“ഞാൻ സർക്കാരിന്റെ തെരഞ്ഞെടുപ്പ് കമ്മിഷൻ അല്ല, ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മിഷണർ ആണ്. ചിലപ്പോൾ ഞാൻ ഇന്ത്യയുടെ രാഷ്ട്രപതിയോട് മറുപടി പറയേണ്ടി വന്നേക്കാം. ചിലപ്പോൾ രാജ്യത്തെ ജനങ്ങളോട്, മറ്റു ചിലപ്പോൾ ഇന്ത്യൻ പാർലിമെന്റിനോടും, തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെട്ടാൽ കോടതിയോടും. അല്ലാതെ സർക്കാരിനോടല്ല”. ഒരു ചാനൽ അഭിമുഖത്തിൽ ഇന്ത്യയുടെ മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ ആയിരുന്ന ടി എൻ ശേഷൻ പറഞ്ഞ വാക്കുകളാണിത്.
ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ച ശക്തമായ കള്ളവോട്ട് ആരോപണങ്ങൾ കത്തിക്കയറുമ്പോൾ ജന്മനസ്സുകളിൽ വീണ്ടും ഉയർന്നവരുന്ന പേരാണ് തിരുനെല്ലാഴി നാരായണയ്യർ ശേഷനെന്ന മുൻ തെരഞ്ഞെടുപ്പ് കമ്മിഷണരുടേത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബീഹാറിൽ നടപ്പിലാക്കിയ SIR ൽ 65 ലക്ഷത്തോളം ആളുകൾ പുറത്തായതും, കള്ള വോട്ട് ആരോപണങ്ങളും തെരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യമുനയിൽ നിർത്തുന്നുണ്ട്. പ്രത്യേകമായി ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ എങ്ങനെയാണ് ഇത്രയും അധികം ആളുകൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്തുപോയതെന്ന് രാജ്യത്തിന്റെ പരമോന്നത നീതിപീഠം പോലും ചോദിച്ചു. ഭരിക്കുന്ന പാർട്ടിക്ക് വേണ്ടി ഇലക്ഷൻ കമ്മീഷൻ വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു . എന്നാൽ കമ്മീഷന് അത്തരം ആരോപണങ്ങൾക്കെതിരായി നല്ലയൊരു മറുപടിപോലും നൽകാൻ സാധിച്ചില്ല. ഒരാരോപണത്തിന്റെയും കളങ്കമേൽക്കാതിരിക്കുക എന്നതാണ് ഒരു ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശുദ്ധി സംരക്ഷിക്കാൻ വേണ്ടത്. എന്നാൽ അങ്ങനെയൊരു കാലം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടായിരുന്നു.

രാജ്യത്തെ ഉന്നത നേതാക്കൾ പോലും ജാതിയും മതവും പറഞ്ഞു വോട്ട് പിടിക്കാത്ത കാലം, തെരെഞ്ഞെടുപ്പുകളിൽ പണം വാരിയെറിഞ് ജനാധിപത്യത്തെ വിലക്ക് വാങ്ങാത്ത കാലം, രാജ്യം ഭരിക്കുന്ന പാർട്ടി പോലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമങ്ങൾ ഒരു കുഞ്ഞിനെപ്പോലെ അനുസരിച്ച കാലം. അത് ടി എൻ ശേഷനെന്ന തിരുനെല്ലാഴി നാരായണ അയ്യർ ശേഷൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷണർ ആയ കാലമാണ്.
1990 ൽ കോൺഗ്രസ് പിന്തുണയോടെ ചന്ദ്രശേഖർ പ്രധാനമന്ത്രിആയിരിക്കുന്ന സമയത്താണ് ടി എൻ ശേഷനെ രാജ്യത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ആയിട്ട് നിയമിക്കുന്നത്. ദൈവമേ അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ലല്ലോ എന്നാണ് ശേഷനെ കമ്മിഷണർ ആയിട്ട് നിയമിച്ചതിനെ കുറിച്ച് രാജീവ് ഗാന്ധി തമാശ രൂപേണ പ്രതികരിച്ചത്. മുഖം നോക്കാതെയുള്ള നിലപാടുകൾ, ആരോടും ഏറ്റുമുട്ടാനുള്ള ധൈര്യം, അധികാര പ്രയോഗത്തിന് മടിക്കാത്ത പ്രകൃതം എന്നിവ ഇന്ത്യൻ തെരഞ്ഞെടുപ്പ് രംഗം ഉടച്ചുവാർക്കാൻ ശേഷനെ സഹായിച്ചു. ലോകസഭ തെരഞ്ഞെടുപ്പിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ 1993 ൽ പഞ്ചാബിൽ നിന്നുള്ള 1488 സ്ഥനാർത്ഥികളെ ശേഷന്റെ നിർദേശപ്രകാരം അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് ജോലിക്ക് വിസമ്മതിച്ച ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പ് ഏറ്റവും വിശ്വാസ്യതയോടെ നടത്താൻ അദ്ദേഹം നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഇന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലാണ്.

തെരെഞ്ഞെടുപ്പുകൾ അഴിമതി രഹിതമാക്കിയ അദ്ദേഹം ദേശീയ വോട്ടേഴ്‌സ് ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു ജനങ്ങളെ അവരുടെ വോട്ടവകാശം വിനിയോഗിക്കുവാൻ ഉത്ബോധിപ്പിച്ചു. തെരെഞ്ഞെടുപ്പുകളിൽ മാതൃക പെരുമാറ്റച്ചട്ടം കൊണ്ടുവന്ന അദ്ദേഹം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിബന്ധമാക്കുകയും, തെരെഞ്ഞെടുപ്പുകളിൽ കള്ളവോട്ട് ഒഴിവാക്കാൻ വീഡിയോ ടീമുകളെ നിയോഗിക്കുകയും ചെയ്തു. തെരെഞ്ഞെടുപ്പ് ചെലവുകളിൽ പരിധി നിശ്ചയിച്ച അദ്ദേഹം സ്ഥാനാർഥികൾ അവരുടെ വരുമാനം സമർപ്പിക്കുന്നത് നിർബന്ധമാക്കി. ജാതി തിരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തെയും ജാതി പ്രീണനത്തെയും അദ്ദേഹം നിരോധിച്ചു. തെരെഞ്ഞെടുപ്പുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതും ചുവരെഴുത്തുകൾക്ക് പരിധി നിശ്ചയിക്കുകയും ചെയ്തു . രാജ്യസഭയിലേക്ക് മത്സരിക്കുന്നവർ അവർ ജനിച്ച സംസ്ഥാനത്ത് തന്നെയാകണം എന്ന നിയമം കൊണ്ടുവന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു. ജാതി മത സ്ഥാപനങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഇടപെടുന്നത് വിലക്കി. സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം തടയുകയും പാർട്ടികൾ തെരഞ്ഞെടുപ്പ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. കൂടാതെ തെരഞ്ഞെടുപ്പ് ദിനങ്ങളിൽ മദ്യവില്പനയും പണം വിതരണവും വിലക്കി. തെരെഞ്ഞെടുപ്പിനെ ബാഹ്യ ഇടപെടലുകളിൽ നിന്ന് മുക്തമാക്കുകയും ചെയ്തു. ഇത്രയെല്ലാം പരിഷ്കാരങ്ങൾ നടപ്പിലാക്കിയെങ്കിലും ഒരു പരിഷ്കാരവും ഞാനായിട്ട് ഉണ്ടാക്കിയതല്ല എല്ലാം 1952 ലെ നിയമത്തിൽ എഴുതി വെച്ചിട്ടുണ്ട് അത് പാലിക്കുക മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 1990 മുതൽ 1996 വരെ അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ സമയത്ത് ടി എൻ ശേഷനെന്ന പേര് ഇന്ത്യയിലെ ത ചെറിയ ഗ്രാമങ്ങളിൽ പോലും സുപരിചിതമായിരുന്നു. യഥാർത്ഥത്തിൽ ഇന്ത്യയിൽ ഇലക്ഷൻ കമ്മീഷൻ എന്നൊരു പദവിയുണ്ടെന്ന് ആളുകൾ അറിയുന്നത് പോലും ടി എൻ ശേഷൻ ആ പദവിയിൽ എത്തിയതിന് ശേഷമാണ്.
1933 ൽ പാലക്കാട് ജില്ലയിലെ തിരുനെല്ലാഴിയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ആറ് മക്കളിൽ ഏറ്റവും ഇളയവനായാണ് ടി എൻ ശേഷൻ ജനിക്കുന്നത്. ബാസൽ ഇവഞ്ചലിക്കൽ മിഷൻ സ്കൂളിൽ നിന്നും, മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തു. പിന്നീട് 1954 ലാണ് അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ് നേടുന്നത്. തമിഴ്നാട് കേഡർ ചോദിച്ചുവാങ്ങിയ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ദിണ്ഡിഗൽ സബ് കളക്ടറായാണ്. തുടക്കം മുതൽ തന്നെ ആദർശങ്ങളിൽ നിന്ന് വ്യതിചലിക്കാത്ത അദ്ദേഹം നിരവധി രാഷ്ട്രീയ നേതാക്കളുടെയും അപ്രീതിക്ക് പാത്രമായിട്ടുണ്ട്. ഒരു ദിവസം തന്നെ മൂന്ന് ട്രാൻസ്ഫറുകൾ കിട്ടിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിയപ്പോൾ ശേഷൻ മധുര ജില്ലാ കളക്ടർ ആയിരുന്നു. പ്രക്ഷോഭത്തിന്റെ രൂപം കലാപത്തിലേക്ക് മാറിയതോടെ ശേഷൻ പോലീസിനോട് വെടിവെക്കാൻ ഉത്തരവിട്ടു. ഓരോ റൗണ്ട് തീരുമ്പോഴും ഒരു ശവം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവ്. വെട്ടൊന്ന് മുറി രണ്ട് എന്നപോലുള്ള ഈ ഉത്തരവിലൂടെ കലാപം ഒരു പരിധി വരെ തടയാൻ അദ്ദേഹത്തിനായി. തമിഴ്നാട് ട്രാൻസ്‌പോർട് കമ്മിഷണർ ആയിരിക്കെ ബസ് ഓടിക്കാൻ അറിയാത്ത താങ്കൾക്ക് ജീവനക്കാരുടെ പ്രശ്നങ്ങൾ എങ്ങനെ മനസിലാകും എന്ന ഡ്രൈവറുടെ ചോദ്യത്തിന് ശേഷന് അപ്പോൾ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം ബസ് ഓടിക്കാൻ പഠിച്ചു. 80 കിലോമീറ്ററോളം ബസ് ഓടിച്ചാണ് അദ്ദേഹം ബസ് ജീവനക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയത് .
ടി എൻ ശേഷൻ എന്നത് വലിയ ഒരു ഓർമപ്പെടുത്തലിന്റെ പേരാണ്. ആരുടെ മുമ്പിലും തലകുനിക്കാത്ത നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഏത് പദവിക്കും കസേരക്കും ചെറുതല്ലാത്ത വിലയുണ്ടെന്ന ഓർമപ്പെടുത്തലിന്റെ പേര്. ശേഷൻ ആ സ്ഥാനമേറ്റെടുക്കുന്നത് വരെ ഉറങ്ങിക്കിടന്ന ഒരു കസേര മാത്രമായിരുന്ന ആ പദവിയിൽ ഭരണഘടന വഴികാട്ടിയാക്കി അതിന്റെ ഉൾക്കഴ്ചയിലൂടെ സഞ്ചാരിച്ചപ്പോൾ അത് എത്ര വലിയ മഹത്തരമായ പദവിയാണെന്ന്, ശേഷൻ എന്ന പാലക്കാട്ടുകാരൻ നമുക്ക് കാണിച്ചു തന്നു. അദ്ദേഹത്തിന്റെ ജീവിതം വരും തലമുറകൾക്ക് ഒരു തുറന്ന പാഠപുസ്തകമാണ്. 1997 ൽ ശിവസേനയുടെ സ്ഥാനാർഥിയായി പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ചെങ്കിലും കെ ആർ നാരായണനോട് പരാജയപ്പെടുകയാണുണ്ടായത്. ഉദ്യോഗസ്ഥ ജീവിതത്തിലെ മികച്ച പ്രതിച്ചായ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെടുകയാനുണ്ടായത്. രാഷ്ട്രീയ പാർട്ടികളുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനത്തെ കൃത്യമായ നിയമങ്ങളുണ്ടാക്കി.