സ്വപ്‌നാടനം

489
1

“നമ്മുടെ മനസ്സ് നിമിഷങ്ങൾക്കകം മാറിക്കൊണ്ടിരിക്കും”. “ആത്മാവ് അത് എവിടെയാണ്” ? അലീ.. അലീ.. ഉമ്മയുടെ വിളി കേട്ട് അലി ഉറക്കിൽ നിന്നും ഉണർന്നു.

“ഇന്നത്തെ സ്വപ്നവും പൂർണമായി കാണാൻ കഴിഞ്ഞില്ല”. അലി മനസ്സിൽ പറഞ്ഞു. അലിയുടെ കണ്ണുകൾ ഇപ്പോഴും ശരിയായി തുറന്നിട്ടില്ല. കിടക്കയിൽ നിന്നും എഴുന്നേറ്റ അലി കുറച്ച് നേരം അവിടെ തന്നെ ഇരുന്നു. വ്യത്യസ്ത ചിന്തകൾ മനസ്സിലേക്ക് കടന്നുവന്നു.
സമയം 6 മണി. അലി കണ്ണ് തിരുമ്മിക്കൊണ്ട് പല്ലുതേക്കാനായി പുറത്തേക്ക് ഇറങ്ങി. പുറത്ത് ചുമരിന്മേലുള്ള കൊട്ടയിൽ നിന്നും അലി തന്റെ ബ്രഷ് എടുത്തു ടേപ്പിന് നേരെ നടന്നു. പല്ല് തേക്കുന്നതിനടയിൽ അലി സ്വപ്നത്തെ കുറിച്ച് ആലോചിച്ചു.

‘ഞാൻ എന്താണ് ഇന്ന് സ്വപ്നം കണ്ടത് ” ?
“അലീ ? നീ എന്താ അവിടെ ചെയ്യുന്നത് ? പല്ല് തേച്ചിട്ട് വേഗം വാ”.
ഉമ്മയുടെ വിളി കേട്ട് അലി ചിന്തയിൽ നിന്നും ഉണർന്നു.
“ആ ഉമ്മാ ഞാൻ ഇപ്പോൾ വരാം”. പ്രഭാത കർമങ്ങൾ വേഗത്തിൽ തീർത്ത് അലി ഉമ്മാന്റെ അരികിലെത്തി.

“എന്താ ഉമ്മാ ? എന്തിനാ വിളിച്ചേ?. മോനെ നീ കടയിൽ പോയി കുറച്ച് അരി വാങ്ങി വാ. അലി സഞ്ചി എടുത്ത് അരി വാങ്ങാനായി കടയിലേക്ക് നടന്നു.

മാനത്ത് സൂര്യനെ കാണാനില്ല. പ്രകാശം സൂര്യനിൽ നിന്ന് ഭൂമിയിലെത്താൻ 8 മിനുറ്റ് എടുക്കും. അലി മുമ്പ് പാഠശാലയിൽ പഠിച്ച കാര്യങ്ങൾ ഓർത്തു. സൂര്യൻ ഭൂമിയിൽ നിന്ന് വളരെ ദൂരെയാണെന്നും. സൂര്യനെ ഭൂമി പരിക്രമണം ചെയ്യുന്നുണ്ടെന്നും, അങ്ങനെ കുറേ കാര്യങ്ങൾ ചിന്തിച്ചു നടന്ന അലി കടയിൽ എത്തിയത് അറിഞ്ഞില്ല.

എന്താടാ? അന്തം വിട്ട് നിൽക്കുന്നെ? കടക്കാരനായ കോയാക്ക അലിയോട് ചോദിച്ചു.
അലി : ആ അത്.. എനിക്ക് കുറച്ച് അരി വേണം.
കോയാക്ക : എത്രയാ വേണ്ടത്?
അലി : 2 കിലോ .
കോയാക്ക അലിക്ക് അരി കൊടുത്തു.

കോയാക്കയുടെ കടയോട് ചേർന്ന് തന്നെയാണ് നാട്ടിലെ പ്രധാന ലൈബ്രറിയുള്ളത്. അലിക്ക് പുസ്തകങ്ങൾ ഏറെ ഇഷ്ടമാണ്. അരി വാങ്ങി അലി അവിടേക്ക് കയറിച്ചെന്നു. ഷെൽഫിൽ അടുക്കി വെച്ച പുസ്തകങ്ങൾ ഓരോന്നായി അലി എടുത്തു നോക്കാൻ തുടങ്ങി. ഷെൽഫിൽ സ്വപ്നത്തെക്കുറിച്ചുള്ള പുസ്തകം കാണാനിടയായി. “സ്വപ്നമെന്ന അത്ഭുതം” അലി അടുത്തുള്ള മരപ്പലകയിൽ കയറി ആ പുസ്തകം എടുത്തു. പുസ്തകത്തിൻറെ ആദ്യ ഏടുകൾ വളരെ കൗതുകത്തോടെ മറിച്ചു നോക്കി. താൻ ജീവിതത്തിൽ കണ്ട ചില സ്വപ്നങ്ങൾ ആരോ കുത്തിക്കുറിച്ച് വെച്ചിരിക്കുന്നു. അലി ആ പുസ്തകം എടുത്ത് വീട്ടിലേക്ക് വേഗത്തിൽ നടന്നു.

നടക്കുന്നതിനടയിൽ അലി തന്റെ സ്വപ്നങ്ങൾ ഓർക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അതൊന്നും അവന്റെ ഓർമയിൽ തെളിയുന്നില്ല. കിതച്ചുകൊണ്ട് അലി വീടിന്റെ വാതിലിന് മുട്ടി. ഉമ്മ വാതിൽ തുറന്നു ചോദിച്ചു : എന്ത് പറ്റി മോനെ? വല്ലാതെ കിതക്കുന്നുണ്ടല്ലോ?. കിതപ്പിനിടയിൽ വാക്കുകൾ ഇടറിക്കൊണ്ട് അലി പറഞ്ഞു: ഒന്നുമില്ല ഉമ്മാ.

സാധനങ്ങൾ ഉമ്മയുടെ കയ്യിൽ കൊടുത്തു. അലി തന്റെ റൂമിലേക്ക് വേഗത്തിൽ നടന്നു. തനിക്ക് ലൈബ്രറിയിൽ നിന്ന് കിട്ടിയ പുസ്തകം തുറന്നു വായിക്കാൻ തുടങ്ങി. ആദ്യ പേജിലെ വാക്കുകൾ അലി ആശ്ചര്യത്തോടെ വായിച്ചു തുടങ്ങി.

ശക്തമായ മഴയും കാറ്റും. മരങ്ങൾ കാറ്റിൽ ആടിയുലയുന്നുണ്ട്. നനഞ്ഞ മണ്ണിന്റെ ഗന്ധം അന്തരീക്ഷത്തിൽ പടരുന്നു. ഒരു യുവാവ് ആ മഴയിലും തന്റെ കീറിയ കുടയുമായി റോഡിന്റെ ഒരു വശം ചേർന്ന് വേഗത്തിൽ നടക്കുകയാണ്. എന്തോ അത്യാവശ്യമുള്ളത്പോലെ അവൻ ചിലസമയത്ത് ഓടുകയും ചെയ്യുന്നുണ്ട്. ബാഗിലെ പുസ്തകം നനയാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മഴയുടെ ശക്തി അൽപ്പമൊന്ന് കുറഞ്ഞു. നടന്നു നടന്നു അവൻ ഒരു പീടിക വരാന്തയിൽ കയറി.കുട ഒരു ഭാഗത്ത് ഒതുക്കിവെച്ചു. തൊട്ടടുത്ത് തന്നെ കാടു കയറി ഉപയോഗശുന്യമായ ഒരു കെട്ടിടം. ആ കെട്ടിടത്തിന്റെ ബോർഡിലെ ചില അക്ഷരങ്ങൾ മാത്രം തെളിഞ്ഞു കാണാം. പൂട്ടിക്കിടന്ന ആ കെട്ടിടത്തിന്റെ അകത്തേക്ക് ആ യുവാവ് കടന്നുച്ചെന്നു. തന്റെ ബാഗിലുള്ള പുസ്തകം എടുത്തു. ആദ്യത്തെ ചില പേജുകൾ ആരോ കീറിയിട്ടുണ്ട്. തുടർന്ന് പേജ് തുടങ്ങുന്നത് ഒരു വൃത്തവും അതിനു താഴെ എന്തൊക്കൊയോ എഴുതിയിട്ടുണ്ട്. യുവാവ് ആ പുസ്തകം അവിടെയുള്ള ഷെൽഫിൽ വെച്ച് തന്റെ കുടയും എടുത്ത് തിരിഞ്ഞു നടന്നു.

അലി തനിക്ക് കിട്ടിയ പുസ്തകത്തിന്റെ ആദ്യപേജുകൾ വായിച്ചു തീർത്തപ്പോൾ അവന്റെ മനസ്സിലേക്ക് ചില കാര്യങ്ങൾ കടന്നുവന്നു. താൻ എവിടെയോ അനുഭവിച്ച ചില നിമിഷങ്ങൾ. പുസ്തകം മേശപ്പുറത്ത് തുറന്നു വെച്ച് അലി മുറ്റത്തേക്കിറങ്ങി. പുറത്ത് ചെറുതായി കാറ്റടിക്കുന്നുണ്ട്. അകത്ത് പുസ്തകത്തിന്റെ താളുകൾ കാറ്റിനു ഫലമായി മറിഞ്ഞു. മറിഞ്ഞു വന്ന പേജിൽ ഒരു വൃത്തവും അതിനു താഴെ കുറച്ചു എഴുത്തുകളും തെളിഞ്ഞു കാണാം.

വിജനമായ പ്രദേശം. ഒരു കൊച്ചു ബസ് വേഗത്തിൽ റോഡിലൂടെ നീങ്ങുന്നു. കാട്ടിലെ മരങ്ങൾക്കിടയിലൂടെ നീങ്ങുന്ന ബസ് അതിമനോഹരമായ പ്രതലത്തിൽ എത്തിച്ചേരുന്നു. കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചകൾ. ആകാശത്തിലൂടെ തെന്നി നീങ്ങുന്ന വെളുത്ത പറവകൾ, ഇരുഭാഗത്തും പൂത്തു നിൽക്കുന്ന നിരവധി പുഷ്പങ്ങൾ. ഇളം കാറ്റിനു ഫലമായി ഒഴുകി വരുന്ന ഗന്ധം മനസ്സിനെയും ശരീരത്തെയും ഒരു പോലെ പുളകം കൊള്ളിച്ചു. മനസ്സിന് സമാധാനമേകുന്ന കിളി നാദങ്ങൾ.

കൊ..കൊ..ക്കോ. കോഴിയുടെ ശബ്ദം കേട്ട് അലി ഞെട്ടിയുണർന്നു. സൂര്യപ്രകാശം മുറിയിലാകെ നിറഞ്ഞ് അലിയുടെ കണ്ണിൽ കുത്തുന്നുണ്ട്. സമയം 8.30. അലി ധൃതിയിൽ തന്റെ പ്രഭാത കർമ്മങ്ങൾ നിർവഹിച്ച് സ്കൂളിലേക്ക് നടന്നു.

അലി ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. അലിക്ക് കൂട്ടുകാരായി ആരും തന്നെയില്ല. സ്കൂളിൽ രവി മാഷിന്റെ ക്ലാസാണ് അവന്ന് കൂടുതൽ ഇഷ്ടം. മാഷ് ഗണിതവും ശാസ്ത്ര വിഷയവും ആണ് എടുക്കുന്നത്. ഇന്നത്തെ ആദ്യ പിരിയഡ് രവി മാഷാണ്. അതുകൊണ്ട് തന്നെ അലി വേഗത്തിൽ നടന്നു. ഇന്ന് കണ്ട സ്വപ്നവും അവന്റെ മനസ്സിലേക്ക് വന്നു, ചിന്തയിൽ മുഴുകിയ അവൻ സ്കൂളിൽ എത്തിയത് അറിഞ്ഞില്ല. വേഗം ക്ലാസിലേക്ക് കയറി ഇരുന്നു. ബെൽ അടിച്ചു. രവി മാഷ് ക്ലാസിലേക്ക് കയറി വന്നു. ഇന്ന് മാഷിന്റെ കയ്യിൽ ഒരു പുതിയ പുസ്തകവും ഉണ്ട്. മാഷ് ക്ലാസ് തുടങ്ങി.

മക്കളെ.. ഇന്ന് ഞാൻ ഈ പുസ്തകത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. നാമൊക്കെ പലപ്പോഴും സ്വപ്നം കാണുന്നവരാണ്. എന്നാൽ നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ആ സ്വപ്നങ്ങൾ എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് ?. ഈ പുസ്തകത്തിൽ അതിനെക്കുറിച്ച് വ്യക്തമായിത്തന്നെ പറയുന്നുണ്ട്. ആദ്യം നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ കണ്ട ഒരു സ്വപ്നത്തിന്റെ വിവരണം ഒരു പേജിൽ എഴുതി എനിക്ക് തരിക.

അങ്ങനെ എല്ലാ വിദ്യാർത്ഥികളും എഴുതാൻ തുടങ്ങി. അലി ബാഗിൽ നിന്നും എഴുതാനുള്ള പുസ്തകം എടുത്തു. അപ്പോഴാണ് താൻ ഇന്നലെ വായിച്ച പുസ്തകം അവൻ കാണുന്നത്. അവൻ ആ പുസ്തകം വീണ്ടും എടുത്തു നോക്കി. പേജുകൾ ഓരോന്നായി മറിച്ചു. അപ്പോഴാണ് അലി വൃത്തമുള്ള ആ പേജ് കാണുന്നത്.വൃത്തത്തിനു താഴെ എഴുയത് ഇങ്ങനെയാണ്. ” i saw you in my dreams again. I felt so real ” അടുത്ത പിരിയഡിനായുള്ള ബെൽ അടിച്ചു രവി മാഷ് കുട്ടികളോട് പറഞ്ഞു നിങ്ങളുടെ സ്വപ്ന വിവരണം അടുത്ത ക്ലാസിൽ കൊണ്ടുവരണം.

പിന്നീടുള്ള ക്ലാസിലൊക്കെ അലിയുടെ മനസ്സ് പല ഭാഗത്തുമായിരുന്നു. എന്താണ് സ്വപ്നങ്ങൾ അതിൽ യാഥാർത്ഥ്യങ്ങൾ ഉണ്ടോ ? എന്ന് തുടങ്ങി ധാരാളം ചിന്തകൾ മനസ്സിൽ തിങ്ങിക്കൂടി. പാഠശാലയിലെ അവസാന ക്ലാസും കഴിഞ്ഞ് അലി വീട്ടിലേക്ക് വേഗത്തിൽ നടന്നു. ഉമ്മ ഉമ്മറത്തു തന്നെയുണ്ടായിരുന്നു. മോനെ അലീ .. നീ എന്താ ചിന്തിച്ചു വരുന്നത്? ഒന്നും ഇല്ലാ ഉമ്മാ…

“മോനെ നിനക്ക് ഒരു പുസ്തകം ആരോ കൊണ്ടുവന്നിട്ടുണ്ട്. ഞാനത് നിന്റെ റൂമിൽ വെച്ചിട്ടുണ്ട്.”

അലി വീട്ടിലേക്ക് കയറി. അപ്പോഴാണ് തന്റെ റൂമിൽ നിന്നും ആരോ സ്വകാര്യം പറയുന്നത് പോലെയുള്ള ശബ്ദങ്ങൾ കേൾക്കുന്നത്. അലി ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. പക്ഷെ അവന്റെ റൂമിൽ അവന്ന് ആരെയും കാണാൻ സാധിച്ചില്ല. തന്റെ മേശപ്പുറത്തുള്ള പുസ്തകം അപ്പോഴാണ് അലി ശ്രദ്ധിക്കുന്നത്. ആ പുസ്തകത്തിന്റെ പേര് ” The Secret ” എന്നായിരുന്നു. അത് തുറന്നു അലി വായിക്കാൻ തുടങ്ങി.

ഒരു സംഭവം പരാമർശിച്ചുക്കൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. വർഷം 1940, അതിശക്തമായ മഴ. കാലാവസ്ഥ മാറിയിരിക്കുന്നു. ആരും വീടിന് പുറത്തിറങ്ങരുത് ” ഗ്രാമത്തിലെ പ്രധാന ലൈബ്രറിയിൽ നിന്ന് “സ്വപ്നങ്ങൾ” എന്ന പുസ്തകം ലഭിച്ചു. പെട്ടെന്ന് അലി വീണ്ടും സ്വകാര്യം പറയുന്ന ആ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. തന്റെ പുറകിൽ നിന്നും ആരോ വരുന്നത് പോലെ. അലി പെട്ടെന്ന് തന്നെ തിരിഞ്ഞുനോക്കി.

അലി തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് തന്റെ ഉമ്മയെയാണ്. അലിക്ക് സമാധാനമായി. ഉമ്മ അലിയോട് ചോദിച്ചു : മോനേ എന്ത് പറ്റി ?. അലി : ഒന്നുല്ല്യാ ഉമ്മാ. ഞാൻ പുസ്തകം വായിക്കുകയാണ്. ഉമ്മ ജോലിക്കായി അടുക്കളയിലേക്ക് നടന്നു. അലി വീണ്ടും ചിന്തയിൽ ആണ്ടു. തുടർന്ന് അലി ചെയ്യാനുള്ള വർക്കുകൾ പൂർത്തിയാക്കി ഉറങ്ങാൻ കിടന്നു. അപ്പോഴാണ് അലി പുസ്തകത്തിൽ നിന്നും വീണ്ടും ആ ശബ്ദം കേൾക്കുന്നത്. അലി പുസ്തകം തുറന്നു. പെട്ടെന്ന് ഒരു വെളിച്ചം അലിയെ ആ പുസ്തകത്തിന് ഉള്ളിലേക്ക് കൊണ്ടുപോയി.

തണുത്ത കാറ്റും ചാറ്റൽ മഴയും. മഴത്തുള്ളി മുഖത്ത് ഇറ്റിയതും അലി കണ്ണ് തുറന്നു. ഒരു ദീർഘ ശ്വാസം എടുത്ത് അലി റോഡിലൂടെ നടക്കാൻ തുടങ്ങി. റോഡിന് ഇരുവശത്തും നിറഞ്ഞു നിൽക്കുന്ന മരങ്ങൾ. സൂര്യ പ്രകാശം മരങ്ങൾക്കിടയിലൂടെ ചെറുതായി വരുന്നുണ്ട്. നടക്കുന്ന ഭാഗത്ത് നിറയെ ചെറിയ ചെറിയ ഇലകൾ. ആരുടെയോ വിളികേട്ട് തിരിഞ്ഞുനോക്കി. പക്ഷേ ആരേയും കാണാൻ സാധിച്ചില്ല. കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോൾ. അലി എത്തിപ്പെട്ടത് ഒരു വലിയ കെട്ടിടത്തിന്റെ മുന്നിലാണ്. കാടു കയറി ഉപയോഗ്യശൂന്യമായ കെട്ടിടം. അലി പതിയെ കെട്ടിടത്തിന്റെ ഇരുമ്പ് ഗൈറ്റ് തുറന്നു. പെട്ടന്നാണ് കെട്ടിടത്തിന്റെ അകത്തുനിന്ന് ആരോ പിറുപിറുക്കുന്ന ശബ്ദം. അലിയുടെ മനസ്സിൽ ചെറുതായി പേടി വരാൻ തുടങ്ങി. ശബ്ദം അടുത്തടുത്ത് വരുന്നതായി തോന്നി. അലി കെട്ടിടത്തിന്റെ ഒരു വശത്തേക്ക് ഓടി മറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ ആ ശബ്ദം നിന്നു. അലി കെട്ടിടത്തിന്റെ അകത്തേക്ക് കയറി. വിശാലമായ ഒരു വലിയ ഹാൾ. ചുമരിൽ ആരുടേയൊക്കെ കുറേ ചിത്രങ്ങൾ. അപ്പോഴാണ് ആദ്യ ചിത്രത്തിനു താഴെ താൻ പുസ്തകത്തിൽ വായിച്ച ഒരു കാര്യം അലി കാണുന്നത്. അലി ആ ചിത്രത്തിൽ തൊട്ടതും അതിനടുത്തുള്ള ഒരു വാതിൽ തുറന്നു. അലി ആ വാതിലിലൂടെ ഉള്ളിലേക്ക് കടന്നു. ആ മുറി നിറയെ പുസ്തകങ്ങൾ ആയിരുന്നു. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുസ്തകങ്ങളുള്ള ഒരു വലിയ മുറി. അലി ഷെൽഫുകൾ ഓരോന്നായി നോക്കി മുന്നോട്ടു നടന്നു കൊണ്ടിരുന്നു. ഒരു ഷെൽഫിനടുത്തെത്തിയപ്പോൾ അതിലെ ഒരു പുസ്തകം തിളങ്ങുന്നതായി തോന്നി. അലി പുസ്തകം എടുത്തു തുറന്നുനോക്കി. പക്ഷേ അതിൽ ഒന്നും എഴുതിയിരുന്നില്ല.

അലി പുസ്തകം എടുത്ത ഭാഗത്തേക്ക് വീണ്ടും നോക്കിയപ്പോൾ അവിടെ ഒരു ബട്ടൺ ഉള്ളതായി അലി കണ്ടു. അലി ബട്ടൺ അമർത്തിയതും, തന്റെ മുമ്പിലുള്ള ഷെൽഫ് രണ്ടായി തുറന്ന്. പുറത്തേക്കുള്ള ഒരു വഴിയായി മാറി. പുറത്ത് അതിമനോഹരമായ ഒരു കാഴ്ചയാണ് അലിക്ക് കാണാൻ സാധിച്ചത്. ധാരാളം പൂക്കളും മരങ്ങളും നിറഞ്ഞ അതിമനോഹരമായ ഒരു കാഴ്ച. അലി അവിടേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ്. പിറകിൽ നിന്നും ഒരു വിളി. അലീ.. നീ എവിടേക്കാണ് പോകുന്നത്..? അലി തിരിഞ്ഞു നോക്കിയതും വെളുത്ത പ്രകാശം അലിയെ മൂടി. അലി അപ്പോൾ തന്നെ ബോധരഹിതനായി.

അലി കണ്ണു തുറന്നപ്പോൾ കാണാൻ സാധിച്ചത്. ആരോ കത്തിച്ചുവച്ച ഒരു മണ്ണെണ്ണ വിളക്ക് മേശപ്പുറത്തുള്ളതായാണ്. അലി ചുറ്റും നോക്കി. കുറച്ചു സമയം കഴിഞ്ഞപ്പോൾ വളരെ പ്രായമുള്ള ഒരാൾ അടുത്തേക്ക് നടന്നുവന്നു. എന്നിട്ട് ചോദിച്ചു. നിന്റെ പേര് എന്താണ്? നീ എവിടെ നിന്നും വരുന്നു?.. അലി കുറച്ചുനേരത്തേക്ക് ഒന്നും സംസാരിച്ചില്ല. അയാൾ വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ. അലി തന്റെ കഥകളൊക്കെ പറഞ്ഞു. അയാൾ തന്റെ ഷെൽഫിൽ നിന്നും ഒരു പുസ്തകം എടുത്ത് അലിക്ക് നേരെ നീട്ടി. നീ ഈ പുസ്തകം വായിച്ചാൽ നിനക്ക് എല്ലാ കാര്യങ്ങളും മനസ്സിലാകും. അലി ബെഞ്ചിൽ ഇരുന്നു ആ പുസ്തകം വായിക്കാൻ തുടങ്ങി.

പുസ്തകം തുറന്ന അലിക്ക് കാണാൻ സാധിച്ചത് തന്റെ ജീവിതം ആരോ എഴുതി വച്ചതുപോലെയുള്ള ഒരു അനുഭവം. സ്വപ്നങ്ങൾ ജീവിതത്തിൽ എന്നും അത്ഭുതം നിറഞ്ഞ കാര്യമാണ്.


കോരിച്ചൊരിയുന്ന മഴയത്ത് കീറിയ കുടയുമായി അപ്പു നടന്നു നീങ്ങുകയാണ്. ചീവീടിന്റെയും തവളയുടെയും ശബ്ദം മുഴങ്ങി കേൾക്കാം. കൈയിലുള്ള ടോർച്ചിന്റെ നേര്‍ത്ത വെളിച്ചത്തിൽ മുന്നോട്ട് നീങ്ങിയ അവൻ ചെന്നു പെട്ടത് ഉപയോഗശൂന്യമായ വീട്ടിലേക്ക്. മിന്നൽ ദൃശ്യമാക്കിയ പ്രകൃതി വെളിച്ചത്തിൽ ആ വീടൊന്ന് നന്നായി കണ്ടു. പുറത്ത് ചുമരിൽ തൂക്കിയിട്ട ഒരു ചെറിയ കുട്ട അവൻ കാണാനിടയായി. അതൊന്നും വകവെക്കാതെ അകത്തോട്ട് കടന്നു. മുറിയിൽ ധാരാളം പുസ്തകങ്ങൾ ചിതറിക്കിടക്കുന്നതായി അവൻ കണ്ടു. അതിൽ നിന്നും ഒരു പുസ്തകം എടുത്തു. അത് ഒരു ഡയറി ആയിരുന്നു. അതെഴുതിയത് അലി എന്നയാൾ. പേജുകൾ ഓരോന്ന് മറിച്ചുനോക്കി കൊണ്ടിരുന്നു. ഡയറിയിൽ അവസാനം എഴുതിയ തീയതി 2000 ജനുവരി 5. അപ്പുവിന്റെ കൈയിലെ സ്മാർട്ട് വാച്ചിലേക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു. വാച്ചിലെ തീയതി 2060 ജനുവരി അഞ്ച്. ടെക്സ്റ്റ് മെസ്സേജിൽ ഉള്ളത് “The dream is finished”

ഈ വാക്കോടുകൂടി അലി വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിലെ വാക്കുകൾ അവസാനിച്ചു. തുടർന്ന് അലി ആ വ്യദ്ധനായ മനുഷ്യനോട് ചോദിച്ചു. ഞാൻ എവിടെയാണ്??.

അയാൾ പറയാൻ തുടങ്ങി നീ ഇപ്പോൾ ഉള്ളത് 1960 ൽ ആണ്. ഇനി നിന്റെ കാലഘട്ടത്തിലേക്ക് ഏകദേശം 60 വർഷം ദൂരമുണ്ട് ഒരുതരത്തിൽ പറഞ്ഞാൽ നീ ഇപ്പോൾ ഭൂതകാലത്തിൽ കുടുങ്ങിയിരിക്കുകയാണ്. അലി പരിഭ്രാന്തനായി ചോദിച്ചു എനിക്ക് തിരിച്ചു പോകാൻ സാധിക്കില്ലേ? അദ്ദേഹം അതെ എന്ന് മറുപടി പറഞ്ഞു. അലി വീണ്ടും തുടർന്നു എങ്ങനെ അതിനു സാധിക്കും? ഞാൻ ചോദിക്കാൻ മറന്നുപോയി നിങ്ങൾ ആരാണ്? നിങ്ങൾ എങ്ങനെയാണ് ആ ഗ്രന്ഥശാലയിൽ എത്തിപ്പെട്ടത്?.

അദ്ദേഹം മറുപടി പറഞ്ഞു : ആ ഗ്രന്ഥശാലയുടെ നോക്കി നടത്തിപ്പുക്കാരനാണ് ഞാൻ. നീ അവിടെ കിടക്കുന്നത് കണ്ടപ്പോഴാണ് ഞാൻ നിന്നെ അവിടെ നിന്നും എടുത്ത് ഇവിടേക്ക് കൊണ്ടുവന്നത്. നിനക്ക് തിരിച്ചു പോകണമെങ്കിൽ നീ ആ ഗ്രന്ഥശാലയിലേക്ക് തന്നെ പോകണം. അവിടെയുള്ള 60 എന്ന റൂമിൽ കയറി. അറുപതാമത്തെ ഷെൽഫിലെ amicable number എന്ന ഒരു പുസ്തകം ഉണ്ട്. അതിനു തുല്യമായ മറ്റൊരു പുസ്തകം കണ്ടെത്തിയാൽ നിനക്ക് പുറത്തേക്കുള്ള വഴി ലഭിക്കും. നിനക്ക് ഒരു അവസരം മാത്രമേ ഉണ്ടാകൂ.! അങ്ങനെ അലിയും ആ വൃദ്ധനും കുടി ഗ്രന്ഥശാലയുടെ മുമ്പിലെത്തി. അലി ഗ്രന്ഥശാലയിലേക്ക് കടന്നതും അതിന്റെ പ്രധാന വാതിൽ അടയാൻ തുടങ്ങി. അപ്പോഴേക്കും ആ വൃദ്ധൻ തന്റെ കൈയിലുള്ള ഒരു ചെറിയ പുസ്തകം അലിക്ക് എറിഞ്ഞുകൊടുത്തു. അലി യാത്ര പറഞ്ഞു വേഗം തന്നെ അറുപതാം നമ്പർ മുറിതെരഞ്ഞ് നടക്കാൻ തുടങ്ങി. നീണ്ട പരിശ്രമത്തിനൊടുവിൽ ആ റൂമിന്റെ മുമ്പിൽ എത്തി. പക്ഷേ അത് പൂട്ടിയിട്ടനിലയിലായിരുന്നു. അതിനടുത്തായി ഒരു പാസ്സ്‌വേർഡ് ബോക്സ് കാണാനിടയായി. നമ്പർ കോഡ് ഉണ്ടെങ്കിൽ മാത്രമേ ആ ഡോർ തുറക്കാൻ പറ്റൂ.

അലി ആകെ പരിഭ്രാന്തനായി അപ്പോഴാണ് ആ വൃദ്ധൻ തനിക്ക് തന്ന പുസ്തകത്തിന്റെ ഓർമ്മ. അതിൽ നിന്നും 2000 ആണ് അതിന്റെ നമ്പർ എന്ന് മനസ്സിലായി. 2000 ടൈപ്പ് ചെയ്തതോടുകൂടി വാതിൽ വലിയ ശബ്ദത്തിൽ തുറക്കാൻ തുടങ്ങി. അകത്തോട്ട് കയറിയ അലിക്ക് കാണാൻ സാധിച്ചത് വലിയ വിശാലമായ ഒരു ഹാൾ ആണ്. അതിൽ തന്നെ ധാരാളം ഷെൽഫുകളും ഉണ്ടായിരുന്നു. അങ്ങനെ അറുപതാമത്തെ നമ്പർ കണ്ടെത്തി. അതിൽ നിന്നും Amicable number എന്ന പുസ്തകം എടുത്തു. അതിൽ അവന് കാണാൻ സാധിച്ചത് 220 എന്ന നമ്പർ മാത്രമാണ്. എല്ലാ പേജിലും അത് തന്നെ. അലി വീണ്ടും വൃദ്ധൻ തന്ന പുസ്തകം മറിച്ചു. എന്താണ് amicable number എന്ന് ക്യത്യമായി അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അലി 220 ന് അനുയോജ്യമായ amicable number കണ്ടെത്താൻ തുടങ്ങി. ( 220 നെ ഒന്നു മുതൽ 220 വരെയുള്ള സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം ഇല്ലാത്ത സംഖ്യകൾ തമ്മിൽ കൂട്ടിയാൽ കിട്ടുന്ന ഉത്തരമാണ് 220 ന് തുല്യമായ Amicable number)

അങ്ങനെ അലിക്ക് 1,2,4,5,10,11,20,22,44,55,110 എന്നീ സംഖ്യകൾ ലഭിച്ചു. അത് കുട്ടിയപ്പോൾ കിട്ടിയത് 284 എന്നായിരുന്നു. പക്ഷെ അവിടെ ആകെ 100 ഷെല്ഫുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കുറെ സമയത്തെ ആലോചനക്കൊടുവിൽ. 220ലെ സംഖ്യകൾ പരസ്പരം കൂട്ടിയപ്പോൾ 4 എന്ന് കിട്ടി. തുടർന്ന് നാലാം നമ്പർ ഷെൽഫിലെത്തിയ അലിക്ക് 284 എന്ന amicable number ബുക്ക് കിട്ടി. പുസ്തകം മറിച്ചു നോക്കിയ അലി അതിന്റെ അവസാന പേജിൽ കണ്ടത് “220 = 284” എന്നായിരുന്നു. തന്റെ കൈയിലുള്ള പുസ്തകവും ഷെൽഫിൽ വെച്ചപ്പോൾ ആ ഷെൽഫ് രണ്ടായി തുറന്നതും വെളിച്ചം അലിയുടെ മുഖത്തേക്കടിച്ചു. അപ്പോൾ തന്നെ അവൻ ബോധരഹിതനായി.
കുറച്ചു സമയത്തിന് ശേഷം. ചുറ്റും ആളുകളുടെ വലിയ ബഹളം കേട്ട് കണ്ണ് തുറന്നപ്പോൾ അവന്ന് കാണാൻ സാധിച്ചത്. നിറയെ ബിൽഡിങ്ങുകളും ആകാശത്ത് പറക്കുന്ന കാറുകളും, ട്രാഫിക് നിയന്ത്രിക്കുന്ന റോബോട്ടുകളും ഒക്കെയാണ്. ആ നഗരത്തിലെ വലിയ സ്ക്രീനിലെ തീയതി കണ്ട് അലി അന്താളിച്ചുനിന്നു. തീയതി 2060 ജനുവരി 7!.

Leave a Reply

Your email address will not be published. Required fields are marked *

One thought on “സ്വപ്‌നാടനം