സുബഹി ബാങ്കിനു മുമ്പേ ഉമ്മ ഉണർന്നിരുന്നു. പ്രഭാത കർമ്മങ്ങൾക്ക് ശേഷം അടുക്കളയിൽ നെട്ടോട്ടമോടുകയാണവർ. അടുപ്പിൽ വിറക് കൊള്ളികൾ വെച്ച് ഊതി പ്രയാസപ്പെട്ട് അടുപ്പിൽ തീ കത്തിച്ചു. പ്രഭാത ഭക്ഷണം തയ്യറാക്കി ഒന്ന് വിശ്രമിക്കാൻ ഇരുന്നതും വീടിൻ്റെ രണ്ടാം നിലയിൽ നിന്നും മകൻ അവൻ ഓഫീസിലേക്ക് പോകാനായി വസ്ത്രങ്ങളും മറ്റും തയ്യാറാക്കാനായി പറഞ്ഞു. അതെല്ലാം എടുത്തു വെച്ചു ശേഷം മേശപുറത്ത് ഭക്ഷണവും എടുത്തു വെച്ചു.
ഓഫീസിലേക്ക് പോകാനായി മുകൾ നിലയിൽ നിന്നും ഇറങ്ങി വരുന്ന മോനെ ഉമ്മ ഭക്ഷണം കഴിക്കാനായി വിളിച്ചു. സ്ഥിരമുള്ള ഭക്ഷണ പദാർത്ഥങ്ങൾ കണ്ട അവൻ അറുപ്പോടെ മുഖം തിരിച്ചു. വേറെ എന്തെങ്കിലും ഉണ്ടാക്കി തരാം എന്ന് പറഞ്ഞെങ്കിലും അവൻ നിരാകരിച്ചു. സങ്കടത്തോടെ കാറെടുത്തു പോകുന്ന മകനെ ഉമ്മ നോക്കി നിന്നു. നീര് വെച്ച കാലുമായി ഉമ്മ പതിയെ അകത്തേക്ക് പോയി. മകനായി തയ്യാറാക്കിയ ഭക്ഷണത്തിൽ നിന്നും കഴിച്ചെന്നു വരുത്തി ഉമ്മ വിശ്രമിക്കാനായി റൂമിലേക്ക് തിരിച്ചു.
ഓഫീസിൽ നിന്ന് മടങ്ങി വന്ന മകൻ ഉമ്മ തുറന്നിടാറുള്ള ഗേറ്റ് അടഞ്ഞത് കണ്ട് ഹോണടിച്ചെങ്കിലും അകത്തു നിന്നും അനക്കമൊന്നും കണ്ടില്ല. സ്വമേധയാ ഗേറ്റ് തുറക്കുമ്പോൾ “ഈ തള്ള എവിടെ”യെന്ന് അയാൾ പിറുപിറുക്കുന്നുണ്ടായിരുന്നു. തന്നെയും കാത്തു പുറത്തിരിക്കാറുള്ള ഉമ്മയെ കാണാത്തതിൽ പരിഭ്രാന്തിയാൽ അടുക്കയിലെത്തിയ അയാൾക്ക് രാവിലെ തനിക്കായി ഉണ്ടാക്കി വെച്ച ഭക്ഷണം കാണാൻ കഴിഞ്ഞുള്ളു.
റൂമിലെത്തിയ അയാൾ ഉറക്കത്തിലുള്ള ഉമ്മയെയാണ് കണ്ടത്. നുരഞ്ഞ് പൊന്തിയ കോപത്തെ പിടിച്ചു വെച്ചു രണ്ടാം നിലയിലേക്ക് കയറി പോയി. വിശപ്പിന്റെ അസഹിഷ്ണുതയിൽ ഉമ്മയെ ഉണർത്തി ചായക്കുള്ള കൽപ്പന നൽകാൻ അയാൾ പതിയെ ഉമ്മയുടെ അടുത്ത് ചെന്ന് പതിയെ ഉമ്മയെന്നു വിളിച്ചു.
അനക്കമെന്നും കാണതായപ്പോൾ അവൻ ഉമ്മയെ തട്ടിവിളിക്കാനായി ഉമ്മയുടെ ചുമലിൽ കൈ വച്ചതും പെട്ടെന്ന് പിൻവലിച്ചു. ഉമ്മയുടെ ശരീരം തണുത്തുറഞ്ഞിരിക്കുന്നു. ശ്വാസം നിലച്ചത് അപ്പോഴാണ് ശ്രദ്ധിച്ചത്. ഒന്ന് അട്ടഹസിക്കാൻ പോലും സാധിക്കാതെ അവിടെയിരുന്നു. ചലനമില്ലാതെ കിടക്കുന്ന ഉമ്മയുടെ നാവിൽ മോന് വേണ്ടിയുള്ള പ്രർത്ഥനകൾ അലയടിച്ചു കെണ്ടിരിക്കുന്നതായി അയാൾക്ക് തോന്നി.