പ്ലസ് ടുക്കാർക്ക് റെയിൽവേയിൽ അവസരം; 3058 ഒഴിവ്

575

ഇന്ത്യൻ റെയിൽവേയിൽ പ്ലസ് ടുക്കാർക്ക് അപേക്ഷിക്കാവുന്ന നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറി അഥവാ എൻടിപിസി തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. 21 റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകളിലായി 3058 ഒഴിവുണ്ട്. തിരുവനന്തപുരം ആർ.ആർ.ബിക്ക് കീഴിൽ 86 ഒഴിവാണുള്ളത്.

തസ്തികകളും ഒഴിവും
കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക് – 2424 ഒഴിവ്
അക്കൌണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്- 394 ഒഴിവ്
ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് – 163 ഒഴിവ്
ട്രയിൻസ് ക്ലർക്ക്- 77 ഒഴിവ്

യോഗ്യത
എല്ലാ തസ്തികകളിലേക്കുമുള്ള അടിസ്ഥാനയോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമാണ്. അക്കൌണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാൻ കംപ്യൂട്ടറിൽ ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ്ങും അറിയണം.

അപേക്ഷ
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലും ഒരു ആർ.ആർ.ബിയിലേക്കേ അപേക്ഷിക്കാവൂ. യാതൊരു കാരണവശാലും ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കാൻ പാടില്ല. അത്തരം അപേക്ഷകരെ ഡീബാർ ചെയ്യുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 നവംബർ 27. അപേക്ഷയിൽ തിരുത്തൽ വരുത്തേണ്ടവർക്ക് നവംബർ 30 മുതൽ ഡിസംബർ 9 വരെ 250 രൂപ മോഡിഫിക്കേഷൻ ഫീ അടച്ചുകൊണ്ട് തിരുത്താവുന്നതാണ്.

തെരഞ്ഞെടുപ്പ്
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ, ടൈപ്പിംഗ് തസ്തികകൾക്ക് ടൈപ്പിംഗ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എല്ലാ തസ്തികകളിലേക്കും രണ്ട് ഘട്ടങ്ങളിലായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ ഉണ്ടാവും. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ചോദ്യങ്ങൾ ലഭിക്കും. ഏത് ഭാഷയിൽ വേണമെന്ന് അപേക്ഷയിൽ രേഖപ്പെടുത്തണം.

ഒന്നാം ഘട്ടത്തിലുള്ള പരീക്ഷ 100 മാർക്കിനായിരിക്കും. ജനറൽ അവയെർനെസ്, മാത്തമാറ്റിക്‌സ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. ഒന്നര മണിക്കൂറാണ് പരീക്ഷാസമയം. ഈ പരീക്ഷയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണ് രണ്ടാംഘട്ട പരീക്ഷ നടത്തുക.

ജനറൽ അവേർനെസ്, മാത്തമാറ്റിക്സ്, ജനറൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് എന്നിവയിൽ നിന്നുതന്നെയാണ് രണ്ടാം ഘട്ടത്തിലും ചോദ്യങ്ങളുണ്ടാകുക. 120 മാർക്കിനായിരിക്കും ഈ പരീക്ഷ. ഒന്നര മണിക്കൂറാണ് സമയം. രണ്ടാം ഘട്ടത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തസ്തികയ്ക്കനുസരിച്ച് ടൈപ്പിങ് സ്‌കിൽ ടെസ്റ്റ് ഉണ്ടാവും. അക്കൌണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിലേക്കാണ് ടൈപ്പിങ് ടെസ്റ്റ് ഉണ്ടായിരിക്കുക.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവയിൽ നിന്നെല്ലാം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ പരിശോധന എന്നിവകൂടി നടത്തിയശേഷമായിരിക്കും തിരഞ്ഞെടുപ്പ്. മെഡിക്കൽ പരിശോധനയിൽ വിജ്ഞാപനത്തിൽ നൽകിയ പ്രകാരമുള്ള സ്റ്റാൻഡേർഡ്സ് ഉള്ളവരെ മാത്രമേ അന്തിമ ലിസ്റ്റിലേക്ക് പരിഗണിക്കുകയുള്ളൂ.

പ്രായപരിധി
2026 ജനുവരി ഒന്നിന് 18 വയസ്സ് ആയിരിക്കണം. ഉയർന്ന പ്രായപരിധി 30 വയസ്സ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനത്തിലെ പേജ് നമ്പർ 9 കാണുക.

അപേക്ഷാ ഫീസ്
വനിതകളും മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരും എസ്.സി, എസ്.ടി. വിഭാഗക്കാരും ഭിന്നശേഷിക്കാരും ട്രാൻസ്ജെൻഡർ വിഭാഗക്കാരും കുടുംബത്തിന്റെ വാർഷികവരുമാനം 50,000 രൂപയിൽ താഴെയുള്ളവരും വിമുക്ത ഭടന്മാരും 250 രൂപ ഫീസ് അടച്ചാൽ മതിയാവും. ഇവർ ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയെഴുതിയാൽ ഈ തുക പൂർണമായും തിരികെ നൽകും. മേൽപ്പറഞ്ഞ വിഭാഗങ്ങളിലൊന്നും ഉൾപ്പെടാത്തവർ 500 രൂപ അടയ്ക്കണം. ഇവർ ഒന്നാംഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയെഴുതിയാൽ 400 രൂപ തിരികെ നൽകും.

വിശദമായ വിജ്ഞാപനം ആർ.ആർ.ബി.കളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി വിജ്ഞാപനം നന്നായി വായിക്കുക. ഈ വെബ്സൈറ്റിലെ ലിങ്ക് മുഖേനയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്. തിരുവനന്തപുരം ആർ.ആർ.ബി.യുടെ വെബ്‌സൈറ്റ് www.rrbthiruvananthapuram.gov.in