ലോകാൽഭുതങ്ങളിലൊന്നായ താജ്മഹൽ എന്ന മഹാ സൗധം ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്ത ഇന്ത്യക്കാരനുണ്ടാകുമോ? അറിയില്ല. ഏതായാലും ഇന്ന് പരിചയപ്പെടുത്തുന്നത് മുഗൾ ചക്രവർത്തിമാരുടെ ഓർമ്മകളുറങ്ങുന്ന ആഗ്രാ പട്ടണത്തിൽ യമുനാ നദിയുടെ തീരത്തു കൂടെ തലങ്ങും വിലങ്ങും ഓട്ടോറിക്ഷയുമായി ചീറിപ്പായുന്ന അഹമദ് ഭായ് യെക്കുറിച്ച് ആണ്.
ആഗ്രയിൽ ഒരു തവണയെങ്കിലും പോയവർക്കറിയാം. റെയ്ൽ വെ സ്റ്റേഷൻ ഇറങ്ങിയ ഉടനെ നിങ്ങളെ ഒരു പക്ഷെ കാത്തിരിക്കുന്നത് കലപില കൂട്ടുന്ന റിക്ഷാ ഡ്രൈവർമാരായിരിക്കാം. താജ്മഹലും ആഗ്രാ ഫോർട്ടും കാണിച്ചു തരാമെന്നും താമസിക്കാൻ നല്ല ഹോട്ടൽ ഏർപാടു ചെയ്തു തരാമെന്നും പറഞ്ഞ് നാലു ഭാഗത്തു നിന്നും റിക്ഷാ തൊഴിലാളികൾ നിങ്ങളെ പൊതിയും. വില പേശാനുള്ള നിങ്ങളുടെ നിങ്ങളുടെ കഴിവനുസരിച്ചും സഞ്ചരിക്കേണ്ട ദൂരത്തെക്കുറിച്ച് നിങ്ങൾക്കുള്ള ധാരണ അനുസരിച്ചും കൊടുക്കേണ്ട പണം ഏറിയും കുറഞ്ഞുമിരിക്കും. ഇക്കാര്യത്തിലൊന്നും നല്ല വശമില്ലെങ്കിൽ നിങ്ങൾ കബളിപ്പിക്കപ്പെടാനും സാധ്യത കൂടുതലാണ്. ഏതായാലും നിങ്ങൾക്ക് ഇക്കാര്യത്തിൽ സമീപിക്കാൻ കഴിയുന്ന വിശ്വസ്തനായ ആളുണ്ട്. നല്ല അസ്സൽ മലയാളം പറയുന്ന തനി യുപി ക്കാരനായ അഹമ്മദ് ഭായ്.
മറ്റെല്ലാ റിക്ഷക്കാരും തങ്ങളുടെ യാത്രക്കാരെ കിട്ടാൻ കലപില കൂടുമ്പോൾ അഹമ്മദ് ഭായ്ക്ക് ഈ ടെൻഷനൊന്നുമില്ല. മൂപ്പര് നേരെ സ്റ്റേഷനിൽ വരും, മലയാളം കൊണ്ട് താൻ നേടിയെടുത്ത യാത്രക്കാരെ കൊത്തിയെടുത്ത് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കും.

മലയാളവുമായി പ്രത്യേകിച്ച് ഒരു ബന്ധവുമിലാത്ത ഉത്തരേന്ത്യൻ സംസ്ഥാനത്തു നിന്നുളള, അവിടെത്തന്നെ ജനിച്ചു വളർന്ന ഈ മനുഷ്യനെങ്ങനെ ഇത്ര നന്നായി മലയാളം സംസാരിക്കുന്നു. അത് വല്ലാത്തൊരു ആകാംക്ഷയായിരുന്നു. മറുപടി ആൾ തന്നെ പറയും. ആഗ്ര സന്ദർശിക്കാൻ നല്ലൊരു ശതമാനം മലയാളികൾ എത്തുന്നുണ്ട്. അതു കൊണ്ട് തന്നെ മലയാളം സംസാരിക്കാൻ അറിയുമെങ്കിൽ തന്റെ ഓട്ടോ റിക്ഷയ്ക്ക് നിരന്തരം ഓട്ടം കിട്ടിക്കൊണ്ടേയിരിക്കും. സഞ്ചാരികളെ ക്യാൻവാസ് ചെയ്ത് കഷ്ടപ്പെടേണ്ട കാര്യമില്ല. മലയാളികൾ ഇങ്ങോട്ട് തേടി വന്നോളും. കൂടാതെ മലയാളികളെക്കുറിച്ച് അഹമ്മദ് ഭായ്ക്ക് നല്ല മതിപ്പാണ്. പൊതുവെ മാന്യന്മാരാണ് എന്നാണ് മൂപ്പരുടെ അഭിപ്രായം. ചില ഓട്ടോക്കാർ ആവശ്യത്തിലധികം ചാർജ് വാങ്ങി യാത്രക്കാരെ പിഴിയുമ്പോൾ അഹമ്മദ് ഭായ് മിതമായ ചാർജ് വാങ്ങി സർവീസ് നടത്തുന്നു.
രണ്ട് വർഷം മുമ്പാണ് ഞങ്ങൾ നാല് പേർ ആഗ്രയിലേക്ക് വണ്ടി കയറുന്നത്. ഞാൻ, അഷ്ഫാഖ് , ഷാഹുൽക, ജഫിൻക. ഷാഹുൽകയ്ക്കും ജഫിൻ കയ്ക്കും കാഴ്ചയില്ലാത്തതിനാൽ ഞങ്ങൾ ആഗ്രാഫോർട്ടും താജ് മഹലും ‘തൊട്ടറിയാൻ’ കൂടി വേണ്ടിയാണ് പോകുന്നത്. ഏതായാലും പ്രതീക്ഷിച്ച പോലെ രാവിലെ അഹമദ് ഭായ് വണ്ടിയുമായി എത്തി. ” “ചങ്ങായി… ചങ്ങായി എന്നും വിളിച്ച് പച്ച മലയാളത്തിൽ കുറേ വർത്തമാനം പറഞ്ഞു. കൃത്യ സമയം പാലിച്ച് കൊണ്ട് ഞങ്ങളെ ഫോർട്ടിലും താജ് മഹലിലും ഇറക്കിത്തന്നു. നല്ല ആഗ്രാ പേഡ കിട്ടുന്ന സ്ഥലം കാണിച്ചു തന്നു. ഉച്ച ആവുമ്പോഴേക്കും ഞങ്ങളെ റെയ്ൽവേ സ്റ്റേഷനിൽ ഇറക്കിത്തന്നു. ഏറ്റവും അവസാനം ഓട്ടോ ചാർജ് കൊടുക്കാൻ നേരം നല്ല തമാശ. എത്ര പറഞ്ഞിട്ടും ഇയാൾ പണം വാങ്ങുന്നില്ല. ഷാഹുൽക്കയും ജഫിൻകയും എന്റെ അതിഥികളാണെന്നും എനിക്ക് ഇവരോട് പണം വാങ്ങാൻ കഴിയില്ലെന്നും അയാൾ പറഞ്ഞു. ഓട്ടോയുമായി അയാൾ സ്ഥലം വിടുന്നതിന് മുമ്പ് “ഇത് ഒരു കൂലിയായി കണക്കാക്കേണ്ടതില്ല എന്നും സന്തോഷത്തോടെ തരുന്നതായി കൂട്ടിയാൽ മതിയെന്നും പറഞ്ഞ് എങ്ങനെയൊക്കെയോ അയാളുടെ കയ്യിൽ കുറച്ച് പണം പിടിപ്പിച്ചു.
ഞങ്ങളോട് സലാം പറഞ്ഞ് അയാൾ ഏതാനും സമയത്തിനുള്ളിൽ ‘കേരള എക്സ്പ്രസി’ൽ അവിടെ എത്തുന്ന മലയാളികൾക്ക് വേണ്ടി കാത്തിരുന്നു. ഇടയ്ക്കിടെ വരുന്ന ഫോൺ കോളുകൾക്ക് മലയാളത്തിൽ മറുപടി പറഞ്ഞ് കൊണ്ടിരുന്നു. ആഗ്രയിലെ വെയിൽ അതിന്റെ ഉച്ചസ്ഥായിയിലേക്ക് കടന്നിരിക്കുന്നു. “ചങ്ങായി ചങ്ങായി എന്ന് വിളിക്കുന്ന അഹമ്മദ് ഭായിയുടെ ശബ്ദം ആഗ്രയിലെ ആൾക്കൂട്ടത്തിൽ പതിയെ അലിഞ്ഞു ചേരുന്നു.