കായികം, ആരോഗ്യം, ശാരീരിക ക്ഷമത എന്നിവയില്‍ താല്പര്യമുള്ള, ആ മേഖലയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച പ്രോഗ്രാമുകളാണ് കായിക വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പലതരം കോഴ്‌സുകള്‍.
ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ കോഴ്‌സ് ഡിഗ്രിക്ക് ശേഷം ചെയ്യാവുന്ന രണ്ടുവര്‍ഷ ഡിപ്ലോമകളായും ഹയര്‍സെക്കന്‍ഡറിക്ക് ശേഷം ചെയ്യാവുന്ന മൂന്ന്, നാല് വര്‍ഷത്തെ ബിരുദ കോഴ്‌സായും യൂണിവേഴ്‌സിറ്റികളിലും അഫിലിയേറ്റഡ് കോളേജുകളിലും ലഭ്യമാണ്.
പഠന സമയത്ത് ശാരീരിക ക്ഷമതയിലും, സ്‌പോര്‍ട്‌സ് മേഖലകളിലും കഴിവ് തെളിയിച്ച് ജില്ലാ/സംസ്ഥാന/ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും വിജയിച്ചവര്‍ക്കും പ്രവേശനത്തിനു മുന്‍ഗണനയുണ്ടാവും. യോഗ്യത പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലും പ്രവേശനം നല്‍കിവരുന്നു.
ഫിസിക്കല്‍ എഡ്യുക്കേഷനെ കൂടാതെ കായിക മേഖലയുമായി ബന്ധപ്പെട്ട കിടക്കുന്ന സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, ഫിറ്റ്‌നസ് മാനേജ്‌മെന്റ്, ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടര്‍, സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍ തുടങ്ങിയ മേഖലകളില്‍ ബിരുദങ്ങള്‍, ഹ്രസ്വകാല കോഴ്‌സുകള്‍, വിദൂര പഠന കോഴ്‌സുകള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്‌സുകളും ലഭ്യമാണ്. ഹ്യൂമന്‍ അനാട്ടമി, ഫിസിയോളജി, ബയോ മെക്കാനിക്‌സ്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷന്‍, പ്രഥമ ശുശ്രൂഷ തുടങ്ങിയവയെല്ലാം സിലബസില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
കായിക അധ്യാപകര്‍, അമ്പയര്‍, റഫറി, പ്രൊഫഷണല്‍ അത്ലറ്റ്, ടീം മാനേജര്‍, കണ്‍സള്‍ട്ടന്റ്, സ്‌പോര്‍ട്‌സ് അത്ലറ്റിക്, കോച്ച്, കമന്‍ഡേറ്റര്‍, സ്‌പോര്‍ട്‌സ് ജേണലിസ്റ്റ്, സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്റര്‍, സ്‌പോര്‍ട്‌സ് ഫോട്ടോ ജേണലിസ്റ്റ്, സ്‌പോര്‍ട്‌സ് തെറാപ്പിസ്റ്റ്, സ്‌പോര്‍ട്‌സ് ന്യൂട്രീഷനിസ്റ്റ്, ഡയറ്റീഷ്യന്‍, എന്നീ മേഖലകളില്‍ ജോലി സാധ്യതകള്‍ ഉണ്ട്.
കോഴ്‌സ് നല്‍കിവരുന്ന പ്രധാന സ്ഥാപനങ്ങള്‍- കേരളത്തിലും ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ പഠിക്കാന്‍ നിരവധി അവസരങ്ങളുണ്ട്. പ്രധാന സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം. കേരളത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, എം.ജി യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി സെന്ററുകളിലും അവയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലും കോഴ്‌സുകള്‍ ലഭ്യമാണ്. യൂണിവേഴ്‌സിറ്റി സെന്ററുകള്‍ കൂടാതെയുള്ള ചില പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് ലക്ഷ്മിഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ തിരുവനന്തപുരം, ഗവണ്‍മെന്റ് കോളേജ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ കോഴിക്കോട്, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, സെന്റ് ജോസഫ് കോളേജ് ഇടുക്കി, ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി തുടങ്ങിയവ.
സ്‌പോര്‍ട്‌സ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ കൊടുക്കുന്ന പ്രധാന സ്ഥാപനങ്ങളാണ് ലക്ഷ്മിഭായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍, നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി, മണിപ്പൂര്‍ യൂണിവേഴ്‌സിറ്റി, അമിറ്റി യൂണിവേഴ്‌സിറ്റി, എസ് ആര്‍ എം യൂണിവേഴ്‌സിറ്റി, സെന്റ് തോമസ് കോളേജ് പാലാ, യുസി കോളേജ് ആലുവ, അല്‍ഫോന്‍സാ കോളേജ് പാലാ, സെന്റ് ജോസഫ് കോളേജ് ദേവഗിരി എന്നിവ. ഇന്ന് യോഗശാസ്ത്രവും പഞ്ചകര്‍മ്മയും കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഈ വിഷയങ്ങളില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളും പരിശീലന ഡിപ്ലോമകളും ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ മിനിസ്ട്രി ഓഫ് ആയുഷിന്റെ കീഴില്‍ നടന്നുവരുന്നുണ്ട് മേല്‍പ്പറഞ്ഞ യോഗ്യതകളും പരിശീലനങ്ങളും നേടിക്കഴിഞ്ഞാല്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്ന മേഖലയാണ് കായിക വിദ്യാഭ്യാസമേഖല.