പുരോഗമനം

427
0

ഹൃദയഭാരത്തോടെ അയാൾ സെമിത്തേരിയിലെ ആൾക്കൂട്ടത്തെ ലക്ഷ്യമാക്കി നടന്നു. ജീവനോടെയൊരു നോക്ക് കാണാൻ പലവട്ടം അയാൾ കോടതികൾ കയറിയിറങ്ങിയിരുന്നു. തന്നെ തുറിച്ചുനോക്കുന്നവരെയവഗണിച്ച് അയാൾ മൃതദേഹത്തിനരികിലേക്ക് നീങ്ങി.

“അച്ഛനാണ്, ഒന്ന് കാണണം”. അയാൾ നിസ്സഹായനായി.

ഒറ്റനോട്ടത്തിൽ സ്ത്രീയാണോ പുരുഷനാണോയെന്ന് തിരിച്ചറിയാനാവാത്ത ഒരാൾ മുന്നോട്ടാഞ്ഞ് മുഖത്തെ തുണി നീക്കി. തൻ്റെ ജീവിതത്തിന് നിറങ്ങൾ പകർന്ന് ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് പിറന്നുവീണവളാണിവൾ. ചിത്രശലഭമായി പാറിപ്പറന്നവളിൽ മിഥ്യയായ സ്വപ്നങ്ങൾ കുത്തിനിറച്ചതും കണ്ണിലെ കൃഷ്ണമണി പോലെ താലോലിച്ചവളെ തന്നിൽ നിന്നടർത്തിമാറ്റിയതും മകൾക്ക് സ്വാതന്ത്ര്യം നൽകാത്തവനെന്ന് മുദ്രകുത്തി തന്നെ ജയിലിലടപ്പിച്ചതും കൂടെയുള്ള ഈ പുരോഗമനവാദികളായിരുന്നത്രേ!ജീവനുള്ള ഓർമകളുടെ വിങ്ങലുള്ള നിഴലുകൾ അയാളെ കാർന്നുതിന്നാൻ തുടങ്ങിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് അയാൾ അലറിക്കരഞ്ഞു. “മോളേ. . ആര്യാ. . ” വികൃതമായ മുഖത്ത് നിന്ന് മകളെ തിരിച്ചറിയാൻ അയാൾ നന്നേ ദുർബലനായിരുന്നു.

“നൈരാശ്യത്തിൻ്റെ പടുകുഴിയിലേക്ക് തള്ളിയിട്ട് ഇഞ്ചിഞ്ചായി കൊല്ലാനാണോ നിങ്ങളിവളെ തട്ടിയെടുത്തത്?” അയാൾ അട്ടഹസിച്ചു.

“പോകാൻ സമയമായി”. ഒരു മുരൾച്ചയോടെ പോലീസുദ്യോഗസ്ഥൻ അയാളിലേക്ക് തിരിഞ്ഞു. ഒരു നെടുവീർപ്പോടെ അയാൾ പിടഞ്ഞെഴുന്നേറ്റു. തിരിഞ്ഞുനടക്കുന്നതിനിടയില്‍ മൃതദേഹത്തിനരികിലെ ബോര്‍ഡിലേക്കയാൾ അവജ്ഞയോടെ നോക്കി. ‘ആര്യന്‍, ഫ്രം റെയിന്‍ബോ വില്ല!

Leave a Reply

Your email address will not be published. Required fields are marked *