ജീരക കഞ്ഞി

262
0

തുടർച്ചയായിട്ടുള്ള കോളിങ്ബെല്ല് കേട്ടാണ് ബിൻസി ഞെട്ടിയുണർന്നത്. അങ്കലാപ്പോടെ സമയം നോക്കി.

“പടച്ചവനെ, പത്തുമണിയാവാൻ പതിനഞ്ചു മിനിട്ടെ ഒള്ളൂ”

മഗ്‌രിബിന് ഉടുത്ത നിസ്കാര കുപ്പായം ഇനിയും അഴിച്ചു വെച്ചിട്ടില്ല. വല്ലാത്ത തലവേദന കാരണം നിസ്കാര കുപ്പായത്തിൽ തന്നെ ഉറങ്ങിപ്പോയി. ഉപ്പ ഇപ്പൊ എത്തും. തറാവീഹിന്ന്‌ ശേഷം ജീരക കഞ്ഞിയും ചമ്മന്തിയും കിട്ടിയിട്ടില്ലെങ്കിൽ പിന്നെ പടച്ചവനെ ഓർക്കാത്ത വർത്തമാനമായിരിക്കും പറയുക.ബിൻസി നിസ്കാരപ്പായ മടക്കിവെച്ച് താഴേക്ക് നടന്നു. മഹാ അപരാതം ചെയ്ത പാപിയെ നോക്കും പോലെ ഉമ്മ അവളെയും കാത്ത് കോണിപ്പടിയിൽ നിൽപ്പുണ്ടായിരുന്നു.

“നല്ല തലവേദനണ്ടേനി അറിയാതെ ഒറങ്ങിപ്പോയി”

“ഹോ അതിപ്പോ ആദ്യായിട്ടൊന്നു അല്ലല്ലോ… തലിം, കഴുത്തും, പള്ളീം, കൈകാലുകളും ഒക്കെ വേദന തന്നെ ആണലോ…. ന്റെ മോനെ പറഞ്ഞാൽ മതി”

പതിനെട്ടു തികഞ്ഞ അന്ന് മുതൽ കേൾക്കുന്നവൾക്ക് അത് വലിയ സങ്കടമൊന്നും ഉണ്ടാക്കിയില്ല. അവൾ ഒന്നും പറയാതെ അടുക്കളയിലേക്ക് നടന്നു.

തല വേദനയുണ്ട്. നാലുദിവസം മുന്നേ ദേഷ്യം പിടിച്ചു ഉപ്പയെറിഞ്ഞ ചില്ലു ഗ്ലാസ്സ് പൊട്ടി കാലിൽ തറച്ചുണ്ടായ മുറിവിന് ഇപ്പോഴും നീറ്റലുണ്ട്. പഴുത്തു കാണണം….. അല്ലേലും അതൊക്കെ നോക്കാൻ എവിടാ നേരം….!

ജീരക കഞ്ഞി പാത്രത്തിലാക്കി അടുക്കളയിലെ തീൻ മേശയിൽ അടച്ചുവെച്ചു. മുളകിട്ടരച്ച തേങ്ങാ ചമ്മന്തി പ്രത്യേകം വേറെ പാത്രത്തിൽ ഇട്ടുവെച്ചു. അത്താഴത്തിനുള്ള ചിരങ്ങ താളിപ്പും പയറു ഉപ്പേരിയും ഉണ്ടാക്കാൻ വീണ്ടും ബിൻസി അടുപ്പിലേക്ക് ഊളിയിട്ടു.

 “ക്ലിങ് ക്ലിങ് ” കോളിംഗ് ബെല്ലിന്റെ ശബ്ദം അവൾക്ക് തിരിച്ചറിവ് നൽകി. “ഉപ്പ” അവൾ തെല്ലൊന്നു ഭയന്നു. “ഇന്ന് നേരത്തെയാണ്…. വിത്ത്റിനും ഉസ്താദിന്റെ പ്രാർത്ഥനയ്ക്കും ഇരുന്നു കാണാൻ വഴിയില്ല.” അവൾ മനസ്സിൽ ഓർത്തു.

 ” ആ പഹച്ചി ഞ്ഞീം ണീറ്റിട്ടില്ലേ…?”കനപ്പിച്ച ചോദ്യം

 “ഓളടുപ്പത്തുണ്ട്” ഉമ്മ സ്വരം താഴ്ത്തി പറഞ്ഞു.

 ഉമ്മ വിളിച്ചിട്ടുണ്ടായിരിക്കണം, അല്ലാതെ ഉപ്പ ഇത്ര നേരത്തെ എത്താറില്ല. അത്താഴത്തിന് ഏത്തപ്പഴവും വാങ്ങിയിട്ടില്ല. തീൻമേശയിലെ പാത്രത്തിൽ നിന്നും കഞ്ഞി കോരി കുടിക്കവേ അയാൾ അലറി വിളിച്ചു.

 ” ഇതീല് ഉപ്പില്ല…. അത് ഞീ അന്റെ ബാപ്പ കൊണ്ടണ് ഇടുഓ…”

 കഞ്ഞി പാത്രത്തിലേക്ക് അവളല്പം ഉപ്പ് വിതറി കൊടുത്തു.അല്പം കൂടെ കഞ്ഞികുടിച്ച് അയാൾ സ്പൂൺ നിലത്തിട്ടു.

 “ഷെ.. ഹ്… ഒരു വസ്തുവിനാക… തോള്ളിക്ക് ബെക്കാൻ പറ്റണ ന്തേലും ണ്ടാക്കാൻ അറിയോ അനക്ക്….? തിന്നു മുടിപ്പിക്കാൻ പറ്റും, ഒരു കോണുല്ലാത്ത ജാതി…. “

അയാൾ കഞ്ഞി പാത്രം സിങ്കിലേക്ക് നീട്ടിയെറിഞ്ഞു.

 ” അസത്ത് ഒരുങ്ങിക്കെട്ടി തല ഫോണിലും പൂത്തി നടന്നോളും… ആ മനിസനെ പട്ടിണിയാക്കിയപ്പോ സമാധാനായില്ലേ….?” ഉമ്മയുടെ വക

സിങ്കിൽ മറിഞ്ഞു കിടക്കുന്ന പാത്രത്തിൽ നിന്നും അല്പം കഞ്ഞി കോരി കുടിച്ച് അവൾ തെല്ലൊന്നു ചിരിച്ചു. തന്നോടെന്നപോലെ മന്ത്രിച്ചു ” ഒരു മാറ്റവും ഇല്ലാത്ത അഞ്ചുവർഷം……”

എച്ചിൽ പാത്രങ്ങൾ കഴുകുവേ കൈ തണ്ടയിലെ പൊള്ളലിൽ ഇനിയും തൊലി വരാത്ത മുറിവിൽ നിന്നും ചോര പൊടിഞ്ഞു. ഓരോന്നും കഴുകി കമിഴ്ത്തി വെച്ച് ചുരിദാറിൽ കൈ തുടച്ച് അവൾ ഉമ്മയുടെ അടുത്തേക്ക് വന്നു.

 “ഉമ്മാ…. തീരെ വയ്യ, ഞാനൊരു മൂന്നിസത്തിന് അവിടെ പോയി നിൽക്കട്ടെ…?”

 കയ്യിലെ ഖുർആൻ മടക്കിവെച്ച് ഉമ്മ ബിൻസിയെ ശകാരിച്ചു. ” അന്ന ന്റെ മോൻ ഈടെ കെട്ടിക്കൊണ്ടന്ന് രാജകുമാരിയെ പോലെ നോക്ക്ണത് ഇവിടത്ത കാര്യങ്ങള് നോക്കാൻ ആണ്. അല്ലേലും അനക്കെന്താ ബടെ കൊറവ്…..? ബയ്യാതായാലും ഇല്ലാതായാലും ഇജ്ജ് ഇബടത്തെ അട്ക്കളീലാണ് നിക്കണ്ടീത്, എട കിട്ടുമ്പോ ഓനയക്കണതു മുഴുവൻ അന്റോട കൊണ്ടോയി കൊടുക്കേണ്ടിവരും ലെ…”

അവൾ ഒന്നും പറയാതെ മുറിയിലേക്ക് നടന്നു.

വയ്യ…മൂവ് തേച്ച് നടു നിവർത്തണം

മുറിയിലെത്തി ലൈറ്റ് ഓൺ ചെയ്തു.

കുഞ്ഞിമോൾ   ഇളകി കിടന്നു, അവൾക്ക് ലൈറ്റ് ഇഷ്ടമല്ല…. മകളെയും തഴുകി ബിൻസി മൊബൈൽ തുറന്നു. ഇക്കയുടെ മെസ്സേജ് ഉണ്ട്.

 ” ഹായ് മുത്തേ…  സുഖമല്ലേ…?”

” നോമ്പൊക്കെ തുറന്നോ…?”

മണൽക്കാട്ടിൽ ഏകാന്തതയനുഭവിക്കുന്ന പ്രിയം നിറഞ്ഞ കൂട്ടുകാരന് മറുപടി കൊടുത്തു കൊണ്ടവൾ കണ്ണീരു തുടച്ചു…

 ” സുഖമാണ് ഇക്കാ…. ഇങ്ങക്കൊ…?”

Leave a Reply

Your email address will not be published. Required fields are marked *