി നിരവധി കാരണങ്ങളാല്‍ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുണ്ട്. ഈ കൊഴിഞ്ഞുപ്പോക്ക് തടയാനുതകുന്നതാണോ പുതിയ പരിഷ്കാരങ്ങള്‍?
- വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുതകുന്ന സ്ഥാപനത്തിന്റെയും കരിക്കുലത്തിന്റെയും അഭാവം പരിഹരിക്കാൻ നാല് വര്‍ഷ ബിരുദ സമ്പ്രദായത്തിന് സാധിക്കുമോ?
- മേജര്‍ വിഷയത്തോടൊപ്പം അതുമായി യാതൊരു ബന്ധവുമില്ലാത്ത ഐച്ഛികവിഷയങ്ങളും ഉപവിഷയങ്ങളും കൂടുതലായി പഠിക്കുമ്പോൾ മേജര്‍ വിഷയത്തിൽ സൂക്ഷപഠനം സാധ്യമാകാതെ വരുമോ എന്ന ആശങ്ക.
- ബിരുദ കോഴ്സിന്റെ കാലയളവ് ഒരു വര്‍ഷം കൂടി നീളുന്നതോടെ ട്യൂഷൻ ഫീ, മറ്റു പഠന ചെലവുകള്‍ എന്നിവയിലുണ്ടാകുന്ന മാറ്റം സാധാരണക്കാരെയും നിര്‍ധനരായ വിദ്യാര്‍ഥികളെയും പ്രതികൂലമായി ബാധിച്ചേക്കാം. തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കാൻ ഒരു വര്‍ഷം വൈകുന്നത് ഇവരുടെ കുടുംബ വരുമാനത്തെയും ബാധിച്ചേക്കാം.
കേരളത്തിന്റെ ആശങ്കകൾ
ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരേണ്ട പരിഷ്കരണങ്ങൾ പഠിക്കാൻ സര്‍ക്കാര്‍ നിയോഗിച്ച ഡോ.ശ്യാം ബി. മേനോൻ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. യു.ജി.സി പുറത്തിറക്കിയ പാഠ്യപദ്ധതി മാര്‍ഗ്ഗരേഖയും മേല്‍ റിപ്പോര്‍ട്ടിലുള്ള പല നിര്‍ദേശങ്ങളും തമ്മില്‍ അന്തരമുണ്ട്.
ദേശീയതലത്തില്‍ ഓണേഴ്‌സ്- റിസര്‍ച്ച് ഡിഗ്രി കഴിഞ്ഞാല്‍ പി.എച്ച്ഡിക്ക് നേരിട്ട് ചേരാം. കേരളത്തില്‍, ശ്യാം മേനോൻ റിപ്പോര്‍ട്ട് പ്രകാരം നാലു വര്‍ഷം കഴിയുന്നവര്‍ക്ക് സെക്കന്‍ഡ് ഇയര്‍ പി.ജിക്കാണ് ചേരാന്‍ കഴിയുക. അതു കഴിഞ്ഞേ പി.എച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്യാനാകൂ. അപ്പോള്‍, കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ദേശീയതലത്തിലെ സ്ഥാപനങ്ങളില്‍ പഠിക്കാനാണ് കൂടുതല്‍ താല്‍പര്യമുണ്ടാകുക. ഇത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രസക്തിക്ക് മങ്ങലേല്‍പ്പിക്കും.
യു.ജി.സി ദേശീയതലത്തില്‍ നടപ്പാക്കുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിന് ബദലായി ശ്യാം മേനോൻ കമ്മീഷൻ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചത് Common / Shared bank of credit ആണ്. ഇവ തമ്മിലുള്ള ബന്ധവും അന്തരവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. കേന്ദ്ര സ്ഥാപനങ്ങളില്‍ നിന്ന് ഓണ്‍ലൈനായെടുക്കുന്ന കോഴ്സുകളുടെ ക്രെഡിറ്റുകള്‍ കേരളത്തിന്റെ ക്രെഡിറ്റ് ബാങ്കില്‍ ക്രെഡിറ്റ് ചെയ്യാൻ സാധിക്കുമോ എന്നതും വ്യക്തമല്ല. കാലോചിതമായ പാഠ്യപദ്ധതി പരിഷ്കാരം അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ യാതൊരു പഠനവും നടത്താതെ പരീക്ഷണാടിസ്ഥാനത്തിലാണ് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും അത് വരുത്തിവെക്കുക. 2013ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ ആരംഭിച്ച നാല് വര്‍ഷ ബിരുദ കോഴ്സ് പല കാരണങ്ങളാൽ പിൻവലിക്കേണ്ടി വന്ന ചരിത്രം ഒരു പാഠമാണ്.