രണ്ടു കഴുകന്മാർ!

169

കുറെ നേരമായി,

ആകാശത്ത് രണ്ട് കഴുകന്മാർ വട്ടമിട്ട് പറക്കുന്നു..

രണ്ടിനുമുണ്ട്, കൂർത്ത മുനയുള്ള ചുണ്ടുകൾ!

അവ ഇടക്കിടെ താഴേക്ക് തീ തുപ്പും!

രണ്ടിനുമുണ്ട് പാളപോലെ വലിയ രണ്ട് ചിറകുകൾ!

അവ ആഞ്ഞു വീശി ആകാശത്തെ വിറപ്പിക്കും!

രണ്ടിനുമുണ്ട് ദുർമേദസ്സടിഞ്ഞു കൂടിയ വലിയ ശരീരം!

അത് കാണിച്ച് സാധാരണ പക്ഷികളെ വിരട്ടും!

ഇന്നലെ ആ കഴുകന്മാർ

വീണ്ടും കൂർത്ത മുനയുള്ള ചുണ്ടിലൂടെ നിരപരാധരുടെ മേൽ തീ തുപ്പി!

പതിവിന് വിപരീതമായി രണ്ട് കഴുകന്മാരുടെയും ചുണ്ടിൻ്റെ മുനയൊടിഞ്ഞു!

പാള പോലത്തെ ചിറക് കൊണ്ട് ആഞ്ഞുവീശി പ്രകമ്പനമുണ്ടാക്കി!

പതിവിന് വിപരീതമായി ചിറകുമൊടിഞ്ഞു!

ഇപ്പോൾ രണ്ട് കഴുകന്മാരും ശാന്തരാണ്!

എന്നാലും ചുറ്റുവട്ടത്തുള്ളവർ നിർഭയരല്ല;

കാരണം,

കഴുകൻ എപ്പോഴും കഴുകൻ തന്നെയാണല്ലോ..!