ഏതൊരു സമൂഹത്തിന്റെയും ഭാവി നിർണയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നത് ആ സമൂഹത്തിലെ യുവജനങ്ങളും വിദ്യാർത്ഥികളുമാണെന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് വ്യക്തമാവും.
ഇന്ത്യാ ചരിത്രത്തിലും കേരള ചരിത്രത്തിലും വിദ്യാർത്ഥി സമൂഹത്തിന്റെ അടയാളപ്പെടുത്തലുകൾ നമുക്ക് കാണുവാൻ കഴിയും.
അധസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിലും സർക്കാറുകളുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ പോരാട്ടം നയിക്കുന്നതിലുമെല്ലാം വിദ്യാർത്ഥി സമൂഹം വഹിച്ച പങ്ക് അതുല്യമാണ്.
എന്നാൽ ഇന്ന് കേരളത്തിലെ ക്യാമ്പസുകളിൽ നിന്ന് വരുന്ന റാഗിംഗ് വാർത്തകൾ ഈ ചരിത്രത്തോടും, സമൂഹത്തിന്റെ പ്രതീക്ഷകളോടും കൊഞ്ഞനം കുത്തുന്ന തരത്തിലുള്ളതാണ് എന്ന് പറയാതെ വയ്യ.
വലിയ പ്രതീക്ഷകളുമായി ക്യാമ്പസിലെത്തുന്ന പുതിയ വിദ്യാർത്ഥികളെ സ്നേഹത്തോടെയും മാന്യതയോടെയും സ്വീകരിക്കുന്നതിനു പകരം പൈശാചികമായ രീതിയിൽ റാഗിംഗിന് വിധേയമാക്കുന്ന സമീപനം വിദ്യാർത്ഥി സമൂഹത്തിനു ചേർന്നതല്ല.
അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിദ്യാർത്ഥികളെ കക്ഷി രാഷ്ട്രീയം നോക്കാതെ മാതൃകാപരമായി ശിക്ഷിക്കാൻ സർക്കാർ തയ്യാറാവണം. റാഗിംഗിനെ ക്യാമ്പസുകളിൽ നിന്ന് തുടച്ചു നീക്കാൻ മുൻകൈ എടുക്കേണ്ടത് വിദ്യാർഥി സംഘടനകളാണ്. പലപ്പോഴായി കേരളത്തിൽ ഉയർന്നു വന്ന റാഗിംഗ് കേസുകളിലെല്ലാം ഏതെങ്കിലും വിദ്യാർഥി സംഘകളുടെ നേതൃത്വ നിരയിലുള്ളവർ പോലുമുണ്ടായിരുന്നു എന്നത് ഏറെ സങ്കടകരമാണ്. തങ്ങളുടെ സംഘ ശക്തി വളർത്തിയെടുക്കാൻ മറ്റുള്ള വിദ്യാർഥി സംഘകളെ ഒതുക്കി നിർത്തുക എന്നത് ചില വിദ്യാർഥി സംഘടനകൾ അജണ്ടയായി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി റാഗിംഗും മറ്റ് അക്രമ പരിപാടികളും ക്യാമ്പസുകളിൽ അഴിച്ചു വിടുന്നത് പലപ്പോഴായി കാണാറുണ്ട്. ഇത് നിർത്തലാക്കാൻ കഴിയണം. ക്യാമ്പസുകളിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് അംഗത്വം നിഷേധിക്കാൻ വിദ്യാർഥി സംഘനകൾ തയ്യാറാവേണ്ടതുണ്ട്.
സ്നേഹവും ധാർമികതയും അവകാശ സമരങ്ങളും സർഗാത്മഗതയുമൊക്കെയായി ക്യാമ്പസുകൾ അതിന്റെ ധർമം നിർവഹിക്കുന്ന ഒരു സാഹചര്യം രൂപപ്പെടുത്തിയെടുക്കാൻ വിദ്യാർഥി സംഘകൾ ഒരുമിച്ചു നിൽക്കേണ്ടതുണ്ട്.
നന്മയുടെ കഥ പറയുന്ന ക്യാമ്പസുകൾ ഉണ്ടാവട്ടെ.
അതിനായി നമുക്ക് കൈകോർക്കാം.
എം എസ് എം നിലപാട് ??
??