റെഫാത് അലാരീര്‍; ഫിലസ്‌ത്വീനിന്റെ സർഗാത്മക പോരാളി

242
0

“ഞാൻ മരിക്കുകയാണെങ്കിൽ, അതൊരു കഥയാകട്ടെ” 2023 ഡിസംബര്‍ ഏഴിന് ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് റെഫാത് അലാരീര്‍ ട്വിറ്ററിൽ കുറിച്ച വരികളാണിത്. സയണിസ്റ്റ്- മുതലാളിത്വ അച്ചുതണ്ടിന്റെ അധിനിവേശത്തിൽ നിന്ന് തങ്ങളുടെ മണ്ണ് സംരക്ഷിക്കുന്ന പലസ്തീൻ ജനതയുടെ വികാരങ്ങള്‍ അതേപടി ഒപ്പിയെടുത്ത് കഥകളിലൂടെയും കവിതകളിലൂടെയും ലോകത്തെ അറിയിച്ച പലസ്തീന്റെ വിഖ്യാത എഴുത്തുകാരനാണ് റെഫാത് അലാരീര്‍.

ജീവന്‍ വേണമെങ്കിൽ ഗാസയിൽ നിന്ന് ഒഴിഞ്ഞുപോകുന്നതാണ് നല്ലതെന്ന് പലകുറി റെഫാതിനെ ഇസ്രായേൽ സൈന്യം താക്കീത് ചെയ്തതാണ്. എന്നാൽ ഒരു ഭീരുവിനെ പോലെ തന്റെ എല്ലാമെല്ലാമായ ഗാസയെ വിട്ട് ഓടിപോകാൻ അയാൾക്ക് സാധിക്കില്ലായിരുന്നു. കാരണം തങ്ങള്‍ മരിച്ചാലും തങ്ങളുടെ കഥ പറയാൻ തങ്ങളുടെ പിൻഗാമികള്‍ ഈ മണ്ണിൽ വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.

1979ൽ ഗാസയിൽ ജനിച്ച റെഫാത് 2001ൽ ഗാസ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്നും ആര്‍ട്സ് ബിരുദവും 2007ൽ ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. 2017ൽ മലേഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡിയും കരസ്ഥമാക്കി. ഗാസ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായിരുന്നു.

കഥയും കവിതയും ആയുധമാക്കി അധിനിവേശത്തെ മരണം വരെ എതിര്‍‍ത്ത പലസ്തീനിലെ സര്‍ഗാത്മക പോരാളികളിൽ പ്രധാനിയായിരുന്നു റെഫാത്. ഈയൊരു ലക്ഷ്യം മുൻനിര്‍ത്തി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച എഴുത്തുകാരുടെ കൂട്ടായ്മയാണ് ‘We Are Not Numbers’. സര്‍ഗാത്മകതിലൂടെ പ്രതിരോധം സാധ്യമാണ് എന്ന് നമുക്ക് കാണിച്ചു തന്നുകൊണ്ടാണ് റെഫാത് നമ്മോട് വിടപറഞ്ഞത്.

ഇസ്രയേൽ അധിനിവേശം ദുരിതപൂര്‍ണ്ണമാക്കിയ ഗാസയെ ആസ്പദമാക്കി രണ്ട് പ്രസിദ്ധമായ പുസ്തകങ്ങള്‍ അദ്ദേഹം എഡിറ്റ് ചെയ്തിട്ടുണ്ട്. പലസ്തീനിലെ യുവ എഴുത്തുകാരുടെ ഹൃസ്വ കഥകളടങ്ങിയതാണ് Gaza Writes Back എന്ന പുസ്തകം. ഗാസയിലെ എഴുത്തുകാരുടെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് Gaza Unsilenced എന്ന രണ്ടാമത്തെ പുസ്തകം. ബോംബുകളും വെടിയൊച്ചകളും പലായനങ്ങളും മനുഷ്യശരീരങ്ങള്‍ ചിന്നിച്ചിതറുന്നതുമെല്ലാം ഈ പുസ്തകങ്ങളിൽ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നത് കാണാം. ഗാസയെപ്പറ്റി പറയുമ്പോള്‍ ഇതല്ലാതെ എന്താണ് പറയാനുള്ളത്?!!!

നേരത്തെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ മുഹമ്മദും കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ തകര്‍ന്ന കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ വേണ്ടിയുള്ള രക്ഷാദൗത്യ സന്ദര്‍ഭത്തിലാണ് അദ്ദേഹവും ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്. തന്റെ നാല് വയസ്സ് പ്രായമുള്ള മകളോട് തിരിച്ചുവരുമെന്ന ഉറപ്പ് നൽകിയിട്ടാണ് മുഹമ്മദ് പുറപ്പെട്ടത്. എന്നാൽ ആ വാക്ക് പാലിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. “ബാബ എപ്പോഴാണ് തിരിച്ചുവരിക?” എന്ന ആ മകളുടെ ചോദ്യത്തിന് മുന്നിൽ റെഫാത്തിന് ഉത്തരമില്ലായിരുന്നു. മരിക്കും വരേക്കും. ലോകത്തിന് മുന്നിൽ ചോദ്യങ്ങള്‍ ബാക്കിയാക്കി അദ്ദേഹവും വിടപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *