കണക്കിലെ ചോദ്യങ്ങൾക്ക് മുൻപിൽ പകച്ചു നിന്നിരുന്ന സ്കൂൾ കാലം. എന്തോ ഉള്ളിലൊരു ഭയമായിരുന്നു. എത്തിപ്പിടിക്കാൻ കഴിയാത്ത അവസ്ഥയിൽ ഒരാൾ ഒറ്റപ്പെട്ടു പോകുന്ന സമയം.. വർഷങ്ങൾ കടന്നു പോയി… കണക്കിനോടുള്ള പേടിയിൽ നിന്ന് കണക്ക് പഠിപ്പിക്കുന്ന മാഷോടുള്ള പേടിയായി മാറിയപ്പോൾ ഞാൻ ആറാം ക്ലാസിൽ എത്തിയിരുന്നു. പേടിയിൽ നിന്ന് രക്ഷപ്പെടാൻ സാധാരണ എല്ലാവരും ചെയ്യുന്ന എല്ലാ കുറുക്ക് വഴിയും പരീക്ഷിച്ച് നോക്കിക്കൊണ്ട് ഇരുന്നു..
ഏഴാം ക്ലാസിൽ എത്തിയപ്പോൾ അത് അസുഖം നടിക്കലിലൂടെ സാധിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.. പഠിച്ചെടുക്കാൻ കഴിയാത്ത വിധം പഠഭാഗത്തെ പേജുകൾ മറിച്ച് കൊണ്ട് ദിവസങ്ങൾ ഓരോന്ന് തീർന്നു പോയി… ചൂരൽ വീശുന്ന ശബ്ദത്തിനൊപ്പം ഹൃദയമിടിപ്പ് കൂടി കൂടി വന്നു. ചോദ്യങ്ങളിൽ നിന്നും അടിയിൽ നിന്നും ഒഴിഞ്ഞ് മാറാൻ ഞാൻ മനസ്സിനെ പാകപ്പെടുത്തി അവസാനം അത് മനസ്സിൽ കരുതുമ്പോൾ അസുഖം വരുന്ന ഒരു ഘട്ടത്തിലേക്ക് എത്തി. അസുഖം നടിച്ച് നടിച്ച് സ്കൂളിലെ ഒരു സ്ഥിര അസുഖക്കാരൻ ആയി.. മനസ്സിലെ അസുഖം കണ്ടെത്താൻ ഡോക്ടർക്ക് പോലും അന്ന് സാധിച്ചില്ല.
ഹൈസ്കൂൾ കാലത്ത് അടി കിട്ടാൻ സാധ്യത ഉള്ള അധ്യാപകരുടെ ക്ലാസ്സിൽ നിന്ന് മാറി മാറി പത്ത് സി ക്ലാസ്സിൽ എത്തി. അറബിക് പിരീഡ് മറ്റു ക്ലാസ്സിലേക്ക് മാറി ഇരിക്കുമ്പോഴും അടിക്കാത്ത ഒരു കണക്ക് മാഷെ കിട്ടിയല്ലോ എന്നത് ആശ്വാസം ആയി…
അദ്ദേഹത്തിൻ്റെ പേര് ജീവിതത്തിൽ ഇന്നും ക്യാപിറ്റൽ ലെറ്ററിൽ ബോൾഡ് ആക്കി താഴെ ഷാഡോ കൊടുത്ത് എഴുതും. സദാനന്ദൻ മാഷ്.
ജീവിതത്തിൽ കണക്കിനെ ഇഷ്ടപ്പെടുത്തിയ അധ്യാപകൻ, സാറോടുള്ള ഇഷ്ടം പ്രകടിപ്പിച്ചത് കണക്കിലെ മാർക്കുകൾ ആയിരുന്നു. ഒമ്പതാം ക്ലാസ്സ് വരെ കണക്കിന് തോറ്റിരുന്ന ഉയരം കുറഞ്ഞ ഒരു വിദ്യാർത്ഥി പൊടുന്നനെ കണക്ക് പേപ്പർ കിട്ടാൻ കാത്ത് നിൽക്കുന്ന ഉയരത്തിലേക്ക് വളർന്നതിൻ്റെ പുറകിൽ നിന്ന നീളം കൂടിയ ഒരു അധ്യാപകൻ്റെ പേരായിരുന്നു സദാനന്ദൻ മാഷ്.
ലളിതമായൊരു ഉത്തരം തെറ്റിച്ച എൻ്റെ കയ്യിലേക്ക് ചൂരൽ വീണ് ചുവന്ന പാടുകൾ വരുന്നതിന് മുൻപ് അതിനെ അംഗീകാരമാക്കി കൊണ്ട് സാറ് ക്ലാസിൽ ഒരു പ്രഖ്യാപനം : “ഈ ഒരു ചോദ്യത്തിൻ്റെ ഉത്തരം എനിക്ക് തന്നെ മനസ്സിലായത് സമാഹിൻ്റെ ഉത്തര പേപ്പറിൽ നിന്നാണ് “
വലിയൊരു ലക്ഷ്യം വെച്ച് അദ്ദേഹം പറഞ്ഞ ആ ഒരു നുണക്ക് എസ് എസ് എൽ സി പേപ്പറിലെ ഏക എ പ്ലസ് നേടിത്തരാൻ ഉള്ള ശക്തി ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ മനസ്സ് അത്രമേൽ വിശാലമായിരുന്നില്ല… അത് കൊണ്ട് തന്നെ അന്നത്തെ ദിവസം സാറിൻ്റെ വാക്കുകൾ ചെവിയിൽ കേട്ട് കൊണ്ട് ഇരുന്നു.
അധ്യാപകൻ ആവണം എന്ന് തോന്നിയ സുന്ദര നിമിഷങ്ങൾ….
“ഇനി നമ്മൾ കാണുമ്പോൾ കയ്യിൽ ഒരു എ പ്ലസും മറു കയ്യിൽ ഒരു ലഡുവും കൊണ്ട് വരണം ” എന്ന് പറഞ്ഞ് പിരിഞ്ഞതാണ് സദാനന്ദൻ മാഷും ഞാനും.. ഇന്നിപ്പോൾ 16 വർഷങ്ങൾക്കിപ്പുറം ആ ഒരു ലഡ്ഡു എന്ത് കൊണ്ട് കൊടുത്തില്ല എന്ന ചോദ്യത്തിന് ഉത്തരം എന്നോട് ചോദിക്കരുത്…. അറിയില്ല… പിന്നീട് കണ്ടിട്ടില്ല… കാണണം…. ആ ഒരു എ പ്ലസ് എൻ്റെ മനസ്സിൽ മികച്ച അധ്യാപകനുള്ള പ്രസിഡൻഷ്യൽ അവാർഡ് ആയി തുടരുന്നു….
ഇങ്ങനെ ഒരുപാട് കുട്ടികളുടെ മനസ്സിലെ സൂപ്പർമാൻ ആയിട്ടുണ്ടാവും… അത്രത്തോളം ഓരോ അധ്യാപകർക്കും ഉയരാൻ കഴിയും എന്ന് പറയുന്നത് അതിശയോക്തി അല്ല ലെ?