ബുൾഡോസറുകളുടെ ഇരമ്പൽ നിന്നിട്ടുണ്ട്. ഇന്നിനി ബോംബുകൾ വീഴില്ലായിരിക്കാം. ഒന്ന് സമാധാനമായുറങ്ങിയിട്ട് നാളുകളേറെയായി. കണ്ണുകളടയുമ്പോഴേക്കും കാതടപ്പിക്കുന്ന ശബ്ദവുമായി മിസൈലുകൾ തലക്കുമുകളിലൂടെ പറക്കാൻ തുടങ്ങുന്നു, കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാൻ വരുന്ന പരുന്തുകളെപ്പോലെ. പിന്നാലെ ഭൂമിയുടെ ഹൃദയം തകർത്തുകൊണ്ട് ബോംബുകൾ നിലംപതിക്കുന്ന ശബ്ദങ്ങൾ, പറക്കമുറ്റാത്ത പിഞ്ചോമനകളുടെ കരച്ചിൽ ചീളുകൾ നിസ്സഹായരായി നിൽക്കാൻ മാത്രം വിധിക്കപ്പെട്ടവരുടെ കാതുകളിലേക്ക് തുളച്ചു കയറുന്നു. ചിലരൊക്കെ ‘ഞാൻ കരയുകയില്ല, ഞാനെൻ്റെ രക്ഷിതാവിങ്കലേക്കാണ് മടങ്ങുന്നത് ‘ എന്ന് പറഞ്ഞ് യാത്രയാവുന്നു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരച്ചിലുകൾക്കൊടുവിൽ ജീവനറ്റ നിലയിൽ കണ്ടെത്തുമ്പോൾ നെഞ്ചോടടക്കിപ്പിടിച്ച് വിതുമ്പിക്കരയുന്ന മാതാപിതാക്കൾ, മക്കൾ, സഹോദരങ്ങൾ… ഒടുക്കം, മൃതദേഹങ്ങൾ ഖബറടക്കി വരുമ്പോഴേക്കും വീണ്ടുമിതേ കാഴ്ചകൾ കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു…
അധികം പിടിച്ചു നിൽക്കാനാവുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവന് വിശപ്പ് കൂട്ടിന് വന്നിട്ട് മൂന്ന് ദിവസമായി. വല്ലപ്പോഴും കിട്ടുന്ന വെള്ളം പോലും വറ്റിവരണ്ട തൊണ്ടയൊന്ന് നനക്കാനേ ഉണ്ടാവൂ. ഇന്ന് ആക്രമണങ്ങൾക്ക് നേരിയ ശമനമുണ്ട്. തൻ്റെ പ്രിയപ്പെട്ടവരുടെ ഓർമയായവശേഷിച്ച ആ ചിത്രം നോക്കിനിൽക്കുമ്പോഴും ക്ഷീണത്താലവൻ്റെ കണ്ണുകളടഞ്ഞു പോവുന്നത് അവനറിയുന്നുണ്ടായിരുന്നു.
“സഈദ്. . . സഈദ്. . . “
ഉമ്മ നീട്ടി വിളിക്കുന്നത് കേൾക്കുന്നുണ്ട്.
“സഈദ്. . . നീ എവിടെയാ. . “
“ഉമ്മീ. . . ഞാൻ ഇവിടെ. ” ഞാൻ ഉമ്മയുടെ പിറകിലൂടെ കാലുകളിൽ വട്ടം പിടിച്ചു.
“ആഹാ. . ഒളിച്ചു കളിക്കാതെ ഇങ്ങു വന്നെ. റൊട്ടിയും പാലും കഴിക്കാൻ അലി നിന്നെയും നോക്കിയിരിക്കുകയാ. “
ഉമ്മ എന്നെയുമെടുത്ത് അലിയുടെ അടുത്തേക്ക് പോയി. ഇതുകണ്ട് അവൻ ഉമ്മയോട് ചിണുങ്ങി:”ഞാനല്ലേ ഉമ്മീ ചെറിയ കുട്ടി. ഇക്കാക്ക വലുതായില്ലേ. . എന്നെ എടുക്ക്”
ഇതുകേട്ട് എന്നെക്കാൾ രണ്ട് വയസ്സിന് താഴെയുള്ള അലിയെ ദേഷ്യം പിടിപ്പിക്കാൻ ഞാനൊന്നുകൂടി ഉമ്മിയെ കെട്ടിപ്പിടിച്ചു പറഞ്ഞു:”ഞാനാണ് ഉമ്മിടെ വല്ല്യ കുട്ടി. എന്നെയാ ഉമ്മിക്ക് ഇഷ്ടം”
ഇതുകേട്ട് അലിയുടെ കണ്ണുകളീറനണിഞ്ഞു. ഉമ്മി അലിയെ കൂടി കയ്യിലെടുത്തിട്ട് പറഞ്ഞു. “ഉമ്മീടെ ഈ രണ്ട് രാജകുമാരൻമാരെയും ഉമ്മിക്ക് വല്ല്യ ഇഷ്ടാണ്. അതും പറഞ്ഞ് ഇനി തെറ്റിയിരിക്കാതെ രണ്ടാളും സലാം നൽകിയിട്ട് ബിസ്മി ചൊല്ലി ഭക്ഷണം കഴിക്ക്”.
വഴക്കെല്ലാം തീർത്ത് ഞാനും അലിയും ഒരു പാത്രത്തിൽ നിന്ന് റൊട്ടി കഴിക്കാൻ തുടങ്ങി. അപ്പോഴാണ് ഉപ്പ വന്നത്. സലാം ചൊല്ലി അകത്തു വന്ന് എന്നെയും അലിയെയും കുറച്ചു നേരം ഇക്കിളിയാക്കി കൊഞ്ചിച്ചിട്ട് റൊട്ടി വായിലേക്ക് വെച്ച് തന്നു. ഇതിനിടക്ക് ഉപ്പ ഉമ്മയോട് തലേദിവസം നഗരത്തിൽ നടന്ന ആക്രമണങ്ങളെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ബോംബും മിസൈലുമെല്ലാം പറയുന്നുണ്ട്. അക്രമം കാരണം സ്കൂളുകളടച്ചിട്ട് മാസങ്ങളായി, അതിനിയെന്ന് തുറക്കുമെന്നറിയില്ല. സ്കൂൾ തുറന്നിട്ട് കൂട്ടുകാരെയെല്ലാം കാണാൻ കൊതിയാവുന്നുണ്ട്. സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് എന്തെങ്കിലുമറിഞ്ഞോയെന്നറിയാൻ ഞാനതിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി. എന്നാൽ അലി അവൻ്റെ കളിപ്പാട്ടങ്ങളെടുത്ത് ജനലരികിൽ പോയിരുന്ന് കളിക്കാൻ തുടങ്ങിയിരുന്നു. ഏത് നിമിഷവും ബോംബുകൾ വന്ന് വീഴാമെന്ന് ഉപ്പ പറയുന്നുണ്ട്.
“ഇക്കാക്കാ. . ഇക്കാക്കാ. . ദേ വിമാനം. . ” അലി ആകാശത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
ഞാനോടിച്ചെന്ന് നോക്കിയപ്പോൾ കുറേ വിമാനങ്ങൾ വേഗത്തിൽ പറന്നു പോകുന്നുണ്ട്. അലിയത് കണ്ട് കൈകൊട്ടി ചിരിക്കുന്നു. ഞങ്ങളത് നോക്കി നിൽക്കെ അലി ഉമ്മയെയും ഉപ്പയെയും വിളിക്കാൻ അപ്പുറത്തെ മുറിയിലേക്കോടി. പെട്ടെന്നാണ് ആ ഭീകര ശബ്ദം ഞാൻ കേട്ടത്. ഇടി മുഴക്കത്തേക്കാൾ ഭയാനകമായ ആ ശബ്ദം എൻ്റെ കാതുകളിൽ തുളച്ചുകയറി. തിരിഞ്ഞു നോക്കുന്നതിന് മുമ്പ് തന്നെ ഞങ്ങളുടെ കുഞ്ഞു വീട് നിന്നിരുന്ന കെട്ടിടം പൊളിഞ്ഞു വീഴാൻ തുടങ്ങിയിരുന്നു. പേടിച്ചരണ്ട ഞാനോടാൻ ശ്രമിച്ചപ്പോഴേക്കും കെട്ടിടം പൂർണമായി തകർന്ന് വീണിരുന്നു..
ദേഹത്ത് വല്ലാത്ത ഭാരം തോന്നുന്നു. ചുറ്റും ഇരുട്ട് മാത്രം. ശ്വാസമെടുക്കുമ്പോഴെല്ലാം തകർന്ന കെട്ടിടത്തിൻ്റെ പൊടിഞ്ഞ കല്ലുകളല്ലാതെയൊന്നുമില്ല. കരയാനാവുന്നുമില്ല. കാലുകൾ പതിയെ വലിച്ചു നോക്കി, “ആഹ്”തകർന്ന വീടിൻ്റെ കമ്പിയിൽ കാൽ കൊളുത്തിയിട്ടുണ്ട്, ഇനിയും വലിച്ചാൽ കാല് മുറിഞ്ഞുപോവുമെന്ന് തോന്നി ഞാനനങ്ങിയില്ല. എവിടെയാണെന്നറിയില്ല. ശ്വാസമെടുക്കാനാവുന്നില്ല, കഴുത്തിനാരോ പിടിച്ചു ഞെരിച്ചതുപോലെ..
ഇരുട്ടിലേക്ക് കുത്തിയിറക്കിയ സൂചിയായി വെളിച്ചം നേർത്ത് കാണാം. അവശേഷിച്ചയെല്ലാ ശക്തിയുമെടുത്ത് ഞാനാഞ്ഞു വിളിച്ചു. അത് ഞാൻ പോലും കേട്ടില്ലല്ലോ!ഒരിക്കൽ കൂടി ശബ്ദമുണ്ടാക്കാനാവുന്നുമില്ല. പക്ഷെ, ആദ്യത്തെ ശബ്ദമാരോ കേട്ടതുപോലെ എൻ്റെ മുകളിലെ കല്ലുകൾ എടുത്തുമാറ്റപ്പെട്ടു. അവർക്കിപ്പോൾ എന്നെ കാണാമെന്നു തോന്നുന്നു. അടർന്നുവീണ കല്ലുകൾക്കിടയിൽ നിന്ന് അവരെന്നെ വാരിയെടുത്ത് തൊട്ടടുത്തുള്ള വിരിപ്പിലേക്ക് കിടത്തി. ഈ വിരിപ്പ് ഞാൻ മുമ്പ് കണ്ടിട്ടുണ്ടല്ലോ?അതെ, ഉപ്പയുടെ വിരിപ്പാണിത്. ഉപ്പയും ഉമ്മയും എവിടെ? അലിയോ?? പെട്ടെന്ന് ഞാനെഴുന്നേറ്റിരുന്ന് ചുറ്റും നോക്കി. തൊട്ടടുത്ത് രണ്ടുപേരെ വെള്ള പുതച്ചു കിടത്തിയിട്ടുണ്ട്. മുഖം കാണാനാവുന്നില്ല. പ്രയാസപ്പെട്ട് ഞാനവർക്കരികിലേക്കായി നീങ്ങിയപ്പോൾ അവരുടെ കൈകൾ കാണാമായിരുന്നു. ആ കൈകൾ തനിക്ക് സുപരിചിതമായ രണ്ട് കൈകളായിരുന്നു. അവർക്ക് പ്രിയപ്പെട്ട അവരുടെ വിവാഹസമ്മാനമായ മോതിരങ്ങളണിഞ്ഞ വിരലുകൾ!കണ്ണുകൾ നിറഞ്ഞ് ശക്തിയിലൊഴുകിത്തുടങ്ങി. പക്ഷെ, ശബ്ദം പുറത്തു വരുന്നില്ല. ഞൊടിയിടയിൽ ചുറ്റും കണ്ണോടിച്ചു, അലിയെവിടെ??തന്നെ രക്ഷിച്ചവരതാ അലിയെയുമെടുത്ത് തേങ്ങിക്കൊണ്ട് വരുന്നു.
“അലീ. . ” ഓടിച്ചെന്ന ഞാൻ കണ്ടത് എൻ്റെ സഹോദരൻ്റെ പാതിയും നഷ്ടപ്പെട്ട ശരീരം മാത്രമായിരുന്നു. എന്നെ നോക്കി പുഞ്ചിരിക്കാറുള്ള അവൻ്റെ അധരങ്ങൾ രക്തം കട്ട പിടിച്ച് വികൃതമായിരിക്കുന്നു. മുഖത്തിൻ്റെ പാതിയും രക്തത്താൽ മറഞ്ഞുപോയിരിക്കുന്നു. കളിപ്പാട്ടങ്ങൾ മുറുകെ പിടിച്ച് നടന്നിരുന്ന അവൻ്റെ കൈകളുടെ സ്ഥാനത്തുനിന്നും രക്തത്തുള്ളികൾ ഇറ്റിവീണുകൊണ്ടിരിക്കുന്നു. വിമാനം കണ്ട് വിടർന്ന കണ്ണുകൾ മുറുക്കിച്ചിമ്മിയിട്ടുണ്ട്, എന്നന്നേക്കുമായി. . .
മണിക്കൂറുകൾ മാത്രം നീണ്ടുനിന്ന ശാന്തതക്ക് ശേഷം ചീറിവന്ന മിസൈലുകൾ തകർത്ത അഭയാർഥി ക്യാമ്പിൽ രക്ഷാപ്രവർത്തകർ ആവോളം പരിശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴും തീനാളങ്ങൾ കൂടാരങ്ങളെ ധൃതിപ്പെട്ട് വിഴുങ്ങുകയായിരുന്നു, അതിലകപ്പെട്ട മനുഷ്യരെയും. കത്തിയമർന്നു കൊണ്ടിരിക്കുന്ന കൂടാരത്തിലേക്ക് ഓടിക്കയറിയ ഫലസ്തീൻ സൈനികർ കണ്ടത് അതിനകത്ത് നിന്ന്. രക്ഷപ്പെടാനാവാതെ ജീവശ്വാസത്തിനായി പിടയുന്നവരെയും റബ്ബിലേക്ക് മടങ്ങിയവരെയുമാണ്. കൂടാരത്തിലുണ്ടായിരുന്ന പത്തുപേരിൽ നാലുപേർ ആദ്യമേ രക്ഷപ്പെട്ടിരുന്നു. അവശേഷിച്ച ആറുപേരിൽ രണ്ട് ഉമ്മമാരും നാല് കുഞ്ഞുങ്ങളുമായിരുന്നു. ഉമ്മമാർ നിസ്സഹായരായി ചലനമറ്റ കുഞ്ഞുങ്ങളെ മാറോട് ചേർത്തുപിടിച്ചിട്ടുണ്ട്.
പതിയെ സൈനികർ അവരുടെ ജനാസ അവിടെ നിന്ന് മാറ്റിത്തുടങ്ങി. അതിലെ കുഞ്ഞുങ്ങൾക്കെല്ലാം ശരീരമാസകലം പൊള്ളലേൽക്കുകയും കൈ കാലുകൾ മുറിഞ്ഞുതൂങ്ങുകയും ചെയ്തിട്ടുണ്ട്. നാലാമത്തെ കുഞ്ഞിനെയെമെടുത്തപ്പോൾ തൻ്റെ പ്രിയപ്പെട്ടവരുടെ ചിത്രം മുറുക്കിപ്പിടിച്ച വലതുകൈ അവനിൽ നിന്ന് അടർന്ന് വീണു. അപ്പോഴും അവൻ്റെ മുഖത്തൊരു പുഞ്ചിരിയവശേഷിച്ചിരുന്നു. തൻ്റെ പ്രിയപ്പെട്ട മാതാപിതാക്കളും കുഞ്ഞനിയനും തനിക്ക് വേണ്ടി കാത്തിരിക്കുന്ന സ്വർഗത്തിലെത്തിയതിൻ്റെ പുഞ്ചിരി!അടർന്ന് വീണ കൈയെടുത്ത് അയാൾ അവനിലേക്ക് ചേർത്തുവെച്ചു. ആ കൈത്തണ്ടയിൽ അവൻ്റെ പേരും വയസ്സും എഴുതപ്പെട്ടിരുന്നു. സഈദ്, ആറ് വയസ്സ്!
Save palestine ??