സ്കൂളുകളില്‍ സ്മാർട്ട്ഫോണിന് നിരോധനം വേണ്ടേ?

77
0

ആധുനികീകരിക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികളും അംഗന്‍വാടികളും  സ്മാർട്ടാക്കി വരുന്നു. സ്കൂളുകളില്‍ ഡിജിറ്റല്‍ ടെക്നോളജിയുടെയും അവയുടെ ഉത്പന്നങ്ങളുടെയും ഉപയോഗം നാള്‍ക്കുനാള്‍ വർധിച്ചുവരികയാണ്. കുട്ടികളുടെ പഠനം കൂടുതല്‍ ആകർഷകവും എളുപ്പവുമാക്കാൻ നൂതന സാങ്കേതിക വിദ്യകള്‍ക്കും അതിന്റെ ഉത്പന്നങ്ങള്‍ക്കും സാധിക്കുന്നുണ്ടെങ്കിലും ഇവയുടെ ഉപയോഗം കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ മൂല്യശോഷണത്തിനും കാരണമാകുന്നതായി പുതിയ പഠനങ്ങള്‍ വിലയിരുത്തുന്നു.

അടുത്തിടെ പിയേഴ്സണ്‍ നടത്തിയ പഠനത്തില്‍ ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ ക്രമാതീതമായ ഉപയോഗം വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് യാതൊരു സ്വാധീനവും ഉണ്ടാക്കുന്നില്ലായെന്ന് മാത്രമല്ല, ഡിജിറ്റല്‍ ഉപകരണങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുന്നുവെന്നും വിലയിരുത്തുന്നു.

യുനെസ്കോ (United Nations Educational, Scientific & Cultural Organization) യുടെ ‘Technology in Education: A Tool on Whose Term?’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച 2023ലെ Global Education Monitoring Report ല്‍ സ്കൂളുകളില്‍ സ്മാർട്ട്ഫോണ്‍ നിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. ഡിജിറ്റല്‍ ടെക്നോളജിയുടെ സംയോജനം പഠനപ്രവർത്തനത്തെ കാര്യമായി പരിപോഷിപ്പിക്കുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് യുനെസ്കോ ഇങ്ങനൊരു നിഗമനത്തില്‍ എത്തിച്ചേർന്നത്.

യുനെസ്കോയുടെ റിപ്പോർട്ടിലെ മറ്റു പ്രസക്തമായ നിഗമനങ്ങള്‍ നോക്കാം:

  • മൊബൈലുമായുള്ള സാമീപ്യം കുട്ടികളുടെ പഠനത്തില്‍ നിന്നുള്ള ശ്രദ്ധതെറ്റിക്കുകയും അതുകാരണം അവരുടെ പഠനസമയത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
  • മൊബൈല്‍ വിലക്കുള്ള സ്കൂളുകളിലെ കുട്ടികളുടെ, വിശിഷ്യാ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍, അക്കാദമിക പ്രവർത്തനങ്ങള്‍ മെച്ചപ്പെടുന്നതായി കാണുന്നു.
  • ഇന്നത്തെ കാലത്തെ അടിസ്ഥാന വിദ്യാഭ്യാസത്തിന് ഡിജിറ്റല്‍ ഇൻഫ്രാസ്ട്രക്ചർ അവിഭാജ്യ ഘടകമായത് നിമിത്തം അടിസ്ഥാന വിദ്യാഭ്യാസം കൂടുതല്‍ ചെലവേറിയതായിരിക്കുന്നു.
  • വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന വിദ്യാഭ്യാസം ചെലവേറിയതാകുമ്പോള്‍ സ്വാഭാവികമായും ധനക്കമ്മി കൂടുകയും ആ രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതക്ക് മേല്‍ വലിയ പ്രഹരമേല്‍പ്പിക്കുകയും ചെയ്യും.
  • ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ക്രമാതീതമായ ഉപയോഗം കുട്ടികളുടെ സ്വകാര്യത ലംഘിച്ചിട്ടുണ്ട്. കുട്ടികളുടെ ഡേറ്റ വ്യാപകമായി ശേഖരിക്കപ്പെടുകയും അത് ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.

ഡിജിറ്റല്‍ ഉപകരണങ്ങളുടെ നിയന്ത്രണം മാത്രമല്ല, സൈബറിടം ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കല്‍ അതിപ്രധാനമാണ്. അതിന് വേണ്ട നിയമനിർമാണം കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ നടത്തേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *